മണ്‍ചട്ടിയിലെ പാചകമൊക്കെ ഇല്ലാതായിട്ട് കാലം കുറേയായില്ലേ... എന്നാല്‍ മണ്‍ചട്ടിയില്‍ വച്ചിരുന്ന കറിയുടെ രുചിയൊന്നു വേറെ തന്നെയായിരുന്നു... ഈ നൊസ്റ്റാള്‍ജിയയുടെ ഭാഗമായിരിക്കാം മണ്‍ചട്ടിയില്‍ പാകം ചെയ്ത വിഭവം എന്നൊക്കെ പറഞ്ഞുള്ള പുതിയ ഫാഷനായുള്ള മണ്‍ചട്ടിയുടെ റീ എന്‍ട്രി. എന്നാല്‍ കാലം ഏതായാലും മണ്‍ചട്ടി ഉപയോഗിക്കുന്നതിന് ചില വട്ടങ്ങളൊക്കെ അറിഞ്ഞിരുന്നേ മതിയാകൂ. നല്ല ചട്ടി നോക്കി തിരഞ്ഞെടുത്ത് വാങ്ങുന്നതു മുതല്‍ കറി വയ്ക്കുന്നിടെ വരെ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ അറിയാം. 

നമ്മുടെ ആവശ്യം അറിഞ്ഞുള്ള ചട്ടി മാത്രമേ വാങ്ങാവൂ. പാചകം ചെയ്യുമ്പോള്‍ മറ്റു പാത്രങ്ങളെ അപേക്ഷിച്ച് ചട്ടി ചൂടാവാന്‍ കൂടുതല്‍ സമയമെടുക്കും. അതുകൊണ്ടുതന്നെ പച്ചക്കറി വിഭവങ്ങള്‍ തയ്യാറാക്കാന്‍ ചട്ടി വാങ്ങുമ്പോള്‍ വലിപ്പം കുറഞ്ഞ ചട്ടി വാങ്ങുന്നതാണ് നല്ലത്. ചട്ടി വാങ്ങുന്നതിനു മുമ്പായി സൂര്യപ്രകാശത്തിന് നേരെ പിടിച്ച് നോക്കുക. ചെറിയ തോതിലെങ്കിലും പ്രകാശം കടന്നുവരുന്നതിന്റെ ലക്ഷണം കാണുന്നുണ്ടെങ്കില്‍ ചട്ടിയില്‍ ആ ഭാഗത്തായി പെട്ടെന്ന് ഓട്ട വീഴാനുള്ള സാധ്യത കൂടുതലാണ്. 

അല്‍പമെങ്കിലും വെട്ടം കടന്നു വരുന്നുണ്ടെങ്കില്‍ ചട്ടിയില്‍ ഓട്ട ഉണ്ടെന്ന് മനസിലാക്കാം. അങ്ങനെയുള്ള ചട്ടികള്‍ വാങ്ങാതെ ഒഴിവാക്കാം. ചട്ടിയുടെ ഉള്‍ഭാഗവും അടിഭാഗവും നല്ല മിനുസമുള്ളതാണ് കറിവയ്ക്കാന്‍ നല്ലത്. ഇത് പ്രത്യേകം ശ്രദ്ധിക്കുക. നല്ലതുപോലെ വെന്ത ചട്ടി എടുക്കുന്നതാണ് നല്ലത്. ചട്ടി നന്നായി വെന്തതാണോ എന്നു തിരിച്ചറിയാനായി ചട്ടിയുടെ പുറംഭാഗത്ത് തട്ടി നോക്കാം. ശുദ്ധമായ മുഴക്കമുള്ള ശബ്ദമാണ് കേള്‍ക്കുന്നതെങ്കില്‍ ചട്ടി നന്നായി വെന്തതാണെന്ന് മനസിലാക്കാം. 

അടുത്തതായി ചട്ടിയുടെ അടിഭാഗത്ത് കനക്കൂടുതലുണ്ടോ എന്ന് പരിശോധിക്കുക. ചില ചട്ടികളുടെ വശങ്ങളിലും അടിഭാഗത്തും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും. ഇത്തരത്തിലുള്ള ചട്ടികള്‍ പൊട്ടാനുള്ള സാധ്യത കൂടുതലാണ്. ഇനി, ചട്ടി വാങ്ങിയാലും അത് പാചകത്തിന് ഉപയോഗിക്കുന്നതിന് മുന്നോടിയായി ഒന്നു പരുവപ്പെടുത്തി എടുക്കേണ്ടതായിട്ടുണ്ട്. അല്ലാതെ ഉപയോഗിച്ചാല്‍ കറിയില്‍ ഒരു മണ്‍ചുവ അനുഭവപ്പെടും. ചട്ടിയുടെ ഈ മണ്‍ചുവ മാറാനായി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നു നോക്കാം. 

മണ്‍ചട്ടി വാങ്ങി വീട്ടില്‍ കൊണ്ടുവന്ന ശേഷം അത് കൈ തട്ടി വീഴാത്തതോ പൂച്ചയ്ക്ക് തട്ടിമറിച്ചിടാന്‍ കഴിയാത്തതോ ആയ എവിടെയെങ്കിലും വച്ച് ചട്ടിയില്‍ വെള്ളം നിറച്ചു വയ്ക്കുക. ഇങ്ങനെ ഒരു രണ്ട് ദിവസം വയ്ക്കുക. ഇനി ഈ വെള്ളം കളഞ്ഞ് നല്ല ചൂടുള്ള കഞ്ഞിവെള്ളം ചട്ടിയില്‍ ഒഴിച്ച് വയ്ക്കുക. പത്ത് മുതല്‍ പന്ത്രണ്ട് മണിക്കൂറിന് ശേഷം ഈ വെള്ളം കളയാം. ഇത്രയും ചെയ്താല്‍ ചട്ടി പാചകം ചെയ്യാന്‍ പാകത്തിനായി കിട്ടും. 

പണ്ടൊക്കെ വീട്ടിലെ മുതിര്‍ന്നവര്‍ ചട്ടി വാങ്ങിയാല്‍ തേങ്ങാപ്പീരയും കുടംപുളിയും കുറച്ച് വെളിച്ചെണ്ണയും കൂട്ടി ചട്ടിയില്‍ നന്നായി തേച്ചു പിടിപ്പിക്കും. ഇങ്ങനെ ഏകദേശം അരമണിക്കൂര്‍ വച്ച ശേഷം ചകിരി ഉപയോഗിച്ച് കഴുകിയെടുക്കും. അതിനുശേഷം ചട്ടിയാസകലം വെളിച്ചെണ്ണ പുരട്ടി നാലഞ്ച് മണിക്കൂര്‍ നല്ല വെയിലത്ത് വയ്ക്കും. ഇങ്ങനെ ചെയ്താല്‍ അന്നു തന്നെ ചട്ടി ഉപയോഗിക്കാന്‍ പാകത്തിന് തയ്യാറാകും. ഇന്നിപ്പൊ ഇങ്ങനൊന്നും മിനക്കെടാന്‍ ആരും തയ്യാറാകാറില്ല എന്നു പറയുന്നതിനേക്കാള്‍ ഇതിനെപ്പറ്റി അറിവുണ്ടാവില്ല എന്നു പറയുന്നതായിരിക്കും ശരി. 

ുീപേണ്ടുകാലത്ത് ചട്ടിയും മറ്റു പാത്രങ്ങളുമൊക്കെ കഴുകിയിരുന്നത് ചാരം ഉപയോഗിച്ചാണ്. മണ്‍ചട്ടിയും ചാരമിട്ട് കഴുകുന്നതാണ് ഏറ്റവും ഉത്തമം. എന്നാലിപ്പോള്‍ വിറകടുപ്പുകള്‍ ഇല്ലാതായതോടെ ചാരം കിട്ടാനുള്ള വഴിയും ഇല്ലാതായല്ലോ. ആ സ്ഥിതിക്ക് ഡിഷ് വാഷ് ബാര്‍ ഉപയോഗിച്ചേ മതിയാകൂ എന്ന അവസ്ഥയാണ്. ഇങ്ങനെ സോപ്പ് ഉപയോഗിച്ച് ചട്ടി കഴുകുമ്പോള്‍ ധാരാളം വെള്ളം ഉപയോഗിച്ച് വേണം ചട്ടി കഴുകിയെടുക്കാന്‍. സോപ്പിന്റെ മെഴുക്ക് ചട്ടിയില്‍ അല്‍പം പോലും ഇല്ലാ എന്ന് ഉറപ്പു വരുത്തണം. 

ഇനി, പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നല്ല തീയുള്ള അടുപ്പിലേക്ക് ചട്ടി നേരിട്ടെടുത്ത് വയ്ക്കരുത്. അങ്ങനെ വച്ചാല്‍ പെട്ടെന്ന് അനുഭവപ്പെടുന്ന കൂടിയ ചൂട് കാരണം ചട്ടി പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ചെറിയ തീയില്‍ വച്ച് വേണം ചട്ടിയിലുള്ള പാചകം ആരംഭിക്കാന്‍. പതിയെ ചട്ടി ചൂടു പിടിക്കുന്നതിനനുസരിച്ച് തീയും കൂട്ടാം. ചൂടായിരിക്കുന്ന ചട്ടി പെട്ടെന്ന് കഴുകി വയ്ക്കണമെന്നുണ്ടെങ്കില്‍ ആദ്യം ചട്ടിയിലേക്ക് കുറച്ച് ചൂടുവെള്ളം ഒഴിച്ചുവയ്ക്കുക. അല്‍പസമയത്തിനു ശേഷം മാത്രമേ പച്ചവെള്ളം ഉപയോഗിച്ച് കഴുകാവൂ. അല്ലെങ്കില്‍ ചട്ടി പെട്ടെന്ന് ചീത്തയായിപ്പോകും. 

Content Highlights: How To Select Good Mud Pot, food ,cooking, kitchen, food news, food updates