പരമ്പരാഗത ശൈലിയിൽ ഓണസദ്യയുണ്ണാം; അറിയാം ഓണസദ്യയിലെ ചിട്ടവട്ടങ്ങൾ


കാലമെത്രമാറിയാലും നിക്കാന്‍ സമയമില്ലാതെ ഓട്ടപ്പാച്ചിലാണെങ്കിലും ഓണത്തിന് ഇലയിട്ട് സദ്യയുണ്ണാത്തവര്‍ കുറവാണ്.

ഫാറൂഖ് ട്രെയിനിങ് കോളേജിലെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഓണസദ്യ

''ഓണത്തപ്പാ കുടവയറാ

തിരുവോണക്കറിയെന്തെല്ലാം?

ചേനത്തണ്ടും ചെറുപയറും കാടും പടലവുമെരിശ്ശേരി

വാഴയ്ക്കാച്ചുണ്ടുപ്പേരി മാമ്പഴമിട്ട പുളിശ്ശേരി

കാച്ചിയ മോരും നാരങ്ങാക്കറീം പച്ചടി കിച്ചടിയച്ചാറും...''

രാമനാട്ടുകര: ഓണം കൂട്ടായ്മയുടെ മഹോത്സവമാണെങ്കില്‍ ഓണസദ്യ വാഴയിലയിലെ വിഭവങ്ങളുടെ സമ്മേളനമാണ്. തൂശനില, അതില്‍ വിളമ്പിയ ആവിപറക്കുന്ന ചോറ്്, ഇലനിറയെ കാളനും കൂട്ടുകറിയും അവിയലും പച്ചടിയും ഉപ്പേരിയും അച്ചാറും പപ്പടവും... പിന്നെ ഒരുകൂട്ടം വിഭവങ്ങള്‍ വേറെയും.

സീതാസ്വയംവരത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍ പാടിയതുപോലെ കേള്‍ക്കുമ്പോള്‍ത്തന്നെ നാവില്‍ വെള്ളമൂറിത്തുടങ്ങും. എല്ലാംകൂടി കൂട്ടിക്കുഴച്ച് കഴിക്കുമ്പോള്‍ വയറുമാത്രമല്ല മനസ്സും നിറയും.

ഓര്‍മകള്‍ക്ക് നരബാധിച്ചിട്ടില്ലാത്ത പ്രായംചെന്നവരെ കണ്ടാല്‍ ചിരട്ടപ്പാത്രത്തില്‍ മണ്‍ചോറും പച്ചിലക്കറികളും ഒരുക്കി വട്ടയിലയില്‍ സദ്യവിളമ്പി കഴിച്ചിരുന്ന കുട്ടിക്കാലത്തെ അവര്‍ വാക്കുകളില്‍ നിറയ്ക്കും. അന്നൊക്കെ മാസങ്ങള്‍ക്കുമുമ്പ് സദ്യക്കുള്ള ആസൂത്രണം തുടങ്ങുമായിരുന്നത്രേ. പയറും കുമ്പളവും വെള്ളരിക്കയും നേന്ത്രക്കായയുമൊക്കെ തൊടിയില്‍ കൃഷിചെയ്‌തെടുക്കും. മാങ്ങയും നാരങ്ങയുമൊക്കെ പറിച്ച് ഉപ്പിലിടും. അടപ്രഥമന് അരച്ചെടുത്ത അരിമാവ് വാഴയിലക്കീറില്‍ പരത്തി ചുരുട്ടി പുഴുങ്ങി ഉണക്കിയെടുക്കും. പാല്‍ വറ്റിച്ച് ഉറകൂട്ടി തൈരുകടഞ്ഞ് വെണ്ണ ഉരുക്കി നെയ്യുണ്ടാക്കും. അങ്ങനെ സദ്യയൊരുക്കാന്‍ വേണ്ടതൊക്കെ തയ്യാറാക്കിവെക്കുന്ന കാലമൊക്കെ പോയെന്ന് ഒരു നെടുവീര്‍പ്പോടെ അവര്‍ പറഞ്ഞുതീര്‍ക്കും.

ഇന്നിപ്പോള്‍ മലയാളിയുടെ തൂശനിലയില്‍ വിഭവം നിറയ്ക്കാന്‍ അരിയും പച്ചക്കറിയുമായി അതിര്‍ത്തികടന്ന് ലോറിവരണമെന്ന സ്ഥിതിയായി. സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഓഫര്‍ നോക്കി വിഭവം തീരുമാനിക്കുന്ന നിലയിലായി.

കാലമെത്രമാറിയാലും നിക്കാന്‍ സമയമില്ലാതെ ഓട്ടപ്പാച്ചിലാണെങ്കിലും ഓണത്തിന് ഇലയിട്ട് സദ്യയുണ്ണാത്തവര്‍ കുറവാണ്. വീട്ടില്‍ വെച്ചുവിളമ്പി ഇലയിട്ട് ഉണ്ണാന്‍തന്നെയാണ് കൂടുതല്‍ രസമെങ്കിലും കോവിഡനന്തരം അതിന് വലിയ മാറ്റംവന്നിട്ടുണ്ട്. ഇന്നിപ്പോള്‍ ഒന്നുവിളിച്ചുപറഞ്ഞാല്‍ ഇരുപതും മുപ്പതും കൂട്ടം വിഭവങ്ങളുമായി സദ്യയും പായസവും വീട്ടിലെത്തും. തൊടിയില്‍നിന്ന് പൂക്കള്‍ പടിയിറങ്ങിയപ്പോള്‍ മറുനാടന്‍പൂക്കള്‍ വീട്ടുമുറ്റത്തേക്ക് മടിയേതുമില്ലാതെ കടന്നുവന്നതുപോലെ സദ്യയും റെഡിമെയ്ഡായി കിട്ടുമെന്നായി. ചെറിയ മെസ്ഹൗസ്മുതല്‍ വന്‍കിട ഹോട്ടലുകള്‍വരെ ഓണനാളുകളില്‍ സദ്യ വില്‍പ്പനയ്‌ക്കൊരുക്കുന്നുണ്ട്. വിഭവങ്ങളുടെ എണ്ണവും പായസത്തിന്റെ തരവും കാണിച്ച് പരസ്യം കാണിക്കുന്ന രീതിയാണ് പൊതുവിലുള്ളത്. വിലയിലെ കുറവുകാണിച്ചും വിപണിപിടിക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. ഓഫീസുകളിലും സ്ഥാപനങ്ങളിലും സദ്യ വെച്ചുവിളമ്പുന്നത് കുറവാണ്. പകരം കാറ്ററിങ് യൂണിറ്റുകളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. ഒരു ഫോണ്‍കോളില്‍ ബുക്കിങ് നടക്കുമെന്നതും സദ്യയെത്തിക്കുന്നതുമുതല്‍ എല്ലാം കഴിഞ്ഞ് സ്ഥലം വൃത്തിയാക്കി അവശിഷ്ടങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതുവരെ കാറ്ററിങ് യൂണിറ്റുകള്‍ ഏറ്റെടുക്കുന്നുണ്ട്. ഇതുകൊണ്ടുകൂടിയാണ് കാറ്ററിങ് നടത്തിപ്പുകാര്‍ക്ക് സദ്യയുടെ ഓര്‍ഡര്‍ ലഭിക്കുന്നത്.

ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട് നമ്മുടെ സദ്യയ്ക്ക്

അങ്ങനെ തോന്നിയപടി വാരിവലിച്ചു കഴിക്കാനുള്ളതല്ല സദ്യ. അതിനുചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ഓണസദ്യ ഒരുക്കാന്‍ ഏകദേശമൊക്കെ എല്ലാവര്‍ക്കും അറിയാമായിരിക്കും എന്നാല്‍ ചിട്ടയോടെ ഓണസദ്യ കഴിക്കാന്‍ എത്രപേര്‍ക്കറിയാം. അത്തം തുടങ്ങുമ്പോള്‍ത്തന്നെ തുടങ്ങുന്ന സദ്യയുടെ ഒരുക്കങ്ങളുടെ കലാശക്കൊട്ടാണ് തിരുവോണനാളിലെ ഓണസദ്യ. പഴമക്കാര്‍ ഓണസദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനും പ്രത്യേകം ക്രമംഅനുശാസിച്ചിരുന്നു. അത് ഇങ്ങനെയാണ്; എരിവുകുറഞ്ഞ പരിപ്പ് കറിയ്‌ക്കൊപ്പം എരിവുകൂടിയ കൂട്ടുകറിയോ അവിയലോ തോരനോ വേണം കഴിക്കാന്‍. എരിവു കൂടിയ സാമ്പാറിനൊപ്പം കഴിക്കാനുള്ളതാണ് മധുരക്കറിയും തൈര് ചേര്‍ത്ത കിച്ചടികളും. അത്യാവശ്യം നല്ല അളവില്‍ വയറ്റിലെത്തിയ എരിവിന് ആശ്വാസമായി വേണം പായസം കുടിക്കാന്‍. പായസത്തിന്റെ മധുരം കാരണം വായ് ചൊടിക്കാതെയിരിക്കാനാണ് അതിനോടൊപ്പം നാരങ്ങാഅച്ചാര്‍ തൊട്ടു കൂട്ടേണ്ടത്. പായസം കുടിച്ചു കഴിഞ്ഞാല്‍ പുളിശ്ശേരിയിലേക്ക് കടക്കാം. പുളിശ്ശേരിക്കൊപ്പംവേണം മാങ്ങാഅച്ചാര്‍ കഴിക്കാന്‍. ദഹനത്തിനായി ഓലനും കഴിക്കാം. ഇനി രസവും അതിനൊപ്പം ഇഞ്ചിക്കറിയും കഴിക്കണം. ഇതോടെ സദ്യയുടെ ദഹനത്തിനുള്ള വകയായി. ഏറ്റവും ഒടുവിലായി പച്ചമോരും പാവയ്ക്കാച്ചാറും. ഇത് വായുക്ഷോഭം ശമിപ്പിക്കും. ചുരുക്കത്തില്‍ എരിവ്, പുളി, ഉപ്പ്, മധുരം, കൈയ്പ്, ചവര്‍പ്പ് എന്നീ ഷഡ് രസങ്ങളും ചേര്‍ന്നതാണ് ഓണസദ്യ. കൃത്യമായ ഈ വ്യവസ്ഥപ്രകാരമാണ് സദ്യ കഴിക്കേണ്ടത്. അല്ലാത്തപക്ഷം ആരോഗ്യത്തെതന്നെ സദ്യ ദോഷകരമായി ബാധിച്ചേക്കാം.

Content Highlights: onam sadya, how to eat onam sadya, onam celebration, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented