ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഹിഫ്‌നയെന്ന പതിനൊന്നുകാരി രുചികളുടെ പിന്നാലെ കൂടിയതാണ്. അമ്മയുണ്ടാക്കുന്ന വിഭവങ്ങള്‍ കൊതിയോടെ തട്ടുകയല്ല രുചികരമായ വിഭവങ്ങള്‍ സ്വന്തമായി പാകം ചെയ്ത് മറ്റുള്ളവരുടെ വയറും മനസ്സും നിറയ്ക്കുകയാണ് അവള്‍.

ഒമ്പതാം വയസ്സുമുതല്‍ തുടങ്ങിയതാണ് ഈ പാചകഭ്രമം ഹിഫ്‌നയ്ക്ക്. ഡെസേര്‍ട്ടുകളും കേക്കുകളുമാണ് ഉണ്ടാക്കാന്‍ ഏറെ ഇഷ്ടമുള്ള വിഭവങ്ങള്‍. വീട്ടില്‍ വിരുന്നുകാരൊക്കെ വന്നാല്‍ ഹിഫ്‌ന സ്‌പെഷ്യല്‍ പുഡ്ഡിങ്ങോ കേക്കോ ഉറപ്പ്. ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകളുകളുടെ തിരക്കിനിടയിലും പാചകം മുടക്കാന്‍ ഹിഫ്‌ന തയ്യാറായല്ല.

പാലക്കാട് പട്ടാമ്പിയിലാണ് ഹിഫ്‌നയുടെ വീട്. മുത്തശ്ശനും മുത്തശ്ശിയും അമ്മ ജിന്‍സിയും രണ്ട് സഹോദരിമാരും അടങ്ങുന്നതാണ് കുടുംബം. പിതാവ് അമര്‍ ഷെരീഫ് സൗദിയിലാണ്. ഹിഫ്‌നയുടെ പാചകഭ്രമത്തിന് എല്ലാവരും ഒറ്റക്കെട്ടായി ഒപ്പമുണ്ട്. 

യൂട്യൂബ് ചാനല്‍ തുടങ്ങണമെന്ന ഹിഫ്‌നയുടെ ആഗ്രഹമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്. പാചകം ഇഷ്ടമല്ലെങ്കിലും ഹിഫ്‌നയുടെ പുതിയ യൂട്യൂബ് ചാനലിന് പിന്നിലെ കൈകള്‍ മൂത്ത് സഹോദരി ഹിംനയുടേതാണ്. ഭക്ഷണമുണ്ടാക്കുന്നത് വീഡിയോയില്‍ പകര്‍ത്താനും എഡിറ്റ് ചെയ്യാനുമെല്ലാം ഹിംന റെഡി. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഹിംന.   

'ഹിഫ്‌ന കുക്ക് ഹൗസ്' എന്ന് പേരിട്ട ചാനലിലെ ആദ്യത്തെ വീഡിയോ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പരീക്ഷിക്കാവുന്ന പാന്‍ കേക്കിന്റേതാണ്. ഹിഫ്‌നയുടെ പാന്‍കേക്ക് റസിപ്പി പരിചയപ്പെടാം.

Content Highlights: Hifna eleven year old girl from Palakkad who loves cooking