ലോക്ഡൗണില്‍ ഇളവുകള്‍ വന്നെങ്കിലും ഇപ്പോഴും പലരും വര്‍ക്ക് ഫ്രം ഹോമില്‍ തന്നെയാണ്. ഈ സമയത്ത് നമ്മുടെ ആരോഗ്യം കൂടി ശ്രദ്ധിക്കാന്‍ ഇത്തിരി സമയം മാറ്റി വച്ചാലോ. പണിയെടുത്തു ക്ഷീണിച്ചാല്‍ ഇടയ്ക്കിടെ ചായകുടിക്കുന്ന സ്വഭാവമുണ്ടെങ്കില്‍ ഈ ഇമ്യൂണിറ്റി ബൂസ്റ്റിങ് ചായകള്‍ പരീക്ഷിക്കാം.

1. മഞ്ഞള്‍ ചായ

ടെര്‍മെറിക് ടീ അഥവാ മഞ്ഞള്‍ ചായ ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡയയില്‍ എല്ലാം വൈറലായിരുന്നു. ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളാണ് മഞ്ഞള്‍ ചായയെ ഇത്രയും ഹിറ്റാക്കിയത്. എന്തെങ്കിലും തരം വേദനകളുള്ളവര്‍ക്ക് ദിവസവും ശീലമാക്കാവുന്നതാണ് ഈ ചായ. മാത്രമല്ല പനിയോ ജലദോഷമോ ഉള്ളപ്പോള്‍ ആശ്വാസത്തിനും മഞ്ഞള്‍ ചായ കുടിക്കാം

തയ്യാറാക്കുന്ന വിധം

ചതച്ച ഇഞ്ചി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, രണ്ട് കപ്പ് വെള്ളം തുടങ്ങിയവ നന്നായി മിക്‌സ് ചെയ്ത ശേഷം ചെറുതീയില്‍ പത്ത് മിനിറ്റ് തിളപ്പിക്കുക. തിളച്ച് തുടങ്ങുമ്പോള്‍ ആവശ്യമെങ്കില്‍ ഒരു ടീബാഗ് ഇടാം. ഇതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങാനീരും മധുരത്തിന് അല്‍പം തേനും ചേര്‍ക്കാം. 

2. ജിഞ്ചര്‍ ടീ

പാചകപരീക്ഷണത്തിന് ഒന്നും വയ്യ, എന്നാലും എന്തെങ്കിലും വ്യത്യസ്തമായ ഭക്ഷണം വേണമെന്നും തോന്നുന്നുണ്ടെങ്കില്‍ ജിഞ്ചര്‍ ടീ പരീക്ഷിക്കാം. ചുമയോ പനിയോ ഉള്ളപ്പോള്‍ ചെറുചൂട് ജിഞ്ചര്‍ ടീ കുടിക്കാം. തൊണ്ടവേദനക്ക് ആശ്വാസം ലഭിക്കാനും ജിഞ്ചര്‍ ടീ നല്ലതാണ്. സരീരത്തിന് ഒരു വാംഫീലിങ് നല്‍കാന്‍ ഈ ചായ ഉത്തമമാണ്. 

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ രണ്ട് ഗ്ലാസ് വെള്ളമെടുത്ത് തിളപ്പിക്കുക. ഉണങ്ങാത്ത ഇഞ്ചി ഒരു കഷണം അതില്‍ ചേര്‍ക്കാം. നന്നായി തിളച്ചാല്‍ അല്‍പം നാരങ്ങാ നീരും തേനും ചേര്‍ത്ത് കുടിക്കാം. ആവശ്യമെങ്കില്‍ അല്‍പം ചായപ്പൊടി ചേര്‍ക്കാം. 

3. തുളസിചായ

പനിയോ ചുമയോ ജലദോഷമോ ഉണ്ടോ, തുളസിചായ കുടിച്ചോളൂ. ആശ്വാസം ലഭിക്കും. തുളസിയിലകള്‍ പച്ചയോ, ഉണങ്ങിയതോ എന്തും ഇതിനായി ഉപയോഗിക്കാം. രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഇതിലും നല്ലൊരു മരുന്നില്ല

തയ്യാറാക്കുന്ന വിധം

രണ്ട് കപ്പ് വെള്ളത്തില്‍ നാലോ അഞ്ചോ തുളസിയിലയിട്ട് നന്നായി തിളപ്പിക്കുക. ഇതിലേക്ക് ഇഞ്ചിയും ഒരു ഏലക്കയും ചേര്‍ക്കാം. വെള്ളത്തിന്റെ നിറം മാറിയാല്‍ തീയണച്ച് അല്‍പം തേനും നാരങ്ങാനീരും ചേര്‍ത്ത് കുടിക്കാം. 

4. ലെമണ്‍ പെപ്പര്‍ ടീ

ചുമ, പനി, ജലദോഷം, ശരീരവേദന, സൈനസ്, ശരീരത്തിലെ ജലാംശം കുറയല്‍... ഇവയ്‌ക്കെല്ലാം ആശ്വാസം നല്‍കുന്ന ഒരു സര്‍വരോഗ സംഹാരിയാണ് ലെമണ്‍ പെപ്പര്‍ ടീ. വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാം.

തയ്യാറാക്കുന്ന വിധം

രണ്ട് കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ കുരുമുളക്, ഒരു ടേബിള്‍സ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ നാരങ്ങാനീര് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി വെള്ളം നന്നായി തിളപ്പിക്കുക. തീകുറച്ച് കൂടുതല്‍ സമയം തിളപ്പിച്ചാല്‍ നല്ല സ്‌ട്രോംഗ് ചായ റെഡി. 

Content Highlights: Healthy Teas for WFH days