പിള്ളേച്ചൻ ചേട്ടന്റെ മീൻ അച്ചാർ, ഫോട്ടോ- അരുൺ ഇടപ്പള്ളി
ഏലയ്ക്കയും കുരുമുളകും തെയിലയും കാപ്പിപ്പൊടിയും.... ഇടുക്കിയിലെ കാറ്റിന് പലതരം ഗന്ധങ്ങളുണ്ട്. ഇതിനൊപ്പം വായില്‍ വെള്ളം നിറയ്ക്കുന്ന പല രുചികളുണ്ട്. ക്രിസ്മസിനും ഈസ്റ്ററിനും രാത്രിയില്‍ വിറകടുപ്പില്‍ വേവുന്ന തേങ്ങാക്കൊത്തിട്ട ബീഫിന്റെ രുചിയും, ഏലയ്ക്ക ചേര്‍ത്ത് പൊടിച്ച കട്ടന്‍കാപ്പിയുടെ ചെറു മധുരവും, പത്തുമണി ചൂടില്‍ നിന്ന് കൈകഴുകി കാപ്പികുടിക്കാനെത്തുന്ന കര്‍ഷകന്റെ മുന്നിലെത്തുന്ന ഉണക്കുകപ്പയ്ക്കൊപ്പം തേങ്ങയും ചുട്ട ഉണക്കമീനും ചേര്‍ത്ത ചമ്മന്തിയുടെ നാവില്‍ വെള്ളമൂറുന്ന സ്വാദും, കല്യാണ വീടുകളില്‍ ചൂടോടെ വിളമ്പുന്ന എല്ലും കപ്പയും... എല്ലാം.... കപ്പ ഇടുക്കിക്കാരുടെ ആത്മഭക്ഷണമാണ്. പണ്ടും ഇന്നും എന്നും. കപ്പ ചെണ്ടന്‍ പുഴുങ്ങിതും കാന്താരിയും കൂട്ടി രാവിലെ ഒരു പിടിപിടിച്ചാല്‍ പിന്നെ ഭക്ഷണം വൈകിട്ട് പണികഴിഞ്ഞ് കയറുമ്പോഴാവും.
ഇടുക്കിയിലെ വീടുകളില്‍ വറുതിയിലേക്കുള്ള ശേഖരമാണ് ഉണക്കു കപ്പ. കപ്പ ഉണക്കുന്നത് ഒരു ആഘോഷമാണ് ഇടുക്കിയില്‍. അയല്‍ക്കാരും കുടുംബക്കാരും ഒന്നുചേര്‍ന്ന കപ്പപറിച്ച് ഏതെങ്കിലും ഒരു വീട്ടുമുറ്റത്തോ പറമ്പിലോ കൂട്ടും. ഏല്ലാവരും ചേര്‍ന്ന് കപ്പ തോലുകളഞ്ഞ് വട്ടത്തില്‍ അരിയും. രാത്രികാലങ്ങളിലാണ് ഈ പരിപാടികള്‍ എല്ലാം. കല്യാണ വീടിന്റെ ബഹളവും ആഘോഷവുമാണ് ആ രാത്രികള്‍ക്ക്. അരിഞ്ഞ കപ്പ് വലിയ ചെമ്പില്‍ തിളച്ചവെള്ളത്തില്‍ വാട്ടിയെടുക്കും. ഇത് കോരിയെടുത്ത് നല്ല വെയിലും ചൂടും കിട്ടുന്ന പാറയുടെ മുകളിലോ നിരപ്പായ പറമ്പിലോ റോഡരികിലോ എല്ലാം ഉണങ്ങും. പിന്നെ ഓരോരുത്തരുടെയും പറമ്പില്‍ നിന്ന് പറിച്ചെടുത്ത കപ്പയുടെ കണക്കുവച്ച് വീതിക്കും. ഇത് തണുപ്പടിക്കാതെ ചാക്കില്‍ കെട്ടി സൂക്ഷിച്ചാല്‍ മഴക്കാലമൊക്കെ സുഭിക്ഷമാണ്.
ഇടുക്കിയിലെ രുചി തേടി ആദ്യം ഇറങ്ങിയപ്പോഴേ തീരുമാനിച്ചിരുന്നു ആദ്യം കപ്പയുടെ രുചി തന്നെ പരീക്ഷിക്കണമെന്ന്. ഇടുക്കി കയറുകയല്ലേ കപ്പബിരിയാണിയാവാം എന്ന് മനസ്സു പറഞ്ഞു. വെറും കപ്പബിരിയാണിയല്ല എല്ലും കപ്പയും, ഏഷ്യാഡ് എന്നൊക്കെ വിളിപ്പേരുള്ള ഇടുക്കിയുടെ കപ്പബിരിയാണി. പണ്ടൊക്കെ കല്യാണവീടുകളില്‍ തലേന്ന് വിളമ്പുന്ന വിഭവമാണ് ഇത്. പോത്തിന്റെ ഇറച്ചിയോടുകൂടിയ എല്ലും നല്ല പച്ചക്കപ്പയും. പച്ചക്കപ്പയില്ലെങ്കില് ഉണക്കു കപ്പയാവും. തൊടുപുഴ മൂവാറ്റുപുഴ റോഡില്‍ മടക്കത്താനത്ത് ഒരു കപ്പകടയുണ്ടെന്നറിഞ്ഞ് അവിടേക്ക് വച്ചുപിടിച്ചു.
കരീമിക്കയുടെ കപ്പബിരിയാണി
മടക്കത്താനം ഒരു ചെറിയ ബസ്സ്റ്റോപ്പാണ്. കുറച്ച് കടകള്‍ മാത്രം. കപ്പ കിട്ടുന്ന ഹോട്ടലൊന്നും കാണുന്നില്ല. വഴിയരികില്‍ ഒരാളോട് ചോദിച്ചപ്പോള്‍ കപ്പകരീമിന്റെ കടയല്ലേ എന്ന് പറഞ്ഞ് സ്ഥലം കാണിച്ചു തന്നു. ബസ്സ്റ്റോപ്പില്‍ നിന്ന് കുറച്ചു മാറി ഒരു ഇടവഴിയുടെ തുടക്കത്തിലാണ് കട. കപ്പ- ഇറച്ചി എന്ന പേര് മാത്രം. കടയടഞ്ഞു കിടക്കുന്നു. മനസ്സില്‍ നിരാശയാണ് ആദ്യം തോന്നിയത്. തൊട്ടു ചേര്‍ന്നുള്ള ചെറിയ ഹോട്ടലിലെ ചേച്ചി ഉച്ചക്കാണ് കട തുറക്കുന്നതെന്ന ആശ്വാസവാര്‍ത്ത പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ കരീമിക്കയുടെ വീട്ടില്‍ പോയാല്‍ കപ്പബിരിയാണി വയ്ക്കുന്നത് കാണാം എന്നായി അവര്‍. നല്ല ഓഫര്‍. വഴിയും ചോദിച്ച് വച്ചു പിടിച്ചു കരീമിക്കയുടെ വീട്ടിലേക്ക്. മടക്കത്താനത്തു നിന്ന് തൊടുപുഴയ്ക്കുള്ള വഴിയിലാണ് കരീമിക്കയുടെ വീട്. ഒരു എഴുപത്തഞ്ചിനടുത്ത് പ്രായമുണ്ട് കരീമിക്കക്ക്. കരീമിക്കയും ഭാര്യ പാത്തുമ്മയും മരുമകള്‍ നസ്സിമും കപ്പബിരിയാണി ഉണ്ടാക്കുന്ന തിരക്കിലാണ്. പ്രായത്തിന്റെ അവശതയിലും കരീമിക്ക കടനിര്ത്താന് ഒരുക്കമല്ല എന്ന് ഭാര്യ പറയുന്നു. നാല്പത്തഞ്ച് വര്‍ഷത്തിലധികമായി കരീമിക്ക ഈ കപ്പ ഇറച്ചിക്കട നടത്തുന്നു. കേരളത്തിലെ പലഭാഗത്തു നിന്നും കരീമിക്കയുടെ എല്ലും കപ്പയും തിരക്കി വരുന്നവരുണ്ട്. കുറച്ച് കാലം മുന്‍പ് വരെ രാവിലെ മുതല്‍ കട തുറക്കുമായിരുന്നു. കപ്പയും മത്തി വറുത്തതുമായിരുന്നു രാവിലത്തെ സ്പെഷ്യല്‍. ഉച്ചമുതല്‍ എല്ലും കപ്പയും. പ്രായത്തിന്റേതായ ആരോഗ്യപ്രശ്നങ്ങള്‍ ബാധിച്ചതോടെ എല്ലും കപ്പയും മാത്രമായി വിഭവം.

എല്ല് കഴുകി വേവിക്കുകയാണ് ആദ്യത്തെ ഘട്ടം. വലിയ ചെമ്പില്‍ വിറകടുപ്പിലാണ് എല്ല് വേവിക്കുന്നത്. ചേരുവകളെല്ലാം ഭാര്യ പാത്തുമ്മയുടെ കൈക്കണക്കാണ്. വറ്റല്‍മുളകും മല്ലിപ്പൊടിയും ചേര്‍ത്ത് പൊടിച്ചതും, കല്ലുപ്പും, ഗരംമസാലപ്പൊടിയും മഞ്ഞള്‍പ്പൊടിയും തന്നെയാണ് പ്രധാന ചേരുവ. എല്ല് മുക്കാല്‍ ഭാഗം വെന്താല്‍ കപ്പ തൊലികളഞ്ഞത് ചെറിയ കഷണങ്ങളാക്കി വൃത്തിയായി കഴുകിയ ശേഷം അതും ചെമ്പിലിടും. പിന്നെ അടച്ചു വച്ച് വേവിച്ചാല്‍ പത്ത് പതിനഞ്ച് മിനിറ്റുകൊണ്ട് കപ്പബിരിയാണി റെഡി. ഇനി കപ്പ ഇളക്കുന്നതാണ് പ്രധാന പരിപാടി. അതിന് മുമ്പ് ഉള്ളിയും കറിവേപ്പിലയും കടുകും വെളിച്ചെണ്ണയില്‍ താളിച്ചത് ഈ കപ്പക്കൂട്ടിന് മുകളില്‍ ഒഴിക്കും. അടുപ്പില്‍ നിന്നിറക്കിയ കപ്പക്കൂട്ടിനെ വലിയ അടയ്ക്കമരത്തിന്റെ തടി ചെത്തിയുണ്ടാക്കിയ മരത്തവികൊണ്ട് കരീമിക്ക ഇളക്കി കൂട്ടുന്നത് ഒരു കാഴ്ച തന്നെയാണ്. ഇളക്ക് ശരിയായില്ലെങ്കില്‍ രുചി ശരിയാവില്ല എന്നാണ് അദ്ദേഹത്തിന്റെ മറുപടി. മിനിറ്റുകള്‍ക്കുള്ളില്‍ എല്ലും കപ്പയും വാഴയിലയില്‍ വിളമ്പി മുന്നിലെത്തി. ഒപ്പം നല്ല ചൂട് കട്ടന്‍ചായയും. കല്യാണവീടുകളില്‍ തലേന്ന് കിട്ടുന്ന അതേ കപ്പബിരിയാണിയുടെ രുചി. വീടുകളില്‍ ഉണ്ടാക്കുമ്പോള്‍ അല്പം കൂടി ആഡംബരമാകാറുണ്ട്. കപ്പ വേവിച്ച് തേങ്ങയരച്ചാണ് വയ്ക്കുന്നത്. കരീമിക്കയുടെ എല്ലും കപ്പയും ഒരു പൊതിക്ക് 70 രൂപയാണ് വില. നാല്പത് രൂപയ്ക്ക് തരാമോ എന്ന് ചോദിച്ചാല്‍ പോലും കൊടുക്കാറുണ്ട്. ഭക്ഷണമല്ലേ എന്ന് ഭാര്യ പാത്തുമ്മ ചോദിക്കുന്നു. നൂറ്, ഇരുനൂറ്.. അങ്ങനെ ഓരോദിവസവും ആവശ്യക്കാരുടെ എണ്ണം പലതാണെന്ന് കരീമിക്ക പറയുന്നു. കല്യാണ വീഡുകളില്‍ നിന്നും ഇടയ്ക്ക് ഓര്‍ഡറുകള്‍ വരാറുണ്ടെന്നും കരീമിക്ക.
ചൂടൊന്ന് കുറയ്ക്കാന്‍ നെല്ലിക്ക സര്‍ബത്ത്
കരീമിക്കയുടെ എല്ലും കപ്പയും കഴിച്ച് ഇടുക്കി കയറിത്തുടങ്ങിയപ്പോഴേക്കും വെയില് മൂത്തിരുന്നു. സഞ്ചാരികളുടെ തിരക്കും ബഹളവുമെല്ലാം കൊറോണക്കാലം കവര്‍ന്നതോടെ ഇടുക്കിക്ക് ആകെ ഒരു നിശബ്ദത. കുളമാവ് ഡാം എത്തിയപ്പോള്‍ ചൂടൊന്ന് കുറയ്ക്കാന്‍ എന്തെങ്കിലും കുടിക്കണമെന്നായി തോന്നല്‍. ഡാം കഴിഞ്ഞാല്‍ ഒന്ന് രണ്ട് ചെറിയ തട്ടുകടകള്‍. കുറച്ച് പേര് ഒന്ന് വിശ്രമിക്കാനും ഡാം കാണാനുമായി അവിടവിടെ നില്‍ക്കുന്നുണ്ട്. കടകളുടെ മുന്നില്‍ വലിയ അക്ഷരത്തില്‍ നെല്ലിക്കസര്ബത്ത് ലഭിക്കും എന്ന് എഴുതിയിരിക്കുന്നു. കൊള്ളാമല്ലോ, അതെന്താണ് സാധനം എന്ന് നോക്കണമെല്ലോ. തിരക്ക് കുറഞ്ഞ കടയില്‍ കയറി ഒരു നെല്ലിക്ക സര്ബത്തിന് ഓര്‍ഡര്‍ കൊടുത്തു. കുമാരി ചേച്ചിയുടേതാണ് കട. ചേച്ചി രണ്ട് മിനിറ്റിനുള്ളില്‍ സര്‍ബത്തുമായി എത്തി. എന്താണ് ചേരുവ. ഒരു കൗതുകത്തിന് ചോദിച്ചു. ഉപ്പിലിട്ട നെല്ലിക്ക ചതച്ച നീരും, കാന്താരി മുളക് ചതച്ചത്, നാരങ്ങാനീര്, സോഡ, വേണമെങ്കില്‍ അല്പം കൂടി ഉപ്പാവാം.. ദാഹം പമ്പകടന്നു. ചെറിയ പുളിയും ഉപ്പും എരിവും... ഒപ്പം കഴിക്കാന്‍ പപ്പടവടയും.

ബീഫല്ല മീന്‍ വറുത്തതാണ്
ചൂടില്‍ ഇടുക്കിയും ആകെ ഉണങ്ങി നില്പാണ്. തണുപ്പിന്റെ ഒരു തരിപോലുമില്ല. എങ്കിലും ഇടുക്കിയുടെ മനംമയക്കുന്ന ഭംഗി എവിടെയൊക്കെയോ ഒളിച്ചിരിക്കുന്നതു പോലെ. നെല്ലിക്ക സര്‍ബത്ത് എല്ലും കപ്പയും ദഹിപ്പിച്ചു കളഞ്ഞെന്നു തോന്നന്നു. പതിയെ വിശപ്പിന്റെ വിളിവന്നു തുടങ്ങി. കുളമാവ് ഡാം കഴിഞ്ഞയുടനേ മീനച്ചാറുകള് എന്നൊരു ബോര്‍ഡ് കണ്ടു. നേരത്തേ തന്നെ കേട്ടറിഞ്ഞ പിള്ളേച്ചന്റെ അച്ചാറ് കടയാണ് അത്. ശിവമയം. ഇടുക്കിയില്‍ ഷൂട്ടിങിനെത്തുന്ന സിനിമാക്കാരുടെ പ്രിയപ്പെട്ട ഇടമാണ് പിള്ളേച്ചന് എന്നറിയപ്പെടുന്ന സോമന്‍പിള്ള ചേട്ടന്റെ കട. ഭിത്തികളില്‍ താരങ്ങളുമൊത്ത് നില്ക്കുന്ന ചിത്രങ്ങള്‍. ഒരു ചെറിയ ഹോട്ടല്‍. പച്ചക്കപ്പ വേവിച്ചതും പലതരം അച്ചാറുകളുമായി പിള്ളേച്ചന് ചേട്ടനെത്തി. ബീഫ്, മീന്‍, വെളുത്തുള്ളി, നാരങ്ങ ഒപ്പം കുറച്ച് ഇഞ്ചിക്കറിയും. വീട്ടില്‍ അമ്മയുണ്ടാക്കുന്ന അച്ചാറിന്റെ രുചി നാവിലെത്തി. ഒരു പ്രിസര്‍വേറ്റീവ്സും ചേര്‍ത്തല്ല അച്ചാര്‍ തയ്യാറാക്കുന്നത്. ഈ അച്ചാറുകളെല്ലാം പിള്ളേച്ചന് പിക്കിള്‍സ് എന്ന പേരില്‍ പായ്ക്കറ്റിലാക്കി വില്‍ക്കുന്നുണ്ട്. മൂത്തമകന് രാഹുലാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്. അച്ചാറുകള്‍ക്കൊപ്പം നല്ല ബീഫ് വരട്ടിയതും മേശയിലെത്തി. ഒരെണ്ണം എടുത്ത് വായിലിട്ടപ്പോഴാണ് മനസ്സിലായത് ബീഫല്ല മീനാണ്...അടിപൊളി. നല്ല മാംസമുള്ള മീന്‍ ചെറുതായി മുറിച്ച് ഉപ്പും മഞ്ഞളും മുളകും കുരുമുളക് പൊടിയും പുരട്ടി അല്പ സമയം വയ്ക്കും. പിന്നെ വറുത്തെടുക്കും.. ഏറെ ദിവസം കേടുകൂടാതെ സൂക്ഷിക്കാനാവും ഈ മീന്‍ വരട്ടിയത്. ഏതായാലും കപ്പയ്ക്കൊപ്പം മീന്‍ വരട്ടിയതും മീനച്ചാറും പുതിയൊരു രുചിയനുഭവമായിരുന്നു.
ഇനി ലക്ഷ്യം ഇടുക്കിയാണ്. ഇടുക്കിയിലെ ഇടുക്കിയെന്ന സ്ഥലത്തേക്ക്. ചെറുതോണിയെത്തി. 2018 ലെ വെള്ളപ്പൊക്കവും ഡാം തുറക്കലും വരുത്തിയ മുറിവുകള്‍ ചെറുതോണിയില്‍ ഇനിയും ഉണങ്ങിയിട്ടില്ല. ഇന്ന് താമസം ചെറുതോണിയിലാക്കാം. രാവിലെ തന്നെ ഒരിടത്തേക്ക് പോകാനുണ്ട്. ഇടിയിറച്ചിയും മുയല്മപ്പാസും കിട്ടുന്ന എവറസ്റ്റിലേക്ക്.
മുയല് മപ്പാസ്
ഇടുക്കിയെന്ന മിടുമിടുക്കിയുടെ മടിത്തട്ടിലാണ് എവറസ്റ്റെന്ന ഹോട്ടല്‍. അന്‍പത് വര്‍ഷം പഴക്കമുണ്ട് ഈ ഹോട്ടലിന്. ഇവിടുത്തെ രുചിയറിയാന്‍ വിദേശികള്‍ പോലും വന്നെത്താറുണ്ടെന്ന് പരിചയക്കാര് പറയുന്നു. ഹോട്ടലിന്റെ ഉടമയായ ബേബിച്ചേട്ടന് മരിച്ചതോടെ മക്കളായ സനീഷും സനോജുമാണ് കട നോക്കി നടത്തുന്നത്. ഒരു ചെറിയ ഹോട്ടല്‍. പഴയകാലത്തിന്റെ പ്രതാപം വിളിച്ചറിയിക്കുന്ന ഉള്‍ത്തളങ്ങള്‍. ഇവിടെ രുചിയില്‍ മുന്നില്‍ ഇടിയിറച്ചിയാണ് ഒപ്പം മുയല് മപ്പാസും. അടുക്കളയില്‍ സഹായത്തിന് രണ്ട് ചേച്ചിമാരുണ്ട്. ബാക്കിയൊക്കെ ചേട്ടനും അനിയനും തന്നെ. മപ്പാസാകാന് പോകുന്ന മുയലിനെ സനീഷ് കൊണ്ടുവന്നു കാണിച്ചു. പാവം.. എന്ന് മനസ്സു പറഞ്ഞെങ്കിലും രുചിയറിയാന്‍ നാവ് കൊതിക്കുന്നുണ്ടായിരുന്നു.

അടുക്കളയില്‍ അടുപ്പിന് മുകളില്‍ തൂക്കിയിട്ട ബീഫ് കഷണങ്ങള്‍. ഇടിയിറച്ചിയായി മേശയില്‍ എത്താനുള്ളവയാണ് ഇവ. ഈ ഇടിയിറച്ചി ഒന്നൊന്നര സംഭവമാണ്. മുയല് മപ്പാസിനുള്ള ഒരുക്കത്തിനിടെ സനീഷ് ഇടിയിറച്ചിയെ പറ്റി പറഞ്ഞു. ഇടുക്കിക്കാരുടെ പ്രിയ വിഭവം. വിദേശത്തേക്ക് വിമാനം കയറിയ മക്കളും ആങ്ങളമാരും വന്നു പോകുമ്പോള്‍ അവര്‍ക്കു കൊടുത്തുവിടാനായി എല്ലാവീടുകളിലും ഇടിയിറച്ചി ഒരുക്കുന്നത് പഴയകാലത്തെ ഇടുക്കിക്കാരുടെ ഒരു രുചിയോര്‍മയാണ്. ഈസ്റ്ററും ക്രിസ്മസുമൊക്കെ വരുമ്പോള്‍ പന്നിയും ബീഫും പങ്കുവയ്ക്കുക എന്നൊരു പരിപാടിയുണ്ട്. ഏതെങ്കിലും ഒരുവീട്ടില്‍ വിശേഷദിവസം മുന്നില്‍ കണ്ട് പോത്തുംകുട്ടിയെ വളര്‍ത്തുന്നുണ്ടാവും. ഇതിനെ അഞ്ചോ പത്തോ പതിനഞ്ചോ വീട്ടുകാര്‍ ചേര്‍ന്ന് ഭാഗം വയ്ക്കും. കൂടുതലുള്ള ഇറച്ചി അമ്മമാര്‍ വെയിലത്ത് ഉണക്കി പുകകൊള്ളിച്ച് ഇടിയിറച്ചിയാക്കി സൂക്ഷിക്കും. ഉണക്കുകപ്പ പോലെ ഒരു വറുതിക്കാലത്തെ സമ്പാദ്യം തന്നെ.
'എല്ലില്ലാതെ ചെത്തിയെടുത്ത് കഴുകി വൃത്തിയാക്കിയ ബീഫില്‍ ഉപ്പും കുരുമുളകുപൊടിയും ചിക്കന്മസാലപ്പൊടിയും ഇറച്ചി മസാലയും മഞ്ഞള്‍പ്പൊടിയും നന്നായി തേച്ചുപിടിപ്പിച്ച് അടുപ്പിനു മുകളില്‍ കയര്‍ കെട്ടി പുകകൊള്ളുന്ന വിധത്തില്‍ തൂക്കിയിടും. ഈ ഇറച്ചി വീണ്ടും ചെറുതാക്കി കനലിലിട്ട് ചുട്ടെടുക്കും. പിന്നീട് വലിയൊരു മരപ്പലകയില്വെച്ച് വെച്ചിടിച്ച് നന്നായി ചതച്ചെടുക്കും. ഇങ്ങനെ ഇടിച്ച ബീഫിനെ മിക്സിയിലിട്ട് വീണ്ടും ചതച്ചെടുത്ത് വെളിച്ചെണ്ണയില്‍ വെളുത്തുള്ളി, സവാള, കറിവേപ്പില, എന്നിവ ചേര്‍ത്ത് വറുത്തെടുക്കും.' സനീഷ് ഇടിയിറച്ചി റസിപ്പി പറഞ്ഞു കഴിഞ്ഞപ്പോഴേക്കും സനോജ് ചേട്ടന് വൃത്തിയാക്കി കഷണങ്ങളാക്കിയ മുയലുമായി എത്തി. മുയല് മപ്പാസിനുള്ള പണികളിലായി പിന്നെ.

വിറകടുപ്പിലാണ് ഇവിടെയും വിഭവങ്ങള്‍ വേവുന്നത്. പത്യേകമായി തയ്യാറാക്കുന്ന കൂട്ടാണ് മുയല്മപ്പാസിനെ രുചികരമാക്കുന്നത്. വലിയ ചനച്ചട്ടി ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് അതിലേക്ക് കാശ്മീരി ചില്ലി ചേര്‍ക്കും. പിന്നെ ഇഞ്ചി പച്ചമുളക് കറിവേപ്പില.. മൂന്നും കൂടി വഴറ്റും. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ച സവാളമസാലക്കൂട്ട് ചേര്‍ത്ത് പാകത്തിന് വെള്ളവും മുയലും ചേര്‍ത്ത് വേവിക്കും. മുയലിന്റെ ഇറച്ചി വേഗം വേവുന്നതിനാല്‍ ചെറുതീയില്‍ വേണം വേവിക്കാന്‍. വെന്ത് തുടങ്ങിയാല്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് നന്നായി തിളക്കുമ്പോള്‍ കറി അടുപ്പില്‍ നിന്ന് ഇറക്കും. ഇവര്‍ തന്നെ തയ്യാറാക്കുന്ന മസാലക്കൂട്ടുകളാണ് ഈ മുയല്മപ്പാസിനെ ഇത്ര പ്രിയകരമാക്കുന്നത്. കപ്പയ്ക്കൊപ്പം കുറച്ച് മുയല്മപ്പാസ്. നാടന്‍ മസാലക്കൂട്ടിന്റെരുചി നാവില്‍ നിറഞ്ഞു. യാത്രപറയുമ്പോള്‍ ഇനിയും വരാമെന്ന് വാക്കുപറഞ്ഞു.
Content Highlights: Idukki special food
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..