റിവേപ്പില ഒഴിച്ചുള്ള കറികള്‍ കുറവാണ് മലയാളികള്‍ക്ക്. ധാരാളം പോഷകവസ്തുക്കള്‍ അടങ്ങിയിട്ടുള്ള കറിവേപ്പില കഴിക്കണമെന്ന് ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കാറുണ്ട്. സംഗതി ഇതൊക്കെയാണെങ്കിലും കീടനാശിനികള്‍ ഏറ്റവും കൂടുതല്‍ പ്രയോഗിക്കപ്പെടുന്ന ഒരു ഭക്ഷ്യവിഭവമാണ് കറിവേപ്പില. 

നാട്ടുമ്പുറത്തെ പറമ്പുകളിലും വീട്ടുവളപ്പിലും അടുക്കളത്തോട്ടത്തിലും ഒക്കെയായി കഴിവതും വീട്ടില്‍ തന്നെ കറിവേപ്പില വളര്‍ത്തുകയാണ് മിക്കവരും. എന്നാല്‍ നാടുവിട്ടു മാറി നില്‍ക്കുന്നവരെ സംബന്ധിച്ച് മറ്റു പച്ചക്കറികള്‍ പോലെ തന്നെ കറിവേപ്പിലയും കടയില്‍ നിന്നും മാത്രം വാങ്ങാന്‍ കിട്ടുന്ന സാധനമാണ്. 

പിന്നെ ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം നാട്ടില്‍ നിന്നും തിരിച്ചു പോകുമ്പോള്‍ കൊണ്ടു പോകുന്ന കറിവേപ്പില, അല്ലെങ്കില്‍ ആരെങ്കിലും കൊണ്ടു തരുന്ന കറിവേപ്പില കുറച്ചധികം ദിവസം, ഏകദേശം ഒരു മാസത്തോളമെങ്കിലും സൂക്ഷിച്ചുവയ്ക്കാന്‍ കഴിയുക എന്നതാണ്. 

കറിവേപ്പില അങ്ങനെ സൂക്ഷിച്ചുവയ്ക്കാനും ചില വഴികളുണ്ട്. അവ പരിചയപ്പെടാം. അതിന് മുമ്പ് കടയില്‍ നിന്നും കറിവേപ്പില വാങ്ങിയ ശേഷം എങ്ങനെ വൃത്തിയാക്കണമെന്ന് നോക്കാം. പരമാവധി വിഷം കളഞ്ഞ് കഴുകിയെടുക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. 

കറിവേപ്പില വാങ്ങി വീട്ടില്‍ എത്തിയാല്‍ ആദ്യം തന്നെ ഒരു വലിയ പാത്രത്തില്‍ വെള്ളമെടുത്ത് അതില്‍ അല്‍പം മഞ്ഞള്‍പൊടിയിട്ട് കലക്കിയ ശേഷം കറിവേപ്പില അതില്‍ അഞ്ചുപത്ത് മിനിറ്റ് മുക്കി വയ്ക്കുക. ശേഷം നന്നായി കൈകൊണ്ട് വെള്ളത്തില്‍ ഉലച്ചും പൈപ്പ് ശക്തിയായി തുറന്നുവിട്ട് അതിനടിയില്‍ പിടിച്ചും  കഴുകിയെടുക്കുക. 

ഇങ്ങനെ ചെയ്ത ശേഷം കറിവേപ്പില വെള്ളത്തില്‍ നിന്നെടുത്ത് നന്നായി കുടഞ്ഞ് അതിലെ വെള്ളം കളയുക. ഇങ്ങനെ ചെയ്താല്‍ ഇലയില്‍ നിന്നും ഭൂരിഭാഗം വെള്ളവും പോകും. ഇനി ഈ ഇല വൃത്തിയുള്ള ഒരു കോട്ടണ്‍ തുണിയിലോ ടവലിലോ അല്ലെങ്കില്‍ പേപ്പറിലോ നിരത്തി വയ്ക്കുക. 

Curry Leaves
Image Courtesy:  pixabay

ഇലയിലെ വെള്ളം മുഴുവന്‍ വലിഞ്ഞു പോകാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് ഫാനിന്റെ അടിയില്‍ വച്ചാല്‍ വെള്ളം തുണിയിലേക്ക് വലിഞ്ഞു പോകുന്നതിനൊപ്പം ഫാനിന്റെ കാറ്റ് കൊണ്ടും ഇലയിലെ ഈര്‍പ്പം പെട്ടെന്ന് വലിഞ്ഞു പോകും. 

ഇല നന്നായി ഉണങ്ങി എന്ന് ഉറപ്പു വന്നാല്‍ മാത്രം കറിവേപ്പില തണ്ടുകളായി അടര്‍ത്തി മാറ്റുക. ഇലകളായി മാത്രം വേണമെങ്കിലും അടര്‍ത്തി മാറ്റാം. ഇനി വായു ഒട്ടും ഉള്ളില്‍ കയറത്ത തരത്തില്‍ അടച്ചോ കെട്ടിയോ വയ്ക്കാവുന്ന പ്ലാസ്റ്റിക് ടിന്നുകളിലോ കവറുകളിലോ ഇങ്ങനെ കഴുകി ഉണക്കിയ കറിവേപ്പില നിറച്ച് ഫ്രിഡ്ജില്‍ വയ്ക്കാം. 

കറിവേപ്പില കുറച്ചധികം ഉണ്ടെങ്കില്‍ അത് ചെറിയ അളവുകളായി ഒന്നിലധികം കവറുകളിലോ പാത്രങ്ങളിലോ ആക്കി ഫ്രിഡ്ജില്‍ വയ്ക്കുക. ഓരോ തവണ എടുക്കുമ്പോഴും വായു കയറി കറിവേപ്പില കൂട്ടത്തോടെ നശിച്ചു പോകാതിരിക്കാന്‍ ഇത് സഹായിക്കും. 

ഏകദേശം ഒരു മാസം വരെ കറിവേപ്പില ഇത്തരത്തില്‍ സൂക്ഷിക്കാന്‍ സാധിക്കും, ചിലപ്പോള്‍ ഒരു മാസത്തിലധികവും. ഇനി, ഗുണത്തിലോ മണത്തിലോ വ്യത്യാസം വരാതെ കറിവേപ്പില വേണമെങ്കില്‍ ഉണക്കിപ്പൊടിച്ചും സൂക്ഷിക്കാം. വിദേശത്തൊക്കെ ഉള്ളവര്‍ക്ക് ഈ രീതിയും പരീക്ഷിക്കാം.