ജാപ്പനീസ് ചിത്രകാരനായ തക്കഹിരോ ഷിബാത്തയുടെ കണ്ണടയില്‍ നീരാവി പറ്റിപിടിക്കുന്നു. അതും മാസ്‌ക് ധരിക്കുമ്പോള്‍. ഇതിലെന്താണ് വലിയ കാര്യം എന്നാണോ, കണ്ണടവയ്ക്കുന്ന എല്ലാവരും മാസ്‌ക് ധരിക്കുമ്പോള്‍ ഈ പ്രശ്‌നം നേരിടുന്നുണ്ട്. കണ്ണടയ്ക്ക് വണ്ടികളുടേത് പോലെ വൈപ്പര്‍ വയ്‌ക്കേണ്ടി വരുമെന്ന തമാശയും പലരും പറയാറുമുണ്ട്. എന്നാല്‍ ഷിബാത്ത ഈ പ്രശ്‌നത്തെ തന്റെ വ്യത്യസ്തമായ കരവിരുതുകൊണ്ട് തമാശയാക്കുകയാണ് ചെയ്തത്. 

ഷിബാത്തയുടെ മാസ്‌ക് ത്രീഡിയാണ്. അതും ഒരു പാത്രത്തില്‍ നല്ല ചൂട് ന്യൂഡില്‍സ് വിളമ്പിയതിന്റെ ചിത്രം. കാണുന്നവര്‍ക്ക് തോന്നുക മുഖത്ത് ഒരു ന്യൂഡില്‍ സൂപ്പ് ബൗള്‍ വച്ചതുപോലെയാണ്. മാസ്‌ക് ധരിക്കുമ്പോള്‍ സ്വഭാവികമായും കണ്ണടയില്‍ നീരാവി പതിയും. ചൂട് ന്യൂഡില്‍ സൂപ്പിന്റെ നീരാവി കണ്ണടയില്‍ പതിഞ്ഞതാണെന്നാണ് ഷിബാത്ത തമാശയ്ക്ക് ഇതിനെ വിശേഷിപ്പിച്ചത്. 

food

ഷിബാത്ത ഒരു ആനിമേറ്റര്‍ കൂടിയാണ്. കൊറോണക്കാലം ആരംഭിച്ചതുമുതല്‍ ധാരാളം പേര്‍ കണ്ണടയും മാസ്‌കും ഒന്നിച്ച് ഉപയോഗിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ പറയുന്നത് താന്‍ കേട്ടിരുന്നെന്നും, അതിനെ ഒന്ന് തമാശരൂപത്തിലാക്കാന്‍ ശ്രമിച്ചതാണ് ഈ മാസ്‌കിലൂടെയെന്നുമാണ് ഷിബാത്തയുടെ ഭാഷ്യം. 

കമ്പിളിയും കളിമണ്ണും ചേര്‍ത്താണ് ഈ ത്രീഡിമാസ്‌കിന്റെ നിര്‍മാണം. അതുകൊണ്ട് ദിവസവും ഉപയോഗിക്കാന്‍ പറ്റുന്നതല്ല. കാണുന്ന ആളുകളെ ഒന്നു സന്തോഷിപ്പിക്കുക മാത്രമാണ് മാസ്‌കിന്റെ ലക്ഷ്യം.

Content Highlights: Japanese artist comes up with 3D ‘noodles face mask