ല്യാണശേഷമുള്ള ഔട്ട്‌ഡോര്‍ ഷൂട്ടിങ് എന്നു പറഞ്ഞാല്‍ മഞ്ഞു മൂടിയ മലഞ്ചെരിവോ വെയില്‍ വീണ കടല്‍ത്തീരമോ പിന്നെ അതിന്റെയൊക്കെ ഇടയിലൂടെ കൈകോര്‍ത്ത് പിടിച്ച് ഓടിവരുന്ന ചെക്കനും പെണ്ണുമായിരിക്കും നിങ്ങളുടെ മനസിലേക്ക് ആദ്യം എത്തുന്നത്. 

ശരിക്കുമുള്ള ജീവിതവുമായി വലിയ ബന്ധമൊന്നുമില്ലെങ്കിലും സിനിമാ സ്റ്റൈലില്‍ നായികയേയും നായകനേയും പോലെ അഭിനയിച്ചു തകര്‍ക്കാനുള്ള ഒരവസരമാണല്ലോ അത്. എന്നാലിവിടെ കല്യാണം കഴിഞ്ഞുള്ള ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യത്തിലേക്കാണ് ഈ ചെക്കന്‍ തന്റെ പെണ്ണിനെയും കൊണ്ട് ഔട്ടഡോര്‍ ഷൂട്ടിന് പോകുന്നത്. 

മസാലയുടെയും മധുരങ്ങളുടെയും കൊതിപ്പിക്കുന്ന മണം രാവെന്നോ പകലെന്നോ ഇല്ലാതെ പരക്കുന്ന കോഴിക്കോടന്‍ നഗരവീഥികളിലൂടെ പുതുപ്പെണ്ണിനെയും കൊണ്ട് ആഹാരപ്രിയനായ ചെറുക്കന്‍ നടത്തുന്ന പ്രണയാതുരമായൊരു ബൈക്ക് യാത്രയാണ് 'ഹണിമൂണ്‍ അറ്റ് കോഴിക്കോട്' എന്ന വീഡിയോ. 

wedding
Youtube Screen Captured: TheREELnotTaken

മലമുകളിലും പുഴക്കരയിലും കടപ്പുറത്തുമൊക്കെയാണ് സാധാരണ കല്ല്യാണ ഔട്ട്‌ഡോര്‍ ഷൂട്ട് നടക്കാറുള്ളത്... അത്തരം ക്ലീഷേ കാഴ്ചകളില്‍ നിന്നും വ്യത്യസ്തമാണ് ഈ വീഡിയോ. രുചികളുടെ നഗരമായ കോഴിക്കോട്ടെ റെസ്റ്റോറന്റുകളെ ആധാരമാക്കിയാണ് ഇവരുടെ സഞ്ചാരം. 

'പാരഗണ്‍' ഹോട്ടലിന്റെ കുശിനിക്കാര്‍ വെള്ളപ്പം ചുടുന്നത് നോക്കി നിന്നും 'അമ്മ മെസ്സിന്റെ' അടുക്കളയില്‍ നല്ല മുളകിട്ട മീന്‍ വറുത്തും മില്‍ക്ക് സര്‍ബ്ബത്ത് കടയുടെ മുന്നിലെ ആള്‍ക്കൂട്ടത്തില്‍ കൊതിയോടെ കാത്തു നിന്നും കടപ്പുറത്തിരുന്ന് സുലൈമാനി കുടിച്ചുമൊക്കെ വ്യത്യസ്തമായ റൊമാന്‍സൊരുക്കി കൊതിപ്പിക്കുന്നു ഇവര്‍. 

wedding
Youtube Screen Captured: TheREELnotTaken

രുചിഭേദങ്ങളുടെ കലവറകളായ സാഗറും സെയിന്‍സും റഹ്മത്തും ടോപ്‌ഫോമും ബോംബെ ഹോട്ടലും ആര്യഭവനും പോലുള്ള എണ്ണിയാല്‍ തീരാത്ത കൊതിപ്പിക്കുന്ന രുചിയിടങ്ങളുള്ളപ്പോള്‍, കോഴിക്കോട്ടെ പുയ്യാപ്ലയ്ക്കും പുതുപെണ്ണിനും എന്തിനാണ് മറ്റൊരു ഹണിമൂണ്‍ ലൊക്കേഷന്‍ എന്നാണ് വീഡിയോയുടെ അണിയറക്കാരുടെ ചോദ്യം. 

ഭക്ഷണത്തെ ആധാരമാക്കി ഇറങ്ങിയ മലയാള ചലച്ചിത്രങ്ങളായ 'ഉസ്താദ് ഹോട്ടലിലെ' വാചകങ്ങളും 'സോള്‍ട്ട് ആന്റ് പേപ്പറിലെ' ഗാനവും മിക്‌സ് ചെയ്താണ് രുചിയുടെ നഗരത്തിലെ മധുവിധു കറക്കത്തിന്റെ ഓഡിയോ ട്രാക്ക് ഒരുക്കിയിരിക്കുന്നത്. 

wedding
Youtube Screen Captured: TheREELnotTaken

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ താമരശ്ശേരി ശാഖയിലെ ഉദ്യോഗസ്ഥനായ കോഴിക്കോട്ടുകാരന്‍ സ്വരൂപും വടകരക്കാരിയായ അനഘയുമാണ് വീഡിയോയിലെ നായകനും നായികയും. സ്വരൂപിന്റെ സഹോദരീ ഭര്‍ത്താവായ അനൂപ് ഗംഗാധരന്റേതാണ് ആശയവും സംവിധാനവും. 

കല്ല്യാണത്തിന്റെ വീഡിയോ കവറേജ് ഏറ്റെടുത്തിരുന്നത് അനൂപിന്റെ തന്നെ സുഹൃത്തായ വടകരക്കാരന്‍ പ്രത്യുഷ് ആയിരുന്നു. ഔട്ട്‌ഡോര്‍ വീഡിയോയ്ക്ക് വ്യത്യസ്തമായ ആശയം തയ്യാറാക്കാമോ എന്ന് ചോദിച്ചതും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതും പ്രത്യുഷ് തന്നെ. ചെറുക്കന്‍ നല്ലൊരു ആഹാരപ്രിയനായത് കൊണ്ട് തന്നെ ആ പ്രമേയത്തില്‍ അനൂപ് സ്‌ക്രിപ്റ്റ് തയ്യാറാക്കുകയായിരുന്നു. ലനീഷ് എടച്ചേരി ഛായാഗ്രഹണവും സി.കെ. ജിതേഷ്, ആര്‍.പി. പ്രത്യുഷ് എന്നിവര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചു.