വേനലായാൽ ആദ്യം മനസ്സിലോടി എത്തുന്ന ഫലം തണ്ണിമത്തനാണ്. വേനൽ ചൂടിൽ ആശ്വാസം പകരാൻ ഇതിലും നല്ലൊരു മാർഗ്ഗമുണ്ടാവില്ല. ശരീരത്തിന് ഉന്മേഷം പകരാനും ദാഹമകറ്റാനും ഒപ്പം ധാരാളം പോഷകങ്ങളുമടങ്ങിയതാണ് തണ്ണിമത്തൻ. തണ്ണിമത്തൻ ഇഷ്ടപ്പെടാത്തവർ ആരും തന്നെയുണ്ടാവില്ലെന്ന് ചുരുക്കം.

സാധാരണ നമ്മൾ കണ്ടിട്ടുള്ള തണ്ണിമത്തന് പച്ച നിറത്തിലുള്ള തോലും ഉള്ളിൽ ചുവപ്പ് നിറത്തിലുള്ള കാമ്പുമാണ് ഉണ്ടാവാറുള്ളത്. ചിലപ്പോൾ നിറത്തിലും വലിപ്പത്തിലും ചെറിയൊരു മാറ്റമൊക്കെ വരാം. എന്നാൽ മഞ്ഞ നിറത്തിലുള്ള തണ്ണിമത്തൻ ആരും കണ്ടിട്ടുണ്ടാവില്ല.

സംഭവം കർണാടകയിലാണ്. എ.എൻ.ഐ ന്യൂസ് പുറത്തുവിട്ട വാർത്തയിലാണ് കൽബുർഗിയിലെ കൊരള്ളി ഗ്രാമക്കാരനായ ബസവരാജ് പാട്ടീലെന്ന ചെറുപ്പക്കാരന്റെ കൃഷിയിടത്തിൽ വിളഞ്ഞ മഞ്ഞ തണ്ണിമത്തനുകൾ. പാട്ടീൽ സ്വയം വികസിപ്പിച്ചെടുത്തതാണ് ഇത്. പുറം തോട് സാധാരണപോലെ പച്ച നിറത്തിൽ തന്നെയാണ് എന്നാൽ ഉള്ളിൽ മഞ്ഞ നിറത്തിലാണ് കാമ്പ്.

ചുവപ്പ് നിറമുള്ള തണ്ണീർ മത്തനേക്കാൾ മധുരം കൂടുതലാണ് ഇതിനെന്ന് പാട്ടീൽ പറയുന്നു. 'രണ്ട് ലക്ഷം രൂപ ഞാൻ ഈ കൃഷിയിൽ നിക്ഷേപിച്ചിരുന്നു. മൂന്ന് ലക്ഷത്തിലധികം രൂപ എനിക്ക് ലാഭം ലഭിച്ചു. നമ്മുടെ കൃഷി വിളകളിൽ നമ്മൾ പുതിയ പരീക്ഷണങ്ങൾ നടത്തണം' പാട്ടീൽ പറയുന്നു. വിളകൾ വിൽക്കാൻ വേണ്ടി ബിഗ് ബസാർ പോലെയുള്ള സൂപ്പർ മാർക്കറ്റ് കമ്പനികളുമായി ധാരണയുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് പാട്ടീൽ ഇപ്പോൾ

Content Highlights:Karnataka Farmer Cultivates Yellow Watermelons