ഹാരാഷ്ടരയിലെ നാഗ്പൂരില്‍ ഡോളിയുടെ ചായക്കട തിരക്കി എത്തുന്നവരില്‍ അധികവും യുവാക്കളാണ്. കാരണം വേറൊന്നുമല്ല  ചായയടിയുടെ സ്‌റ്റൈല്‍ തന്നെയാണ്. നല്ല ഒന്നാന്തരം ചായയോടൊപ്പം രജനീകാന്ത് സ്‌റ്റൈല്‍ പെര്‍ഫോമന്‍സുമുണ്ട് ഡോളിയുടെ കൈയില്‍. ഇയാള്‍ ദക്ഷിണേന്ത്യന്‍ സിനിമകളുടെ ആരാധകനാണ്. ഏറെ ഇഷ്ടം രജനീകാന്തിനെ. അദ്ദേഹത്തില്‍ നിന്ന് കടമെടുത്തതാണ് ഈ 'സ്‌റ്റൈല്‍' എന്ന് ഡോളി തന്നെ പറയുന്നു.

ഫെയ്‌സ്ബുക്കില്‍ സ്ട്രീറ്റ് ഫുഡ് റെസിപ്പീസ് എന്ന പേജിലാണ് ഡോളിയുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതോടെ വൈറലാകുകയും ചെയ്തു. 

ഡോളി ചായ ഉണ്ടാക്കുന്നും നല്‍കുന്നതുമാണ് ഏറ്റവും രസകരം.  വളരെ ഉയരത്തില്‍ നിന്ന് ചായപാത്രത്തിലേക്ക് പാല്‍ ഒഴിക്കുന്നതും ഒരു തുള്ളി പോലും പുറത്തു പോകാതെ കയ്യടക്കത്തോടെ അതിവേഗം ഗ്ലാസ്സുകളിലേക്ക് പകരുന്നതും എല്ലാം ചായകുടിക്കാനെത്തുന്നവരെ അതിശയിപ്പിക്കും. ഇത് മാത്രമല്ല കാശ് നല്‍കാനും ബാക്കി വാങ്ങാനും സിഗരറ്റിന് തീകൊളുത്താനുമൊക്കെ ഉണ്ട് ഈ സ്റ്റൈല്‍. ഇരുപത് വര്‍ഷമായി ഡോളി ഇവിടെ ചായക്കട നടത്തുന്നു. യുവാക്കള്‍ക്കിടയിലെ ഹരമാണ് ഡോളിയുടെ ലുക്ക്.

കൈകളിലണിഞ്ഞ ബാന്‍ഡുകളും മോതിരവും കളര്‍ ചെയ്ത നീണ്ട കോലന്‍ മുടിയും നീണ്ട് മെലിഞ്ഞ രൂപവും ചായക്കടയിലെ അഭ്യാസവുമെല്ലാമായി 'ഇന്ത്യന്‍ ജാക് സ്പാരോ' എന്ന ഓമനപ്പേരും നാട്ടുകാര്‍ ഡോളിക്ക് നല്‍കിയിട്ടുണ്ട്. 

രാവിലെ ആറ് മണിക്കാണ്  കടതുറക്കുക.  രാത്രി ഒന്‍പത് മണിക്ക് അടക്കും. ചായക്ക് ഏഴ് രൂപയേ  ഈടാക്കുന്നുള്ളു. ആദ്യമായി കടയില്‍ വരുന്നവര്‍ക്ക് കുരുമുളക് ചായ സൗജന്യവുമാണ്.

Content Highlights: inspiration from South Indian star Rajinikanth, tea-seller in Nagpur serves tea with unique trick