കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം ആടിയുലയുമ്പോഴും നന്മയുടെയും മനുഷ്യത്വത്തിന്റെയും കഥകളാണ് ആശ്വാസമായി എത്തുന്നത്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഹൈദരാബാദില്‍ നിന്നുള്ള ഒരു ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥന്റെ നന്മയുടെ മുഖമാണ് ഇത്. കോവിഡ് കാലത്ത് തെരുവ് ബാല്യങ്ങള്‍ക്ക് ഭക്ഷണം നല്‍കിയ മഹേഷ് കുമാര്‍ എന്ന ഉദ്യോഗസ്ഥനെ പ്രകീര്‍ത്തിക്കുയാണ് എല്ലാവരും ഇപ്പോള്‍.

തെലുങ്കാന പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ആരുടെയും ഹൃദയം നിറയ്ക്കുന്ന ഈ സംഭവം പങ്കുവച്ചിരിക്കുന്നത്. ജോലിക്ക് പോകുകയായിരുന്ന മഹേഷ് കുമാര്‍ വഴിയരികിലിരുന്ന് ഭക്ഷണത്തിനായി യാചിക്കുന്ന കുട്ടികളെ കാണുകയായിരുന്നു. ഉദ്യോഗസ്ഥന്‍ വണ്ടി നിര്‍ത്തി തന്റെ ഭക്ഷണം ഇവര്‍ക്ക് വിളമ്പി നല്‍കുയായിരുന്നു. 

' അവര്‍ ഭക്ഷണം അന്വേഷിച്ചു നടക്കുകയായിരുന്നു. രാത്രി പെട്രോളിങ് ഡ്യൂട്ടിക്കായി പോകുമ്പോഴാണ് ഞാനവരെ കണ്ടത്. എന്റെ രാത്രിയിലെ ഭക്ഷണം ഒരു മണിക്കൂര്‍ താമസിച്ചു എന്നേയുള്ളൂ. അത് അവര്‍ക്ക് നല്‍കിയില്ലായിരുന്നെങ്കില്‍ ആ കുഞ്ഞുങ്ങള്‍ രാത്രി വിശന്ന് ഉറങ്ങേണ്ടി വന്നേനെ.' പിന്നീട് മഹേഷ്‌കുമാര്‍ സംഭവത്തെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെ.

Content Highlights: Hyderabad traffic cop offers his food to homeless children