പ്രഭാത ഭക്ഷണം രാജാവിനെപ്പോലെ കഴിക്കണമെന്നാണ്. എന്നാല്‍ പലപ്പോഴും ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ സമയം കിട്ടാത്തവര്‍ ഒരു നേന്ത്രപ്പഴമെടുത്ത് ബാഗിലിട്ട് ഓഫീസിലേക്ക് ഓടാറുണ്ട്. ഓഫീസില്‍ എത്തിയശേഷം അത് കഴിക്കുന്നതോടെ തീരുന്നു അന്നത്തെ ബ്രേക്ക്ഫാസ്റ്റ്.
എളുപ്പത്തില്‍ കഴിക്കാമെന്നൊരു ഗുണമാണ് നേന്ത്രപ്പഴത്തിനുള്ളത്. ഹൃദയാരോഗ്യത്തിന് നല്ലതാണ്, ശരീരത്തിന്റെ ക്ഷീണം കുറയ്ക്കും, രക്തസമ്മര്‍ദം ക്രമീകരിക്കും, വിഷാദം, മലബന്ധം, നെഞ്ചെരിച്ചില്‍, അള്‍സര്‍ പ്രശ്‌നങ്ങള്‍ എന്നിവ കുറയ്ക്കും, ശരീരത്തിന് നല്ലൊരു തണുപ്പ് നല്‍കും എന്നിവയൊക്കെയാണ് നേന്ത്രപ്പഴത്തിന്റെ ഗുണങ്ങളായി കണക്കാക്കുന്നത്.
പോഷകങ്ങള്‍ ധാരാളം
പൊട്ടാസ്യം, നാരുകള്‍, മഗ്നേഷ്യം, ഇരുമ്പ്, ട്രിപ്‌റ്റോഫാന്‍, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ ബി തുടങ്ങിയവയുടെ മികച്ച ഒരു സ്രോതസ്സാണ് നേന്ത്രപ്പഴം. ഒപ്പം ധാരാളം ജലാംശവും അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ഊര്‍ജം നല്‍കുന്നു. വിശപ്പ് കുറയ്ക്കുന്നു. എല്ലാ ദിവസവും ഒരു നേന്ത്രപ്പഴം വീതം കഴിക്കുന്നത് നല്ലതാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
എന്നാല്‍ പൊട്ടാസ്യം, നാരുകള്‍, മഗ്നേഷ്യം തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ നേന്ത്രപ്പഴം വെറുംവയറ്റില്‍ കഴിക്കരുതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതിന് ചില കാരണങ്ങളുണ്ട്.
നേന്ത്രപ്പഴത്തില്‍ ഉയര്‍ന്ന നിലയില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക ഷുഗര്‍ ശരീരത്തിന് പെട്ടെന്ന് ഊര്‍ജം നല്‍കുമെങ്കിലും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തീര്‍ന്നുപോകും. മാത്രമല്ല, നേന്ത്രപ്പഴം വെറുംവയറ്റില്‍ കഴിക്കുന്നത് താത്ക്കാലികമായി വയറുനിറയ്ക്കാന്‍ സഹായിക്കുമെങ്കിലും ഉറക്കംവരാനും ക്ഷീണം വരാനും വഴിയൊരുക്കുന്നതാണ്. മറ്റൊന്ന് കൂടിയുണ്ട്. നേന്ത്രപ്പഴത്തിന് അസിഡിക് സ്വഭാവമാണുള്ളത്. അതിനാല്‍ ഇത് വെറുംവയറ്റില്‍ കഴിച്ചാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
ആപ്പിള്‍, ഡ്രൈ ഫ്രൂട്ട്‌സ്, മറ്റ് പലതരം ഫ്രൂട്ട്‌സ് എന്നിവയ്‌ക്കൊപ്പം ഇവ ചേര്‍ത്തുകഴിക്കുന്നതാണ് ഇത്തരം അസിഡിക് പ്രശ്‌നങ്ങള്‍ അകറ്റാനുള്ള വഴി. മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം നേന്ത്രപ്പഴവും കൂടി കഴിക്കുന്നതാണ് ഏറ്റവും മികച്ചമാര്‍ഗം. നേന്ത്രപ്പഴം മാത്രമല്ല ഏതൊരു തരം പഴങ്ങളും അതിരാവിലെയോ വെറുംവയറ്റിലോ കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് ആയുര്‍വേദവും അഭിപ്രായപ്പെടുന്നത്.
Content Highlights: Is it good to eat bananas on an empty stomach, Food, Health