-
കോവിഡ് കാലവും ചക്കക്കാലവും ഒന്നിച്ചുവന്നപ്പോള്‍ കേരളത്തിന്റെ തീന്‍മേശയില്‍ ചക്കവിഭവങ്ങള്‍ പതിവായി. ആവശ്യത്തിനുപയോഗിച്ച് ബാക്കി എന്തുചെയ്യണമെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ഉണക്കിസൂക്ഷിക്കുക എന്നതാണ് പരിഹാരം. ഒരുവര്‍ഷംവരെ കേടുകൂടാതെ ഇരിക്കും. വര്‍ഷം 50 കോടിയോളം ചക്ക കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ സീസണ്‍വരെ അയല്‍സംസ്ഥാനങ്ങളിലേക്കും ഉത്തരേന്ത്യയിലേക്കും വന്‍തോതില്‍ കയറ്റിവിട്ടിരുന്നു. ഇക്കുറി ചക്ക സീസണിനൊപ്പം കോവിഡ് നിയന്ത്രണങ്ങളും വന്നു. മിച്ചമുള്ള ചക്ക കയറ്റിയയക്കാനാവില്ല. പിന്നെയുള്ള വഴി അധികമുള്ള ചക്ക, ഉത്പന്നങ്ങളാക്കുകയെന്നതാണ്. അതു കഴിഞ്ഞുള്ളതെന്തു ചെയ്യും?
അധികസമയവുമായി മല്ലിടുന്നവര്‍ക്ക് കോവിഡ് ആക്ടിവിറ്റിയായി ഒരു ചക്ക ചലഞ്ച്- ചക്ക ഉണക്കുക. പിന്നീട് ആവശ്യംപോലെ എടുത്ത് പുഴുക്കും അവിയലുമൊക്കെ ഉണ്ടാക്കാം. പൊടിച്ചാല്‍ അത് പലഹാരത്തില്‍ ചേര്‍ത്ത് ഉപയോഗിക്കുകയും ചെയ്യാം. പുഴുക്കിന് പാകമായ പച്ചച്ചക്കയാണ് ഇതിന് അനുയോജ്യം. വരിക്കയോ കൂഴയോ ആകാം. ചക്കച്ചുള എടുത്ത് ചെറുതായി നുറുക്കി തിളയ്ക്കുന്ന വെള്ളത്തില്‍ മൂന്നോ നാലോ മിനിറ്റ് മുക്കിവെക്കണം. ഉടന്‍തന്നെ തണുത്ത വെള്ളത്തിലിട്ട് ചൂടുമാറ്റണം. തുടര്‍ന്ന് വെള്ളം വാര്‍ന്നുപോകാനായി ഇത് സുഷിരമുള്ള പാത്രത്തില്‍ കോരിവെക്കുക. രാത്രി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. പായയിലോ ഷീറ്റിലോ വെയിലത്തിട്ട് ഉണക്കലാണ് അടുത്ത പടി. രണ്ടോ മൂന്നോ ദിവസംകൊണ്ട് നന്നായി ഉണങ്ങും. ശബ്ദത്തോടെ ഒടിയുന്നതാണ് ഉണക്ക് പരുവം. ഈര്‍പ്പം തട്ടാത്തവിധം പ്‌ളാസ്റ്റിക് കവറിലോ ടിന്നിലോ ഇത് സൂക്ഷിക്കുക. ഈ ഉണക്ക ചക്കച്ചുള പൊടിച്ചോ കുതിര്‍ത്ത് കറിവെച്ചോ ഉപയോഗിക്കാം. പുഴുക്കിനും ഉപയോഗിക്കാം. ചക്കപ്പൊടി ഉപയോഗിച്ച് പുട്ട്, ഇടിയപ്പം, ഉപ്പുമാവ്, അട, കുറുക്ക്, ദോശ, ചപ്പാത്തി എന്നിവയെല്ലാം ഉണ്ടാക്കാം.
അരിപ്പൊടിയുടെയും ഗോതമ്പിന്റെയും മൂന്നിലൊന്ന് ചക്കപ്പൊടിയെന്നാണ് ചേരുവ കണക്ക്. പ്രമേഹമുള്ളവര്‍ മരുന്നിനൊപ്പം ചക്കപ്പൊടിയും കഴിക്കുന്നത് പതിവാക്കിയിട്ടുണ്ട്. വളരെയധികം ഔഷധഗുണമുള്ളതാണ് ചക്കയെന്ന് വിദഗ്ധര്‍ സാക്ഷ്യം പറഞ്ഞിട്ടുമുണ്ട്. 250 കിലോഗ്രാം പച്ചച്ചക്കയുണ്ടെങ്കിലേ 10 കിലോഗ്രാം ഉണക്കച്ചക്ക കിട്ടൂ. ഇത് ഒരുവര്‍ഷംവരെ ഉപയോഗിക്കാം.
കടപ്പാട്: ജിസ്സി ജോര്‍ജ്, സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ്, കൃഷിവിജ്ഞാന്‍ കേന്ദ്ര, കായംകുളം
Content Highlights: how to preserve jackfruit for different snacks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..