രു മുട്ട പുഴുങ്ങുന്നതിനെപ്പറ്റി എന്താ ഇപ്പൊ ഇത്ര പറയാന്‍ എന്നാവും നിങ്ങള്‍ ഇപ്പോള്‍ വിചാരിക്കുന്നത്. പറയാനുണ്ട്, പാചകം എന്നത് ചില പൊടിക്കൈകളുടേതും സൂത്രപ്പണികളുടേതും ഒക്കെക്കൂടിയാണ്. ഇത് അറിഞ്ഞിരിക്കുക എന്നതാണ് നന്നായി പാചകം ചെയ്യാന്‍ കഴിയുക എന്നതിന്റെ ആദ്യപടി. 

പാചകം രണ്ടു രീതിയില്‍ ചെയ്യാം... ഒന്നുകില്‍ എവിടെ നിന്നെങ്കിലും കിട്ടുന്ന റസിപ്പിയും നമ്മുടെ കൈയ്യിലുള്ള സാധനങ്ങളും നോക്കി ഒരൂഹത്തിലുള്ള പരീക്ഷണം. അല്ലെങ്കില്‍ കൃത്യമായ രീതികള്‍ അറിഞ്ഞ് ആസ്വദിച്ചുള്ള പാചകം. ഇതില്‍ നിങ്ങളേത് ഗണത്തില്‍പെടും എന്ന് സ്വയം തീരുമാനിക്കാം. 

മേല്‍പറഞ്ഞതില്‍, ശരീയായ രീതിയില്‍ പാചകം അറിയാതെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം അടുക്കളയില്‍ കയറേണ്ടി വരന്നവരെ ഉദ്ദേശിച്ചാണ് ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍. ഇതൊക്കെ ഇപ്പൊ ആര്‍ക്കാ അറിയാത്തെ എന്നു പറഞ്ഞ് പുച്ഛിക്കുന്നതിന് മുമ്പ് അറിയാത്തവര്‍ക്ക് പ്രയോജനപ്പെടട്ടേ എന്നു കരുതാം. 

എല്ലാവര്‍ക്കും എല്ലാം അറിയാമായിരിക്കണം എന്നില്ലല്ലോ, പ്രത്യേകിച്ച് പാചകത്തിന്റെ കാര്യത്തില്‍. അടുക്കളയില്‍ എന്തെങ്കിലും ഉണ്ടാക്കുന്നതിനിടയില്‍, അമ്മ ഉണ്ടാക്കുമ്പോള്‍ ഇതിങ്ങനെയല്ലോ ഉണ്ടാകാറ് എന്നു ചിന്തിക്കാത്തവര്‍ കുറവായിരിക്കും. 

അമ്മ മുട്ട പുഴുങ്ങുമ്പോള്‍ പൊട്ടാറില്ലല്ലോ എന്നു നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ... എങ്കില്‍ നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഈ പൊടിക്കൈകള്‍. മുട്ട പുഴുങ്ങാനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഈ പൊടിക്കൈകള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും പ്രയോജനപ്പെടും.

മുട്ട പുഴുങ്ങുന്ന വെള്ളം ഇളം ചൂടായ ശേഷം ഇതിലേക്ക് ഒരു സ്പൂണ്‍ ഉപ്പ് കൂടി ചേര്‍ത്ത ശേഷം മുട്ട വെള്ളത്തിലേക്ക് ഇടുക, മുട്ട പൊട്ടാതെ പുഴുങ്ങിക്കിട്ടും. തീ കുറച്ച ശേഷം വേണം മുട്ട വെള്ളത്തിലേക്കിടാന്‍. മുട്ട നേരിട്ട് വെള്ളത്തിലേക്കിടാതെ സ്പൂണോ മറ്റോ ഉപയോഗിച്ച് പതുക്കെ വെള്ളത്തിലേക്കിടുക. 

Boiling Egg
Image Courtesy: pixabay

കുറഞ്ഞ തീയില്‍ തന്നെ നാലോ അഞ്ചോ മിനിറ്റ് മുട്ട വേകാന്‍ അനുവദിക്കുക. തിളയ്ക്കുന്ന വെള്ളത്തിലേക്കിട്ടാല്‍ മുട്ട പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. നാലഞ്ചു മിനിറ്റിനു ശേഷം തീ കൂട്ടാം. ഇനി വെള്ളം തിളച്ചാലും കുഴപ്പമില്ല. 

മുട്ട പുഴുങ്ങാനുള്ള വെള്ളത്തിലേക്ക് ഉപ്പിനു പകരം അല്‍പം വിനാഗിരി ഒഴിച്ച ശേഷം മേല്‍ പറഞ്ഞതുപോലെ പുഴുങ്ങിയാലും മുട്ട പൊട്ടാതെ കിട്ടും. കുക്കറിലും ഇത്തരത്തില്‍ മുട്ട പുഴുങ്ങാം. രണ്ട് വിസിലാണ് കുക്കറില്‍ മുട്ട പുഴുങ്ങിക്കിട്ടാനുള്ള സമയം. 

ഫ്രീഡ്ജില്‍ വച്ച മുട്ടയാണ് പുഴുങ്ങാന്‍ എടുക്കുന്നതെങ്കില്‍ പുഴുങ്ങുന്നതിന് പത്ത് മിനിറ്റ് മുമ്പ് മുട്ടയെടുത്ത് പുറത്തു വച്ച് അതിന്റെ തണുപ്പ് പോയശേഷമേ പുഴുങ്ങാവൂ. ഇല്ലെങ്കില്‍ മുട്ട പെട്ടെന്ന് പൊട്ടിപ്പോകും. ഫ്രിഡ്ജില്‍ നിന്നെടുത്ത മുട്ട പുഴുങ്ങുന്ന വെള്ളത്തില്‍ അല്‍പം എണ്ണ കൂടി ചേര്‍ത്താല്‍ മുട്ടയുടെ തോട് പൊട്ടുന്നത് ഒഴിവാക്കാം. 

ഫ്രിഡ്ജില്‍ നിന്നെടുക്കുന്ന മുട്ട കുറച്ചു നേരം സാധാരണവെള്ളത്തില്‍ മുക്കിവച്ചാല്‍ അധിക തണുപ്പ് കുറച്ച് വേഗം മാറിക്കിട്ടും. പുഴുങ്ങിയ മുട്ട തണുത്ത ശേഷം വേണം പുഴുങ്ങിയ മുട്ട പൊളിച്ചെടുക്കാന്‍. ഇല്ലെങ്കില്‍ മുട്ടയുടെ തോടില്‍ ഒട്ടിപ്പിടിക്കും. ചൂടുവെള്ളത്തില്‍ നിന്നും എടുക്കുന്ന മുട്ട കുറച്ചു നേരം തണുത്ത വെള്ളത്തിലിട്ട് വയ്ക്കുക. അതിനുശേഷം പൊളിച്ചെടുക്കാം. 

പുഴുങ്ങിയ മുട്ട കത്തി ഉപയോഗിച്ച മുറിക്കുന്നതിനേക്കാള്‍ നല്ലത് നൂല്‍ ഉപയോഗിച്ച് മുറിക്കുന്നതാണ്. ഇങ്ങനെ ചെയ്താല്‍ മുട്ട പൊടിയാതെ കിട്ടും. മുട്ട ഫ്രിഡ്ജില്‍ വയ്ക്കുന്നതിന് മുമ്പ് നന്നായി കഴുകി തുടച്ച ശേഷം വയ്ക്കുക. മുട്ടത്തോടിന് പുറത്തുള്ള അഴുക്കും അതിലെ ബാക്ടീരിയയും ഫ്രിഡ്ജിലെ മറ്റ് സാധനങ്ങളിലേക്കും പടരാതിരിക്കാനാണിത്.