കൊറോണക്കാലത്ത് എല്ലാവരും വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരാണ്. പുതിയ ശീലങ്ങളും സമയക്രമങ്ങളുമൊക്കെയായി പൊരുത്തപ്പെടാന്‍ പൊരുതുകയാണ് മിക്കവരും. ഭക്ഷണശീലങ്ങള്‍, ഉറക്കം, വ്യായാമം... എല്ലാം തലതിരിയുന്ന സമയം. വീട്ടിലിരുന്ന് ജോലി എടുക്കുന്നതിന്‍രെ ടെന്‍ഷനുകള്‍ വേറെയും. ഇതിനിടയില്‍ പലരും തുടങ്ങിയ പുതിയ സ്വഭാവവാണ് സ്‌നാക്കിങ് അഥവാ ഇടയ്ക്കിടെ കൈയില്‍ കിട്ടുന്നത് കൊറിക്കല്‍. ഇതത്ര ആരോഗ്യത്തിന് നല്ലതല്ല എന്നാണ് ന്യൂട്രീഷനിസ്റ്റുകളുടെ അഭിപ്രായം. ആളുകള്‍ പൊണ്ണത്തടിയന്‍മാരാകുമെന്ന് മാത്രമല്ല, അവശ്യ ഭക്ഷണസാധനങ്ങളുടെ കുറവ് അനുഭവപ്പെടുമ്പോള്‍ ഇങ്ങനെ കൊറിക്കുന്ന സ്വഭാവം കൂടിയായാല്‍ അടുക്കളയുടെ ബാലന്‍സും തെറ്റും. 

കൊറിക്കലിനു പിന്നിലെ മന:ശാസ്ത്രം

മാനസികം തന്നെയാണ് ഇതിന് പിന്നിലെ കാര്യം. വീടിനുള്ളില്‍, താമസിക്കുന്ന സ്ഥലത്ത് എല്ലാം ഒരു ടെന്‍ഷന്‍ നിറഞ്ഞ അവസ്ഥയാണ് ഇപ്പോള്‍. ഒറ്റപ്പെടല്‍, സ്വാതന്ത്ര്യമില്ലായ്മ, ഭയം, ദേഷ്യം, സ്‌ട്രെസ്, ബോറടിക്കല്‍... കാരണങ്ങള്‍ ഏറെയുണ്ട്. 

ഈ സമയത്ത് ആളുകള്‍ തിന്നുതീര്‍ക്കുന്നതൊന്നും ആരോഗ്യകരമായ ഭക്ഷണവുമല്ല. ബിസ്‌കറ്റ്, ചിപ്‌സ്, ചോക്ലേറ്റ്, ഐസ്‌ക്രീംസ്... കുട്ടികളാണ് ഇതിന് ഏറ്റവും വലിയ അടിമകളാകുന്നത്. കളിച്ച് നടക്കേണ്ട അവധിക്കാലത്ത് അടച്ചിരുന്നാല്‍ അവരെന്ത് ചെയ്യും. 

സ്‌നാക്കിങ് കുറയ്ക്കാന്‍ ഇതാണ് വഴികള്‍

1. വീടിനുള്ളില്‍ പാട്ട് കേട്ടുകൊണ്ട് പത്ത് മിനിറ്റ് നടക്കാം. പുസ്തകം വായിക്കാം... ഇഷ്ടമുള്ള മറ്റ് കാര്യങ്ങളിലേയ്ക്ക് ശ്രദ്ധ തിരിക്കാം.

2. തലച്ചോറിനെ പണിയെടുപ്പിക്കുന്ന സുഡോക്കു, ക്രോസ്‌വേഡ് പോലുള്ള പസ്സില്‍ ഗെയിമുകള്‍ കളിക്കാം. 

3. സ്‌നാക്കിങ് ഫീലിങ് തോന്നുമ്പോള്‍ ധാരാളം വെള്ളംകുടിക്കുക. 

5. സ്‌നാക്‌സും ചിപ്‌സും ഒന്നും വര്‍ക്കിങ്‌ ടേബിളിന് അരികിലോ ടി.വി റൂമിലോ വയ്‌ക്കേണ്ട. അടുക്കളയില്‍ പാത്രത്തിലടച്ച് സൂക്ഷിക്കാം. 

6. സ്‌നാക്‌സ് കഴിക്കാന്‍ എടുക്കുമ്പോള്‍ പാക്കറ്റോടെ എടുക്കാതെ ഒരു പാത്രത്തില്‍ അല്പം ഇട്ട് അത് കഴിക്കാം. 

7. സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ കഴിയുന്നതും സ്‌നാക്കിങ് ഐറ്റംസ് വാങ്ങാതെ ഇരിക്കാം. അല്ലെങ്കില്‍ എണ്ണം കുറയ്ക്കാം. 

8. സമയത്ത് ശരിയായി ഭക്ഷണം കഴിക്കാന്‍ മറക്കേണ്ട. 

9. കൂടുതല്‍ സമയം ഉറങ്ങുന്നതും നല്ലതാണ്. 

Content Highlights: How to avoid snacking at Corona Lock down