ചിങ്ങമാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച. ദേശീയപാതയില്‍ തലശ്ശേരിക്കും മാഹിക്കും മധ്യേയുള്ള ചക്യത്ത്മുക്ക് കവലയില്‍ പതിവില്‍ കവിഞ്ഞൊരു ജനക്കൂട്ടം. ബസ്സില്‍ വന്നിറങ്ങുന്നവരും സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവരുമായി ആളുകളേറെ. 

ഹിന്ദു- മുസ്ലിം- ക്രിസ്ത്യന്‍ മതവിശ്വാസികള്‍ എല്ലാവരുമുണ്ട് കൂട്ടത്തില്‍. ഇവരുടെയെല്ലാം ലക്ഷ്യകേന്ദ്രം ഒന്നാണ്. കവലയ്ക്ക് വിളിപ്പാടകലെയുള്ള മൊയിലോംകുന്ന് പള്ളി. ജാതി- മത ഭേദമില്ലാതെ ആണ്ടുനേര്‍ച്ച നടക്കുന്ന ഈ സ്ഥലത്തെ സര്‍വമതസാഹോദര്യകേന്ദ്രം എന്ന് വിശേഷിപ്പിക്കാം. 

തലായി കടപ്പുറത്തിന് ഏറെ അകലെയല്ലാതെ ഒരു കൊച്ചു കുന്നിന്‍പുറത്ത് സ്ഥിതിചെയ്യുന്ന മാതൃകാകേന്ദ്രം. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ വിഘടിച്ചു പോകുന്നവര്‍ക്കുള്ള ഈ നാടിന്റെ ഉത്തരമാണ് മൊയിലോംകുന്ന് പള്ളി.

തലശ്ശേരി ചക്യത്തുമുക്ക് റോഡില്‍ നിന്ന് മാറി ചെറിയ കുന്നിന്‍പുറത്താണ് പള്ളി. ഒറ്റമുറിക്കെട്ടിടത്തിലെ മുറിക്കകത്താണ് ഇവിടത്തെ ആരാധനാ സ്ഥലമായ ഖബറിടം. മഖ്ബറയില്‍ വെള്ളത്തുണി പുതപ്പിക്കുകയാണ് പ്രധാന നേര്‍ച്ച. 

ചടങ്ങുകള്‍ തുടങ്ങുന്നത് മൗലീദ് പാരായണത്തോടെയാണ്. തലായി ബാലഗോപാല ക്ഷേത്ര സേവാസംഘം അരയ സമാജത്തിന്റെയും ചക്യത്ത് മുക്ക് മൊയ്തീന്‍ പള്ളിയുടെയും സഹകരണത്തോടെയാണ് ചടങ്ങുകള്‍ നടത്തുന്നത്. 

കടലേറ്റം കഴിഞ്ഞ് കടല്‍ ശാന്തമാകുന്ന സമയത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്നതാണ് ഈ ആരാധന എന്നു പറഞ്ഞു വരുന്നു. 'മയിലാടും കുന്ന്' എന്ന പേര് ലോപിച്ചാണ് 'മൊയിലോംകുന്ന്' ആയതെന്ന് പഴമക്കാര്‍ പറയുന്നു. 

പണ്ടുകാലത്ത് വനത്തിന്റെ പ്രതീതിയുണ്ടായിരുന്ന ഇവിടെ മയിലുകള്‍ പാര്‍ത്തിരുന്നുവത്രെ. മയിലുകള്‍ ആടിയ കുന്ന് അങ്ങനെ 'മയിലാടുംകുന്നാ'യി... തുടര്‍ന്ന് മൊയിലോംകുന്നും. മുത്തവിലിയാന്‍ തങ്ങള്‍ എന്ന പുണ്യപുരുഷന്റെ ഖബറിടമാണിതെന്നാണ് വിശ്വാസം. 

എല്ലാവ്യാഴാഴ്ചയും ഇവിടെ ചന്ദനത്തിരി കത്തിച്ച് നിലവിളക്ക് കൊളുത്തി പ്രാര്‍ഥിക്കുന്നു. മറ്റു വിശ്വാസങ്ങളില്‍ നിന്നൊക്കെ പള്ളിയെ വ്യത്യസ്തമാക്കുന്നതും ഇത്തരമൊരു പ്രാര്‍ഥനാരീതി തന്നെയാണ്. കത്തിച്ചു വെച്ച വിളക്കിലെ എണ്ണ പ്രസാദമായി നല്‍കും. 

വര്‍ഷത്തിലൊരു ദിവസമാണ് പള്ളിയില്‍ ആണ്ടുനേര്‍ച്ച. വെള്ളമുണ്ടും ചന്ദനത്തിരിയുമാണ് വഴിപാട് വസ്തുക്കള്‍. ചിങ്ങമാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച ആയിരക്കണക്കിനു വിശ്വാസികളാണ് ഇവിടെ ഒഴുകിയെത്തുന്നത്. 

ഉദ്ദിഷ്ടകാര്യം നേടാനും കാര്യസാധ്യം നേടിയാലും ഇവിടെ എത്തി ആളുകള്‍ വെള്ളമുണ്ട് ഖബറില്‍ മൂടും. പരിസരവാസികളായ മത്സ്യത്തൊഴിലാളികളെ കടലേറ്റത്തി നിന്ന് കരകയറ്റുന്നത് പള്ളിയിലെ മുത്തവിലിയാണെന്ന് വിശ്വാസികള്‍ കരുതുന്നു. 

മുത്തവിലിയാനേ...എന്ന് നീട്ടിവിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന രക്ഷകനാണിവിടെയെന്നും വിശ്വസിച്ചുപോരുന്നു. മറ്റൊരു പ്രധാന സവിശേഷതയാണ് ആണ്ടുനേര്‍ച്ചാദിനത്തിലെ പ്രസാദം. കുഴച്ച അവിലും കട്ടന്‍കാപ്പിയുമാണ് ഇവിടെയെത്തുന്ന ഭക്തര്‍ക്ക് പ്രസാദമായി നല്‍കുക. 

അവിലും പഞ്ചസാരയും നാളികേരവും കുഴച്ചാണ് പ്രസാദം തയ്യാറാക്കുന്നത്. പ്രസാദനിര്‍മാണത്തില്‍ ഇരുമതവിഭാഗത്തിലും പെട്ട പുരുഷന്മാരും സ്ത്രീകളും സഹകരിക്കും. ഇക്കഴിഞ്ഞ ആണ്ടുനേര്‍ച്ചയ്ക്ക് ചെലവായത് 500 കിലോ അവിലും 180 കിലോ പഞ്ചസാരയും 1800 നാളികേരവും! 

ഇതില്‍ നിന്നു തന്നെ വിശ്വാസികളുടെ ഒഴുക്ക് വ്യക്തം. ഒരു നാടിന്റെ വിശ്വാസപ്രമാണമായി മാറാന്‍ മൊയിലോംകുന്ന് പള്ളിക്ക് ഇനിയെന്തുവേണം. 

Content Highlights: Moilomkunnu Mosque,