ല്യാണമോ മറ്റോ പ്രമാണിച്ച് സത്കാരവിഭവങ്ങള്‍ തയ്യാറാക്കിക്കൊടുക്കാന്‍ ചിലപ്പോഴൊക്കെ ഇന്ത്യന്‍ കോഫി ഹൗസിന് ഓര്‍ഡര്‍ കിട്ടും. ആവശ്യപ്പെട്ടാല്‍ അതിന്റെ ജീവനക്കാര്‍തന്നെ വിളമ്പുകയും ചെയ്യും. അടുത്ത കാലത്ത് അത്തരമൊരു ഓര്‍ഡല്‍ കൊടുത്തയാള്‍ പറഞ്ഞു, കോഫി ഹൗസ് ജീവനക്കാര്‍ തലപ്പാവും അരപ്പട്ടയുമടക്കം യൂണിഫോം ധരിച്ചുതന്നെ വിളമ്പണം! കഴക്കൂട്ടത്തെ കോഫി ഹൗസ് ശാഖയുടെ മാനേജര്‍ കെ.ഗോപാലകൃഷ്ണന്‍ നായര്‍ ആ സംഭവം അഭിമാനത്തോടെയാണ് വിവരിച്ചത്. കോഫി ഹൗസിനെ ജനം വിശ്വാസിക്കാനുള്ള കാരണങ്ങളും അദ്ദേഹത്തിനു പറയാനുണ്ട്. സ്വന്തം വീട്ടില്‍ വെച്ചുവിളമ്പുന്ന മനസ്സോടെയാണ് ഇതിലും ചെയ്യുന്നത്.

പലചരക്കും പച്ചക്കറിയുമൊക്കെ മേന്മ നോക്കിത്തന്നെ വാങ്ങുന്നു. ഇന്ത്യന്‍ കോഫി ഹൗസുകള്‍ പൊടിവര്‍ഗങ്ങള്‍ വാങ്ങാറില്ല; മുളകും മല്ലിയും മറ്റും വാങ്ങി മില്ലില്‍ പൊടിപ്പിച്ചെടുക്കുന്നു. മായമില്ലെന്ന് ഉറപ്പാക്കുന്നു. കഴക്കൂട്ടത്തെ കോഫി ഹൗസിന്റെ അടുക്കളയില്‍ പാത്രങ്ങള്‍ കഴുകുന്നതു കാണിച്ച് അദ്ദേഹം ചോദിച്ചു, ഇത്രയും വെള്ളം ചെലവിട്ട് വേറെ എത്ര ഹോട്ടലുകാര്‍ വൃത്തിയാക്കും? ഈ ശാഖയ്ക്ക് മാസം 25000 ലിറ്ററെങ്കിലും വെള്ളം ചെലവാകുന്നു. ഭക്ഷണം കഴിക്കാന്‍ വരുന്നയാളുടെ തൃപ്തിയാണ് കോഫി ഹൗസിന്റെ പരസ്യം. ഇങ്ങനെ ഉപഭോക്താവിനെ മാനിക്കുന്നതുകൊണ്ട് കോഫി ഹൗസുകള്‍ പലതിനും ലാഭമില്ല. അദ്ദേഹം ഒരു കാര്യംകൂടി പറഞ്ഞു, ഒരുപാട് ശാഖകളുള്ള സഹകരണപ്രസ്ഥാനത്തിന്റെ ഭാഗമല്ലായിരുന്നെങ്കില്‍, കഴക്കൂട്ടത്തെ ഇന്ത്യന്‍ കോഫി ഹൗസ് എന്നേ പൂട്ടിപ്പോകുമായിരുന്നു! അതേ, കഴക്കൂട്ടത്ത് ഇപ്പോള്‍ ഉച്ചവരെ അടഞ്ഞുകിടക്കുന്ന ഇന്ത്യന്‍ കോഫി ഹൗസ് ഗേറ്റ് സ്ഥിരമായി അടയാന്‍പോകുന്നു. ഈ ശാഖ അവസാനിപ്പിക്കാനാണ് തീരുമാനം. നഗരങ്ങളില്‍മാത്രമല്ല, നാട്ടിന്‍പുറങ്ങളിലും ഇന്ത്യന്‍ കോഫി ഹൗസുകള്‍ തുടങ്ങുന്ന ഇക്കാലത്ത്, തിരുവനന്തപുരത്തിന്റെ ഏറ്റവും വേഗം വികസിക്കുന്ന ഈ സൈബര്‍ സിറ്റിയില്‍ കോഫി ഹൗസ് നഷ്ടത്തിലാണ്! അതാണ് പൂട്ടാന്‍ കാരണം.

നഷ്ടത്തില്‍നിന്നു നഷ്ടത്തിലേക്ക്

അഞ്ചുകൊല്ലംമുമ്പ് ഇന്‍ഫോസിസിനടുത്താണ് ഈ ശാഖ തുടങ്ങിയത്. അവിടെ രണ്ടു കൊല്ലത്തോളം പ്രവര്‍ത്തിച്ചു. അവിടെ ബൈപ്പാസിന്റെ പ്രധാന റോഡ് ഉയര്‍ത്തിയപ്പോള്‍ കോഫി ഹൗസ് താഴ്ചയിലായി. അധോഗതി അപ്പോള്‍ തുടങ്ങി. ആഹാരം കഴിക്കാന്‍ യാത്രക്കാര്‍ പൊതുവേ കുഴിയിലേക്ക് ഇറങ്ങിവരാതായി. നഷ്ടക്കച്ചവടമായപ്പോഴാണ് കഴക്കൂട്ടത്തു ദേശീയപാതയിലെ ബസ് സ്റ്റോപ്പിനടുത്തേക്കു മാറ്റിയത്. പെട്ടെന്ന് കിട്ടിയ കെട്ടിടം വാടകയ്ക്കെടുത്തു. മാസവാടക 71166 രൂപ. കറന്റിനും വെള്ളത്തിനുംകൂടി മാസം 17000 രൂപയാകും. മുപ്പതു ജീവനക്കാര്‍ തുടക്കത്തില്‍ ഈ കോഫി ഹൗസിലുണ്ടായിരുന്നു. ഇപ്പോള്‍ 13 ജീവനക്കാരേയുള്ളൂ. ഇവരുടെ ശമ്പളത്തിന് മാസം മൂന്നുലക്ഷം രൂപയാകും. മാസം ഒന്നരലക്ഷംമുതല്‍ രണ്ടുലക്ഷംവരെ രൂപ നഷ്ടത്തിലാണ് ഈ ശാഖ ഓടുന്നതെന്ന് മാനേജര്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി ഒന്നുമുതല്‍ ഈ ശാഖ രാവിലെ തുറക്കുന്നില്ല; ഉച്ചയ്ക്ക് 12 മുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രവര്‍ത്തനം. ഒരു ഷിഫ്റ്റ് ഒഴിവാക്കിയാല്‍ രക്ഷപ്പെടുമോ എന്നു നോക്കിയതാണ്. കറന്റ് ചെലവ് കുറയ്ക്കാന്‍ ഫാമിലി റൂമില്‍നിന്ന് എ.സി.എടുത്തുമാറ്റി. രാവിലെ ഭക്ഷണം കഴിക്കാനായി ഇവിടെ വണ്ടി നിര്‍ത്താനൊരുങ്ങുന്ന യാത്രക്കാര്‍ കാണുന്നത് അടഞ്ഞ ഗേറ്റാണ്. ഇതു നിര്‍ത്തിക്കാണും എന്നു കരുതി പിന്നെ അവര്‍ ഈ ഭാഗത്തു നോക്കാതായി. വെളുക്കാന്‍ തേച്ചതു പാണ്ടായെന്നു പറയുമ്പോലെ ആയെന്നാണ് മാനേജര്‍ക്കും പറയാനുള്ളത്.

പാര്‍ക്കിങ് ഇല്ലാതെങ്ങനെ...

കഴക്കൂട്ടത്ത് തിരക്കേറിയ കവലയോടു ചേര്‍ന്നാണ് കോഫി ഹൗസ്. റോഡരികില്‍ കുറച്ച് സ്ഥലമുണ്ടെങ്കിലും മറ്റു കടക്കാരുടെ കാറുകള്‍ രാവിലെതൊട്ടേ പാര്‍ക്ക് ചെയ്തിട്ടുണ്ടാകും. കോഫി ഹൗസ് കെട്ടിടത്തിന്റെ മുറ്റത്ത് ഇത്തിരി ഇടമേയുള്ളൂ. അവിടെ കാറിന് വളച്ചുതിരിച്ചു കൊണ്ടുപോകാനിടമില്ല. റിവേഴ്സ് എടുത്തേപറ്റൂ. അവിടെ ഒരു കാര്‍ ഉള്ളപ്പോള്‍ മറ്റൊന്ന് പിന്നില്‍ പാര്‍ക്കു ചെയ്താല്‍, ആദ്യത്തെ ആളിന്റെ തിരിച്ചുപോക്ക് വൈകും. കാര്‍യാത്രക്കാര്‍ ഇതു കാരണം കയറാന്‍ മടിക്കുന്നു. മാത്രമല്ല, റോഡരികില്‍ ഒതുക്കാന്‍ നോക്കുമ്പോഴേക്കും വേഗം സ്ഥലം വിടാന്‍ പോലീസുകാര്‍ കൈ വീശും. റോഡിലെ കുരുക്ക് ഒഴിവാക്കണമല്ലോ? യാത്രക്കാരുടെ കാറുകള്‍ ഒതുക്കിയിടാന്‍ ഇടമില്ലാത്തതാണ് ആള്‍ കുറയാനും നഷ്ടം വരാനും പ്രധാന കാരണമെന്ന് മാനേജര്‍ പറയുന്നു. തൊട്ടടുത്ത് ഒഴിഞ്ഞുകിടക്കുന്ന പറമ്പ് പാര്‍ക്കിങ് സ്ഥലത്തിനായി ചോദിച്ചെങ്കിലും കിട്ടിയില്ല. ഗേറ്റില്‍ കെട്ടിടം വാടകയ്ക്ക് എന്ന അറിയിപ്പ് ഉടമ പതിച്ചുകഴിഞ്ഞു. ജൂലായ് ഒടുവില്‍ കോഫി ഹൗസ് ഒഴിയാനിരുന്നത് സെപ്റ്റംബര്‍ ഒടുക്കംവരെ ആക്കിയിരിക്കുകയാണ്. കഴക്കൂട്ടത്ത് വേറെ രണ്ടു മൂന്നു സ്ഥലങ്ങള്‍ നോക്കിയെങ്കിലും സൗകര്യം കുറവാണ്.

ടെക്നോപാര്‍ക്കില്‍ സ്ഥലം തേടാനാകും

ഐ.ടി.ജീവനക്കാര്‍ പലരും ഭക്ഷണത്തിന് ഇന്ത്യന്‍ കോഫി ഹൗസില്‍ കയറുന്നുണ്ട്. അത് കഴക്കൂട്ടത്തു നിലനിര്‍ത്തിയാല്‍മാത്രം പോരാ, ടെക്നോപാര്‍ക്ക് കാമ്പസില്‍ ഒന്നു രണ്ടു ശാഖകള്‍ തുടങ്ങുകയും വേണമെന്ന് ഐ.ടി. ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനിയുടെ ജനറല്‍ സെക്രട്ടറി രാജീവ് കൃഷ്ണന്‍ പറയുന്നു. കാമ്പസില്‍ ശാഖ തുടങ്ങണമെന്ന് ഒരു കൊല്ലംമുമ്പ് ഇന്ത്യന്‍ കോഫി ഹൗസിന്റെ തൃശ്ശൂരിലെ പ്രധാന ഓഫീസില്‍ പ്രതിധ്വനി നിവേദനം കൊടുത്തിരുന്നു. അധികാരികളുമായി ബന്ധപ്പെട്ട് കാമ്പസിനകത്ത് സ്ഥലം കണ്ടെത്തുന്നതിന് സഹായിക്കാമെന്നും അദ്ദേഹം പറഞ്ഞു. ടെക്നോപാര്‍ക്ക് കാമ്പസില്‍ ധാരാളം നല്ല കാര്യങ്ങള്‍ നടത്തുന്ന പ്രതിധ്വനി പറയുന്നത് വെറും വാക്കാവില്ല. അത് തീര്‍ച്ചയായും തേടാവുന്ന സാധ്യതയാണ്.

ജനപ്രതിനിധികള്‍ ഇടപെടണമെന്ന് ജനകീയ വികസനസമിതി

ഇന്ത്യന്‍ കോഫി ഹൗസ് കഴക്കൂട്ടത്തു നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് കഴക്കൂട്ടം ജനകീയ വികസനസമിതി ജനറല്‍ സെക്രട്ടറി എസ്.മനോഹരന്‍ പറഞ്ഞു. വൃത്തിയായും ചിട്ടയായും ആഹാരം വെച്ചുവിളമ്പുന്ന ഈ സ്ഥാപനം ഇന്നാട്ടിലെ സാധാരണക്കാര്‍ക്കും ഇതുവഴി പോകുന്ന യാത്രക്കാര്‍ക്കും ഉപകാരപ്പെടുന്നുണ്ട്. ഇത് കഴക്കൂട്ടത്ത് നിലനിര്‍ത്താനുള്ള സൗകര്യം കിട്ടുന്നതിന് തിരുവനന്തപുരം നഗരസഭയും സ്ഥലം എം.എല്‍.എ.കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രനും സഹായിക്കണമെന്ന് മനോഹരന്‍ അഭ്യര്‍ഥിച്ചു.

സ്ഥിരം ഉപഭോക്താക്കളുടെ താത്പര്യം

ഇന്ത്യന്‍ കോഫി ഹൗസ് ഉള്ള സ്ഥലത്താണെങ്കില്‍ അവിടെയേ ചായ കുടിക്കാനും ഭക്ഷണം കഴിക്കാനും കയറൂ എന്നു ശീലമുള്ള മലയാളികളിലൊരാളാണ് പാപ്പനംകോട്ട് താമസിക്കുന്ന, നിര്‍മാണക്കമ്പനിയുടമയായ എസ്.പ്രശാന്ത്. കഴിഞ്ഞ ദിവസം കഴക്കൂട്ടത്തെ കോഫി ഹൗസില്‍നിന്ന് മടങ്ങിയപ്പോള്‍, അതു പൂട്ടാനിരിക്കുന്നു എന്നറിഞ്ഞതിലുള്ള വിഷമം അദ്ദേഹം പങ്കുവെച്ചു. വിശ്വസിച്ച് ആഹാരം കഴിക്കാന്‍ പറ്റുന്ന സ്ഥലമാണ് കോഫി ഹൗസ്. ഇവിടത്തെ വിഭവങ്ങളില്‍ നമുക്കിഷ്ടമുള്ളത്-ചപ്പാത്തിയോ മസാല്‍ ദോശയോ ബിരിയാണിയോ ആകട്ടെ, പ്രവര്‍ത്തിക്കുന്ന നേരത്തെല്ലാം അവര്‍ തരാന്‍ തയ്യാറാണ് -പ്രശാന്ത് പറഞ്ഞു.

മാതൃഭൂമി തിരുവനന്തപുരം നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: indian coffee house at kazhakootam plans to close