പുതുവര്‍ഷം പിറക്കുമ്പോള്‍ മിക്കവരും ആ വര്‍ഷത്തില്‍ ചെയ്തു തീര്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ പട്ടിക തയ്യാറാക്കാറുണ്ട്. അവ പൂര്‍ണമായും പാലിക്കാന്‍ കഴിയില്ലെങ്കിലും കുറെയേറെ പൂര്‍ണമാക്കാന്‍ മിക്കവരും ശ്രമിക്കാറുണ്ട്. 

ഇപ്പോഴിതാ ബോളിവുഡ് നടന്‍ ആമിർ ഖാന്റെ മകള്‍ ഇറ പുതുവര്‍ഷത്തില്‍ താന്‍ ലക്ഷ്യം നേടാന്‍ ആഗ്രഹിക്കുന്ന കാര്യത്തെക്കുറിച്ച് തുറന്നുപറയുകയാണ്. 2022-ല്‍ തന്റെ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധാലുവാകുമെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ ഇറ പറഞ്ഞു. ഈ വര്‍ഷം തന്റെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമെന്നും ഒപ്പം ലക്ഷ്യം കൈവരിക്കാന്‍ താന്‍ നടത്തുന്ന ശ്രമങ്ങള്‍ ഏതെല്ലാമായിരിക്കുമെന്നും ഇറ വിവരിച്ചു. 

ശരീരഭാരം കുറയ്ക്കുന്നതിനു തനിക്കുലഭിച്ച പ്രചോദനത്തെക്കുറിച്ചാണ് കുറിപ്പ് തുടങ്ങുന്നത്. ശരീരഭാരം കുറയ്ക്കുന്നതിന്റെ തുടക്കത്തിന്റെ ഭാഗമായി 15 ദിവസം ഉപവസിച്ചു. ഇതുവരെയുള്ള ജീവിതത്തിലെ അധികകാലവും വളരെ സജീവമായ ഒരാളായിരുന്നു ഞാന്‍. എന്നാല്‍, കഴിഞ്ഞ നാല്-അഞ്ച് വര്‍ഷമായി വളരെ അലസയായിരുന്നു ഞാന്‍. ഇതിന്റെ ഫലമായി ശരീരഭാരം 20 കിലോഗ്രാം ആണ് വര്‍ധിച്ചത്-ഇറ പറഞ്ഞു.

ഉപവാസം കൊണ്ട് ശരീരഭാരത്തില്‍ വലിയ മാറ്റങ്ങളൊന്നും വരുത്താന്‍ കഴിഞ്ഞില്ലെങ്കിലും കൂടുതല്‍ നന്നായി പരിശ്രമിക്കാനുള്ള പ്രചോദനമായിരുന്നു അത്. ഒരു താളം കണ്ടെത്താന്‍ കഴിഞ്ഞു. ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ എന്നാല്‍ കഴിയാവുന്നതെല്ലാം ചെയ്യുന്നു-ഇറ വ്യക്തമാക്കി.

ജര്‍മന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബവഷിന്‍ഗര്‍ വെല്‍ഹെല്‍മി പ്രോഗ്രാം എന്ന ക്ലിനിക്കിന്റെ ഭാഗമായാണ് ഇറ ശരീരഭാരം കുറയ്ക്കുന്നതെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ടു ചെയ്തു. ധാരാളം വെള്ളം കുടിക്കുന്നതിന് പുറമെ ജൈവരീതിയില്‍ തയ്യാറാക്കിയ ഹെര്‍ബല്‍ ടീ, പച്ചക്കറികള്‍, പഴച്ചാറുകള്‍ എന്നിവയാണ് ഡയറ്റിന്റെ ഭാഗമായി കഴിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ira Khan (@khan.ira)

Content highlights: ira khan reveals weight loss goals for new year, health tips, weight loss tips