ക്ഷണം എന്നത് ചിലർക്കൊരു വികാരമാണ്. സ്വാദൂറുന്ന ഭക്ഷണങ്ങൾ തേടിപ്പിടിച്ച് രുചിക്കുന്നവരുണ്ട്. ചിലർക്ക് സസ്യാഹാരങ്ങളോടാണ് കൂടുതൽ പ്രിയമെങ്കിൽ ചിലർക്ക് മാംസാഹാരത്തോടാണ്. ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ നിറയുന്നത് വ്യത്യസ്തമായൊരു ഭക്ഷണ പ്രേമത്തിന്റെ കഥയാണ്. ഭർത്താവിനും മട്ടണിനും ഇടയിൽ വീർപ്പുമുട്ടിയ ഭാര്യയാണ് കഥയിലെ നായിക. 

മട്ടൺ പ്രേമിയായ ഭാര്യയെക്കുറിച്ച് കോളമിസ്റ്റിന് ഭർത്താവെഴുതിയ കത്താണ് വൈറലാകുന്നത്. വെജിറ്റേറിയനായ തനിക്ക് മാംസാഹാരിയായ ഭാര്യയെ ലഭിച്ചതിനെക്കുറിച്ചും തുടർന്നുണ്ടായ ആശയക്കുഴപ്പങ്ങളുമാണ് കത്തിലെഴുതിയിരിക്കുന്നത്. ഭാര്യക്ക് തന്നേക്കാൾ പ്രിയം മട്ടണാണോ എന്ന് ആശയക്കുഴപ്പത്തിലായ ഭർത്താവ് ഉത്തരം തേടുന്നതിനായാണ് കത്തെഴുതിയത്.

ഞാനൊരു പൂർണ സസ്യാഹാരിയാണ് എന്നു പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. ജാതിയാൽ സസ്യാഹാരിയായ പെൺകുട്ടിയെയാണ് വിവാഹം കഴിച്ചത്. പക്ഷേ തനിക്ക് മട്ടൻ ഇഷ്ടമാണെന്നും അതു കഴിച്ചിട്ടുണ്ടെന്നും അവൾ പറഞ്ഞു. പെൺകുട്ടി സുന്ദരിയായതുകൊണ്ട് ഇനിയൊരിക്കലും മട്ടൻ കഴിക്കരുതെന്ന ഉപാധിയോടെ അവളെ വിവാഹം കഴിച്ചു. പക്ഷേ അടുത്തിടെ വീണ്ടും അവൾ പുറത്തുനിന്ന് മട്ടൻ കഴിക്കുന്നുണ്ടെന്ന വിവരമറിഞ്ഞു. മട്ടൻ അത്ര ഇഷ്ടമാണെന്നും അതില്ലാതെ ജീവിക്കാനാവില്ലെന്നും അവൾ പറഞ്ഞു. അവൾക്ക് ഒരു അവസരം കൂടി കൊടുക്കാൻ താൻ തയ്യാറാണ്. പക്ഷേ ഒരു അന്ത്യശാസനം നൽകി, ഒന്നുകിൽ മട്ടൻ അല്ലെങ്കിൽ ഭർത്താവ്. ഇതിലേതെങ്കിലും തിരഞ്ഞെടുക്കണം. പക്ഷേ ഇപ്പോൾ താൻ ഭയത്തിലാണ്. ഭാര്യ മട്ടൻ മതി എന്നു പറയുമോ എന്നോർത്ത്. എന്തായിരിക്കും അവൾ തിരഞ്ഞെടുക്കുക- എന്നാണ് ഭർത്താവ് കത്തിൽ ചോദിക്കുന്നത്. 

ഇതിന് രസകരമായ മറുപടിയാണ് കോളമിസ്റ്റ് നൽകുന്നത്. മട്ടൻ വേണോ ഭർത്താവ് വേണോ എന്ന് ആശങ്കപ്പെടുന്ന ആദ്യ ത്രികോണ പ്രണയകഥയാണിത്. ഒരാൾക്ക് പ്രണയമില്ലാതെ ജീവിക്കാനാവും, പക്ഷേ ഭക്ഷണമില്ലാതെ കഴിയില്ല- എന്നാണ് മറുപടി കത്തിൽ കുറിച്ചത്. 

രസകരമായ കമന്റുകളോടെയാണ് കത്ത് സാമൂഹികമാധ്യമത്തിൽ വൈറലാകുന്നത്. പൂർണ സസ്യാഹാരിയായിരുന്നാൽ പോലും ഭർത്താവിന് പകരം മട്ടൻ തിരഞ്ഞെടുക്കും എന്ന് ഒരു യുവതി കമന്റ് ചെയ്തു. മനുഷ്യൻ എന്നത് താൽക്കാലികവും മട്ടൻ എന്നെന്നേക്കും ഉള്ളതാണെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. 

Content Highlights: husband vs mutton, viral letter, non veg lovers, veg lovers