സച്ചില്‍ തെണ്ടുല്‍ക്കര്‍ മുതല്‍ സിനിമാ, സാംസ്‌കാരിക മേഖലകളിലെ സെലബ്രിറ്റികള്‍ തങ്ങള്‍ അടുക്കളയില്‍ കയറി പാചകം ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും പതിവായി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. എന്നാല്‍,  പാചകം ചെയ്യുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് ഐ.എ.എസ്. ഉദ്യോഗസ്ഥനും കാണ്‍പുര്‍ കമ്മിഷണറുമായ രാജ് ശേഖര്‍. 

ഒരു ചീനച്ചട്ടിയില്‍ പോഹ തയ്യാറാക്കുന്ന ചിത്രമാണ് രാജ് ശേഖര്‍ പങ്കുവെച്ചത്. എന്നാല്‍, പാചകം ചെയ്യുന്ന ചിത്രത്തിന് വളരെപ്പെട്ടെന്നാണ് ഒരു ഗുരുതരമായ പ്രശ്‌നമുണ്ടെന്ന് സോഷ്യല്‍ മീഡിയ ശ്രദ്ധിച്ചത്. അടുപ്പില്‍ തീ കത്തിക്കാതെയാണ് രാജ് ശേഖര്‍ പാചകം ചെയ്യുന്നതെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാക്കാട്ടുന്നു.

മാത്രമല്ല, കോട്ടിട്ട് പാചകം ചെയ്യുന്ന രാജ് ശേഖറിനെ വിമര്‍ശിച്ചും ധാരാളം പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

സ്യൂട്ട് ധരിച്ചാണോ പാചകം ചെയ്യുന്നതെന്നും ഇതിനിടെ അടുപ്പില്‍ തീ പിടിപ്പിക്കാൻ മറന്നുപോയോ എന്നും ഒരാള്‍ കമന്റ് ചെയ്തു. സ്യൂട്ട് ധരിച്ച് തീയില്ലാതെ പാചകം ചെയ്യുന്നു. നിങ്ങള്‍ക്ക് സഹായം ആവശ്യമുണ്ട്-മറ്റൊരാള്‍ പറഞ്ഞു.

എന്നാല്‍, രാജ് ശേഖറിനെ അനുകൂലിച്ചുകൊണ്ടും പലരും കമന്റ് ചെയ്തു. അടുപ്പിലെ തീ കെടുത്തിയതിന് ശേഷമായിരിക്കും രാജ് ശേഖര്‍ ചിത്രമെടുത്തതെന്നാണ് അവർ പറയുന്നത്.

ദയവായി എനിക്ക് ആശംസകള്‍ നേരൂ... പാചകത്തില്‍ ഭാഗ്യം പരീക്ഷിക്കുകയാണ്. ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രഭാതഭക്ഷണത്തിനായി പോഹ തയ്യാറാക്കുന്നു എന്നാണ് ചിത്രത്തിന് രാജ് ശേഖര്‍ നല്‍കിയ ക്യാപ്ഷന്‍. 

ഉയരുന്ന പാചകവിലയെ പരിഹസിക്കാനുള്ള അവസരമായാണ് രാജ് ശേഖറിന്റെ ട്വീറ്റ് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി ഉപയോഗിച്ചത്. "താങ്ങാനാകാത്ത വിധം പാചകവാതകത്തെ മാറ്റിയ സര്‍ക്കാരിന് പാചകവാതകം ഇല്ലാതെ പാചകം ചെയ്യാന്‍ കഴിയുമെന്ന ശക്തമായ സന്ദേശം നല്‍കിയതിന് നന്ദി. കൂട്ടായ രോഷത്തില്‍ നിന്നാണ് അടുപ്പില്‍നിന്നു പകരം ചൂട് വരുന്നത്"-പ്രിയങ്ക പറഞ്ഞു.

 

Content highlights: Kanpur Commissioner shared cooking photo,