രോഗ്യത്തിന് ഏറെ നല്ലതെന്ന്  പേരുകേട്ട കരിക്കിന്‍ വെള്ളം ലോകമെമ്പാടും വേനല്‍ക്കാലത്തെ പ്രിയപ്പെട്ട പാനീയങ്ങളില്‍ ഒന്നാണ്. അവശ്യ വിറ്റാമിനുകളും ധാതുക്കളും കരിക്കില്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ കോവിഡ് മഹാമാരിയ്ക്കിടെ കരിക്കിന്‍ വെള്ളത്തിന് ആവശ്യക്കാര്‍ ഏറെയാണ്.

സ്വന്തമായി തെങ്ങില്ലെങ്കില്‍ ശുദ്ധമായ കരിക്കിന്‍ വെള്ളം എവിടെ നിന്ന് കിട്ടുമെന്നാണ് ചോദ്യം. പലരും പായ്ക്ക് ചെയ്ത് വരുന്ന കരിക്കിന്‍ വെള്ളം ഉപയോഗിക്കാറുണ്ട്. അതും ഒറിജിനല്‍ തന്നെയോ എന്ന് സംശയിക്കുന്നവരും ഏറെയുണ്ട്. അതിനിടയിലാണ് കൈകള്‍ കൊണ്ട് സ്പര്‍ശിക്കാതെ ശുദ്ധമായ കരിക്കിന്‍ വെള്ളം വേര്‍തിരിച്ചു വില്‍ക്കുന്ന ഈ തെരുവോര കച്ചവടക്കാരന്‍ വ്യത്യസ്തനാകുന്നത്. പ്രത്യേക മെഷീന്‍ ഉപയോഗിച്ച് കരിക്കിന്‍ വെള്ളം വേര്‍തിരിച്ച് കരിക്ക് വെട്ടി നല്‍കുന്ന വിദ്യയാണ് അര്‍ജുന്‍ സോണി എന്ന കരിക്ക് കച്ചവടക്കാരന്‍ സ്വീകരിച്ചിരിക്കുന്നത്.

വലിയ കത്തിക്ക് പകരം  നൂതന ഉപകരണങ്ങളുടെ സഹായത്തോടെയാണ് അര്‍ജുന്‍ കരിക്ക് വെട്ടുന്നത്. കരിക്കില്‍ നിന്നുള്ള വെള്ളം യന്ത്രത്തിന്റെ തന്നെ സഹായത്തോടെ അരിച്ചെടുത്ത് വൃത്തിയുള്ള ഡിസ്‌പോസിബിള്‍ ഗ്ലാസിലാണ് നല്‍കുന്നത് വീഡിയോയില്‍ കാണാനാകും. ഒരു ഗ്ലാസിന് 50 രൂപയാണ് വില. കൈയില്‍ ഗൗസും മറ്റും ധരിച്ചാണ് വില്‍പ്പനക്കാരന്‍ കരിക്കിന്‍ വെള്ളം മെഷീനില്‍ നിന്ന് അരിച്ച് നല്‍കുന്നത്. 

ഫുഡി ഇന്‍കാര്‍നേറ്റ് എന്ന പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതുവരെ ഫേസ്ബുക്കില്‍ 4.43 മില്യണിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. നിരവധിപ്പേര്‍ ഈ കച്ചവടക്കാരന്റെ ആശയത്തിന് കൈയടിക്കുന്നുണ്ട്. 

Content Highlights: Indore Man's Hi-tech Coconut Water Cart That Requires No Touching Goes Viral