നീല്‍ ആംസ്‌ട്രോങ് 1969 ല്‍ ചന്ദ്രനില്‍ കാലുകുത്തിയ അതേ ദിനത്തിന്റെ ഓര്‍മയിലാണ് ജൂലൈ 20 ന്  ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും സംഘവും ബഹിരാകാശത്തേക്ക് കുതിച്ചത്. ബ്ലൂ ഒറിജിന്‍ എന്ന വാഹനത്തില്‍ പത്ത് മിനിട്ട് യാത്ര പൂര്‍ത്തിയാക്കി അവര്‍ തിരിച്ചെത്തിയപ്പോള്‍ പേടകത്തിനുള്ളില്‍ നിന്നുള്ള വീഡിയോയും വൈറലായി കഴിഞ്ഞിരുന്നു. ശാസ്ത്രത്തില്‍ താല്‍പര്യമുള്ളവര്‍ മാത്രമല്ല മധുരപ്രിയരും ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു, കാരണമെന്തെന്നോ?   

ഭൂമിയ്ക്ക് പുറത്ത് സീറോ ഗ്രാവിറ്റി ആസ്വദിക്കാനായി സീറ്റ് ബെല്‍റ്റുകളഴിച്ച് സന്തോഷം പ്രകടിപ്പിക്കുന്ന സഞ്ചാരികളെയാണ് വീഡിയോയില്‍ കാണുക. ഇതിനിടെയാണ് ആര്‍ക്ക് വേണം സ്‌കിറ്റില്‍ എന്ന ചോദ്യത്തോടെ ജെഫ് ബെസോസ് ഒരു മിഠായി ഉയര്‍ത്തി കാണിക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് വായുവിലൂടെ ഇത് സഹയാത്രികരുടെ അടുത്തേക്ക് എറിയുന്നതും വീഡിയോയിലുണ്ട്. ഡെയ്മണ്‍ എന്ന് സഹസഞ്ചാരി വായുവില്‍ തലകുത്തി മറിഞ്ഞ് കൃത്യമായി മിഠായി വായിലാക്കുന്നതും കാണാം. 

“Who wants a Skittle?” എന്ന ക്യാപ്ഷനോടെയാണ് വീഡിയോയുടെ ഭാഗം യാത്രയൊരുക്കിയ സിസ്പാന്‍ പങ്കുവയ്ക്കുന്നത്. സ്‌കിറ്റില്‍സ് മിഠായി കമ്പനിക്കാര്‍ ബ്ലൂ ഒറിജിനും ജെഫ് ബെസോസിനും നന്ദി പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. ജെംസ് പോലെ പലനിറത്തിലുള്ള ചോക്ലേറ്റ് മിഠായികളാണ് സ്‌കിറ്റില്‍സ്. വീഡിയോ വൈറലായതോടെ മിഠായിയും മധുരപ്രിയര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

Content Highlights: Jeff Bezos Offering Skittles Candy While Floating in Space