പൊന്നിനേക്കാള്‍ വിലയുള്ള നാവ് - അതാണ് ടീ ടേസ്റ്റര്‍മാരുടെ കൈമുതല്‍. അത് ഒരു യൂണിവേഴ്‌സിറ്റിയിലും പഠിച്ചുണ്ടാക്കുന്നതല്ല, പകരം ഓരോരോ തേയിലത്തോട്ടങ്ങളില്‍ ചെന്ന് , അവിടുത്തെ മണ്ണും മനസ്സും കാലാവസ്ഥയും തുചിച്ചറിഞ്ഞ് സ്വയം പരിശീലിപ്പിച്ചെടുക്കുന്നതാണ്. ആ നാവ് സംരക്ഷിക്കാന്‍ ഞങ്ങള്‍ ജീവന്‍ തന്നെ നല്‍കുന്നു - മൂന്ന് പതിറ്റാണ്ട് കാലമായി രാജ്യത്തിനകത്തും പുറത്തും കഴിവു തെളിയിച്ച ഇന്ത്യയിലെ മികച്ച ടീ ടേസ്റ്റര്‍മാരിലൊരാളായ മോഹന്‍കുമാര്‍ രാമകൃഷ്ണന്‍ പറയുന്നു. തേയില രുചിയ്ക്കുമ്പോള്‍ ഉണരുന്നത് ഒരു തരം പ്രാക്തന ബോധമാണ്. അതില്‍ നമുക്ക് കാറ്റും മഴയും മണ്ണും അതില്‍ പണിയെടുത്ത മനസ്സുകളെയും അറിയാം. അതാണ് ചായയുടെ രുചി. ഓരോന്ന് പിഴച്ചാലും നാവറിയും. അതനുസരിച്ച് ചായയുടെ വിലയും മാറിമറയും. ഇപ്പോഴും പ്രായോഗികമായി പഠിച്ചു രചിച്ചു കയറുക എന്നല്ലാതെ വേറെ വഴിയൊന്നുമില്ല ടീ ടേസ്റ്റര്‍മാര്‍ക്ക്. മുന്‍ഗാമികള്‍ വഴികാട്ടികളാകുന്നു. നാവിന്റെ രുചി തിരിച്ചറിയാനുള്ള കഴിവുകള്‍  കണ്ടെത്തുവാന്‍ സഹായിക്കുന്നു. രുചിച്ചറിയലാണ് അത് , മറ്റൊന്നുമല്ല. രുചിയറിവ്  എന്നു പറയാം. 

ലോകത്തിലെ ഏറ്റവും വലിയ തേയില വ്യാപാര കമ്പനിയായ ജെ.തോമസ് ആന്റ് കമ്പനിയില്‍ ടീ ടേസ്റ്ററായിരുന്ന പി.സി. രാമകൃഷ്ണന്റെ പാത പിന്‍തുടര്‍ന്നാണ് മകന്‍ മോഹന്‍കുമാറും 1991 ല്‍  ടീ ടേസ്റ്റിങ്ങ് തന്റെ പ്രൊഫഷനായി തിരഞ്ഞെടുത്തത്. ചെന്നൈ ലയോള കോളേജിലെ പഠനത്തിന് ശേഷം അച്ഛനോടൊപ്പം ജെ.തോമസ് കമ്പനിയില്‍ ചേര്‍ന്ന് മോഹന്‍ കൊച്ചി, കൊല്‍ക്കത്ത, ഗോഹട്ടി തുടങ്ങിയ സെന്ററുകളില്‍ കേന്ദ്രീകരിച്ച് ഇന്ത്യയിലെ ഒട്ടുമിക്ക തേയിലത്തോട്ടങ്ങളുമായും നേരിട്ട് ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചു പോന്നത് .

ഡാര്‍ജിലിങ്ങ് ചായയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ചായ . മണ്ണ്, കാലാവസ്ഥ , തോട്ടങ്ങളുടെ ഉയരം , മഴ, പറിച്ചെടുക്കുന്ന സമയം, കൈകാര്യം  ചെയ്യുന്ന വിധം - ഇക്കൊക്കെ ചായയുടെ രുചിയെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ്. ഒരു കിലോ ഡാര്‍ജിലിങ് ചായക്ക് 2000 മുതല്‍ 13,000 രൂപ വരെ വില വരും. ജപ്പാന്‍ ,ജര്‍മ്മനി എന്നിവിടങ്ങളിലേക്ക് കയറ്റിയയച്ചു പോകും. കിലോ 200 രൂപ മുതല്‍ 300 രൂപ വരെ വില വരുന്നതാണ് സാധാരണ ചായ .കിലോക്ക് 100-130  രൂപ വിലവരുന്നതാണ് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ സാധാരണക്കാരിലേക്കെത്തുന്ന ചായക്ക് കിട്ടുന്നത്.   ആസ്സാം , പഞ്ചിമ ബoഗാള്‍ സംസ്ഥാനങള്‍ രാജ്യത്തെ മൊത്തം തേയിലയുടെ മുന്നില്‍ രണ്ട് ഉല്പാദിപ്പിക്കുമ്പോള്‍ തമിഴ്‌നാട്, കേരളം , കര്‍ണ്ണാടക എന്നിവരുടെതാണ് ബാക്കി പങ്ക്. 

1861 ല്‍  കൊല്‍ക്കത്ത കേന്ദ്രീകരിച്ച്  ബ്രിട്ടീഷ് ഇന്ത്യയില്‍ തേയില വ്യാപാരത്തിന് അടിത്തറയിട്ട ജെ. തോമസ് കമ്പനി  ഇപ്പോള്‍ ടീ ടേസ്റ്റിങ്ങില്‍ സ്വന്തമായി കോഴ്‌സ് നടത്തുന്നുണ്ട്. നാലാഴ്ച നീണ്ടു നില്‍ക്കുന്ന കോഴ്‌സിന് ഒരു ലക്ഷം രൂപയാണ് ഫീസ് ഈടാക്കുന്നത്.  കോഴിക്കോട്ട് കൊയിലാണ്ടി സ്വദേശിയായ മോഹന്‍കുമാര്‍ 2003 മുതല്‍ കൊച്ചിയില്‍  യു.കെ. യിലെ ഗ്ലോബല്‍ ടീ ആന്റ് കമോഡിറ്റീസിന്റെ സബ്‌സിഡയറിയായ ബ്ലൂ മൌണ്ടന്‍ ടീ ആന്റ് കമോഡിറ്റീസിന്റെ മാര്‍ക്കറ്റിങ് വിഭാഗത്തിലാണ്  ജോലി ചെയ്യുന്നത് . പണ്ട് ഇന്ത്യയിലെ വന്‍കിട ടീ ഓക് ഷന്‍ ഹാളുകള്‍ കേന്ദ്രീകരിച്ച് നടന്നിരുന്ന തേയില വ്യാപാരം ഇപ്പോള്‍ മിക്കവാറും ഓണ്‍ലൈനിലാണ് നടക്കുന്നത്. 

കോഴിക്കോട്ടെ വലിയങ്ങാടിയിലെ തേയില വ്യാപാരികള്‍ തേയില കൈ കൊണ്ട് പൊടിച്ച് മണത്തും അത് ചായയുണ്ടാക്കി കുടിച്ചും ഗുണനിലവാരം നിര്‍ണ്ണയിക്കാന്‍ കഴിവുള്ളവരാണെന്ന് മോഹന്‍കുമാര്‍ പറയുന്നു. കെനിയക്കാരാണ് നമ്മുടെ ചായ ഏറ്റവും കൂടുതല്‍ വാങ്ങുന്നത്. കെനിയന്‍ ചായക്ക് വില കൂടുതലാണ്. അവര്‍ നമ്മുടെ ചായ ഇറക്കുമതി ചെയ്ത് അവിടുത്തെ ചായയുമായി ബ്ലെന്റ് ചെയ്ത് ആഗോള മാര്‍ക്കറ്റിലേക്കെത്തിക്കുന്നു.  പല തരം ചായകളുടെ ബ്ലെന്റിങ്ങ് ഒരു രുചികല തന്നെയാണ്. ഇപ്പോള്‍ ആഗോള കമ്പോളത്തില്‍ വളര്‍ന്നു വരുന്ന രുചിഭേതങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ച്  വാനില, തുളസി, ലെമണ്‍ , ജിഞ്ചര്‍ തുടങ്ങി നിരവധി ഗ്രീന്‍ ടീകളും ഹെര്‍ബല്‍ ടീകളും വിപണിയിലെത്തുന്നു. ചായ അനന്തമായ രുചി ഭേദങ്ങള്‍ നിര്‍മ്മിക്കാവുന്ന ഒരു ഉല്പന്നമാണ്. ഓരോ പരീക്ഷണവും അതിനെ രുചിയുടെ പുതിയ ഭൂഖണ്ഡങ്ങളിലേക്കെത്തിക്കുന്നു.  കോവിഡ് കാലം സൃഷ്ടിച്ച പ്രതിസന്ധി ഉടന്‍ നീങ്ങും എന്ന് തന്നെ കരുതാം. കാരണം ലോകത്തെ  ചായ പ്രേമികളുടെ  പുതിയ രുചികളോടുള്ള അഭിനിവേശങ്ങള്‍ക്ക് അറ്റമില്ല . അതു തന്നെയാണ് ചായ വ്യവസായത്തിന്റെ പ്രത്യാശയും - മോഹന്‍ കുമാര്‍ പറയുന്നു.

ചായകുടിക്കുമ്പോള്‍ ഓര്‍ക്കാം, ഇന്ന് ലോക ചായ ദിനം

 ചായയില്‍ ദിവസം തുടങ്ങുന്നവരാണ് മലയാളികള്‍ . കോവിഡ് കാലത്ത് പ്രതികൂല സാഹചര്യങ്ങളില്‍  തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന ആയിരങ്ങളെ നമുക്കിന്ന്  ഓര്‍ക്കാം. ആദരിക്കാം. അവരുടെ അധ്വാനമാണ് ചായക്കോപ്പകളില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന  രുചിയായി മാറുന്നത്. ഇന്ന് ലോകം  അന്താരാഷ്ട്ര ചായ ദിനം ആചരിക്കുമ്പോള്‍ അത് ലക്ഷ്യമിടുന്നതും ഈ ഓര്‍മ്മപ്പെടുത്തലാണ്  . ഇപ്പോഴും തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതവും ആരോഗ്യനിലവാരവും സാമൂഹിക സുരക്ഷയും മറ്റ് മേഖലകളിലെന്നപോലെ ഉയര്‍ന്ന നിലവാരത്തിലേക്കെത്തിയിട്ടില്ല. അവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശാന്‍ വേണ്ടിക്കൂടിയാണ് ചായദിനാചരണം.

2005 മുതല്‍ സിസംബര്‍ 15ന്  ഐക്യരാഷ്ടസഭയുടെ ആഹ്വാനമനുസരിച്ച് ലോകം ചായ ദിനം ആചരിച്ചു വരുന്നുണ്ടെങ്കിലും 2019 മുതല്‍ അത് മെയ് 21 ആയി മാറ്റി നിശ്ചയിക്കുകയാണുണ്ടായത്. മെയ് മാസമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ തേയില ഉല്പാദിപ്പിക്കുന്ന രാഷ്ടങളായ ഇന്ത്യ, ശ്രീലങ്ക, വിയറ്റ്‌നാം നേപ്പാള്‍ എന്നിവിടങ്ങളില്‍ പ്രധാന സീസണ്‍. 

മനുഷ്യരില്‍ ജൈവപ്രതിരോധം വളര്‍ത്തിയെടുക്കുന്നതില്‍ ചായ കുടിക്ക്  നിര്‍ണ്ണായക പങ്കു വഹിക്കുന്നുവെന്നാണ് വിദഗ്ദ നിരീക്ഷണം. ഗ്രീന്‍ ടീ യുടെ ഗുണമേന്മ അര്‍ബുദ പ്രതിരോധത്തിലും ഗവേഷണത്തിലും  ലോകവ്യാപകമായിത്തന്നെ പരിഗണിക്കപ്പെടുന്നു. കോവിഡ് പോരാട്ടത്തിലും മനുഷ്യരിലെ ജൈവപ്രതിരോധം വളര്‍ത്തിയെടുക്കാന്‍ ഗ്രീന്‍ ടീ യ്ക്ക് കഴിയും എന്നാണ് ചായ പ്രേമികളുടെ ഉറച്ച വിശ്വാസം. 

55 ലക്ഷം കിലോ തേയില ഒരു മാസം മലയാളികള്‍ ഉപയോഗിക്കുന്നതായാണ് കരുതപ്പെടുന്നത്. 135 കോടി കിലോ തേയില പ്രതിവര്‍ഷം ഉല്പാദിപ്പിക്കുന്നുണ്ട്. 600 കോടി കിലോയാണ് ലോകത്തിന്റെ ഓഹരി . ലോകത്ത് ഒന്നാം സ്ഥാനത്തുള്ള ചീന 240 കോടി കിലോ തേയിലയാണ് ഉല്പാദിപ്പിക്കുന്നത്. വെള്ളം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കുടിയ്ക്കുന്നത് ചായയാണെന്നത് തന്നെ തേയിലയുടെ ആഗോള പ്രാധാന്യം ഓര്‍പ്പിപ്പിക്കുന്നു. വിദൂരങ്ങളില്‍ പണിയെടുക്കുന്ന തേയിലത്തൊഴിലാളിയെക്കൂടി നാം ചായ കുടിക്കുമ്പോള്‍ ഓര്‍ക്കേണ്ടതുണ്ട് എന്ന സന്ദേശം ഈ ദിവസം അടിവരയിടുന്നുണ്ട്. 

Content Highlights: International Tea Day 2020