കുറുപ്പംപടി: അശമന്നൂരിലെ നാട്ടുകാഴ്ചകളില്‍ മുഖ്യയിനമായിരിക്കുകയാണ് ചക്ക. ചക്കയുപ്പേരിയുണ്ടാക്കുന്ന തിരക്കിലാണ് തൊഴിലാളികുടുംബങ്ങള്‍. അശമന്നൂരില്‍ ഒരുഡസനോളം ചക്കയുപ്പേരി നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. നാട്ടിലെ നൂറിലധികം കുടുംബങ്ങളാണ് ചക്ക ഉപ്പേരി ഉണ്ടാക്കുന്നതിലൂടെ ജീവിതമാര്‍ഗം കണ്ടെത്തുന്നത്.

നാട്ടിലും സമീപജില്ലകളില്‍ നിന്നും വന്‍തോതില്‍ ശേഖരിക്കുന്ന ചക്ക, അശമന്നൂരിലെ വീടുകളില്‍ ചുറ്റിത്തിരിഞ്ഞ് ഉപ്പേരിയായി വിപണിയിലെത്തുന്നു. ഇടുക്കിയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമാണ് ഇവിടെ കൂടുതലും ചക്കയെത്തുന്നത്.

ചക്കപൊളിച്ച് ചുളയാക്കുന്നതും ഉപ്പേരിക്കാവശ്യമായ പരുവത്തില്‍ അരിഞ്ഞെടുക്കുന്നതും വെവ്വേറെ വീടുകളിലാണ്. ചുളയാക്കിയ ചക്ക ഉപ്പേരിക്കാവശ്യമായ വലിപ്പത്തില്‍ അരിഞ്ഞുനല്‍കിയാല്‍ കുട്ടയൊന്നിന് 50 രൂപ മുതല്‍ 80 രൂപ വരെയാണ് കൂലി. ഒരാള്‍ക്ക് ദിവസം നൂറുരൂപയുടെ പണിചെയ്യാന്‍ പറ്റുമെന്ന് പനിച്ചയം ആറുകണ്ടത്തില്‍ വീട്ടില്‍ ചെല്ലപ്പന്‍ പറഞ്ഞു.

വീടിന്റെ ഉമ്മറത്തിരുന്ന് ചക്കച്ചുള ഒരുക്കുന്ന തിരക്കിലാണ് ചെല്ലപ്പനും കുടുംബാംഗങ്ങളും. വൈകുന്നേരമാകുമ്പോഴേക്കും ഉപ്പേരി നിര്‍മാണ യൂണിറ്റുകളില്‍ നിന്ന് വാഹനമെത്തി അരിഞ്ഞ ചക്ക കൊണ്ടുപോകും.

അശമന്നൂര്‍, പനിച്ചയം, മേതല, ഓടയ്ക്കാലി എന്നിങ്ങനെ പഞ്ചായത്തിലെ മിക്കവാറും കേന്ദ്രങ്ങളില്‍ കുടുംബങ്ങള്‍ ഈ ജോലി ചെയ്യുന്നുണ്ട്. നാല്, അഞ്ച് മാസത്തോളം പണിയുണ്ടാകുമെന്ന് ഇവര്‍ പറയുന്നു. അത്യാവശ്യം വീട്ടാവശ്യത്തിന് ചക്കയെടുക്കാമെന്നതും സൗകര്യമാണ്.

പശുവളര്‍ത്തല്‍ ഉള്ളവര്‍ക്ക് ചക്കയുടെ മടലും മറ്റ് അവശിഷ്ടങ്ങളും ഉപയോഗപ്പെടും. ചക്കക്കുരു പുഴുങ്ങിപ്പൊടിച്ച് കാലിത്തീറ്റയുണ്ടാക്കുന്നവരുമുണ്ട്. മഴക്കാലത്ത് പുറംപണികള്‍ കുറയുന്ന അവസരത്തില്‍ 'ചക്കപ്പണി' ആശ്വാസമാണെന്നാണ് തൊഴിലാളികളുടെ പക്ഷം.

കേരളത്തിലുടനീളം ഇവിടെ നിന്ന് ചക്കയുപ്പേരി കയറിപ്പോകുന്നുണ്ട്. അശമന്നൂര്‍ സ്വദേശികളായ ഏതാനും പേര്‍ തിരുവനന്തപുരം ജില്ലയിലെ കളിയിക്കാവിളയിലും മറ്റും വന്‍തോതില്‍ ചക്കയുപ്പേരി നിര്‍മാണ യൂണിറ്റ് നടത്തുന്നുണ്ട്. തമിഴ്നാട് അതിര്‍ത്തിഗ്രാമങ്ങളിലെ തൊഴിലാളി ലഭ്യതയാണ് ഇതിന് കാരണമായി പറയുന്നത്.

 

jackfruit chips unit ashamnoour