ല്ലേശ്വരത്തെ തെരുവില്‍ ഇനി നിലക്കടലയുടെ ഗന്ധം പരക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കര്‍ഷകര്‍ എത്തിയതോടെ നിലക്കടല ഉത്സവം 'കടലക്കായ് പരിഷെ'യ്ക്ക് മല്ലേശ്വരത്ത് തുടക്കമായി.
 
കര്‍ഷകര്‍ വിളയിച്ച നിലക്കടലയുമായി ബെംഗളൂരുവിലെത്തി ആവശ്യക്കാര്‍ക്ക് നേരിട്ട് വില്‍പ്പന നടത്തുന്നതാണ് കടലക്കായ് പരിഷെ. 480 വര്‍ഷത്തോളം പാരമ്പര്യമുള്ളതാണ് കടലക്കായ് പരിഷെ.
 
ബസവനഗുഡിയിലെ തെരുവിലാണ് സാധാരണയായി ഇതു നടത്താറുള്ളതെങ്കിലും ഇത്തവണ മല്ലേശ്വരത്തുകൂടി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നവംബര്‍ 13 മുതലാണ് ബനസവഗുഡിയില്‍ പരിഷെ തുടങ്ങുന്നത്.

ബെംഗളൂരു നഗരത്തിന്റെ ശില്പിയായ കെംപെഗൗഡ 1537-ല്‍ ബനസവഗുഡിയില്‍ ഒരു വിഗ്രഹം സ്ഥാപിച്ചു. പിന്നീട് ചുറ്റുവട്ടത്തുള്ള കര്‍ഷകര്‍ വിളവെടുപ്പിനുശേഷം ഇവിടെ നിലക്കടല വഴിപാടായി സമര്‍പ്പിക്കാന്‍ തുടങ്ങിയതാണ് കടലക്കായ് പരിഷെയുടെ തുടക്കമെന്നാണ് കരുതുന്നത്.
 
ബസവനഗുഡിയിലെ ഗണേശ ക്ഷേത്രത്തിനു സമീപമാണ് ഇന്നും രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം നടക്കുന്നത്. ഇവിടെ എത്തിപ്പെടാനുള്ള പ്രയാസത്തെത്തുടര്‍ന്നാണ് ഇത്തവണ പ്രധാന പരിഷയ്ക്കുമുന്നോടിയായി മല്ലേശ്വരത്തും ഉത്സവം നടത്തുന്നത്.

നഗരത്തിനകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്കിന് ആളുകളാണ് നിലക്കടലവാങ്ങാനും ഉത്സവം കാണാനുമെത്തുന്നത്. പല ഇനത്തില്‍പ്പെട്ട നിലക്കടയ്ക്കുപുറമേ കടലകൊണ്ടുള്ള വൈവിധ്യമാര്‍ന്ന പലഹാരങ്ങളും ഇവിടെ വില്‍പ്പനയ്ക്കുണ്ടാകും.
 
തെരുവില്‍ നിന്നുതന്നെയാണ് ഇവ പാചകം ചെയ്യുന്നത്. വളകള്‍, മാലകള്‍, മരത്തില്‍ കൊത്തിയെടുത്ത കളിപ്പാട്ടങ്ങള്‍ എന്നിവയും ഇവിടെനിന്ന് ലഭിക്കും.
 
ഡിണ്ടിഗല്‍, ഹൊസൂര്‍, ചിറ്റൂര്‍ ഗുഡിബന്ധേ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ കര്‍ഷകരാണ് മല്ലേശ്വരത്തുള്ളത്. കടലക്കായ് പരിഷയോടുബന്ധിച്ച് വിവിധ കലാപരിപാടികളും വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും.