പ്രതീകാത്മക ചിത്രം | Photo: Mathrubhumi
ജലാംശം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ട സമയമാണ് വേനല്‍ക്കാലം. ദാഹമകറ്റാന്‍ പലതരം ജ്യൂസുകളെ ആശ്രയിക്കുന്നവരാണ് അധികവും. എന്നാല്‍, പഴങ്ങളുടെ ജ്യൂസുകള്‍ അധികമായി കഴിക്കുന്നത് പ്രമേഹരോഗികളുടെ ആരോഗ്യം വഷളാക്കിയേക്കും. പ്രമേഹരോഗികള്‍ക്ക് കുടിക്കാന്‍ കഴിയുന്ന ആരോഗ്യപ്രദമായ ഹെല്‍ത്തി ഡ്രിങ്കുകള്‍ പരിചയപ്പെടാം.
തേങ്ങാവെള്ളം/ഇളനീര്‍
ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കുടിക്കാന്‍ കഴിയുന്ന പ്രകൃതിദത്തമായ പാനീയമാണ് ഇത്. പ്രമേഹരോഗികള്‍ക്കുപോലും ദിവസവും കുടിക്കാന്‍ കഴിയുന്ന ഇളനീരില്‍ പോഷകങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിന് തണുപ്പുനല്‍കാന്‍ സഹായിക്കുന്ന പാനീയങ്ങളിലൊന്നുകൂടിയാണിത്. ഇലക്ട്രോലൈറ്റുകള്‍, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക്, മാംഗനീസ്, അയണ്‍, അമിനോ ആസിഡുകള്‍ എന്നിവയെല്ലാം ഇളനീരില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. രുചിവര്‍ധിപ്പിക്കുന്നതിനായി കൃത്രിമപദാര്‍ത്ഥങ്ങളൊന്നും ചേര്‍ത്തിട്ടില്ലാത്ത ഇളനീര്‍എന്തുകൊണ്ടും പാക്ക് ചെയ്ത പാനീയങ്ങളേക്കാള്‍ ആരോഗ്യപ്രദമാണ്.
സത്തു ഡ്രിങ്ക്
വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശത്തിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ആരോഗ്യപ്രദമായ പാനീയമാണിത്. കടലപ്പൊടിയാണ് ഇതിലെ പ്രധാന ചേരുവ. കാലാകാലങ്ങളായി ഇന്ത്യയില്‍ ദാഹമകറ്റുന്നതിന് ഉപയോഗിച്ചുവരുന്ന പാനീയങ്ങളിലൊന്നുകൂടിയാണിത്. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയാല്‍ സമൃദ്ധമാണിത്. കൂടാതെ, രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഈ പാനീയത്തിനുള്ള കഴിവ് ശ്രദ്ധേയമാണ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പാനീയം കൂടിയാണിത്. ഒരുഗ്ലാസ് തണുത്തവെള്ളത്തില്‍ ഒരു സ്പൂണ്‍ കടലപ്പൊടി ചേര്‍ക്കുക. ഇതിലേക്ക് ഒരു നുള്ള് കറുത്ത ഉപ്പും (ബ്ലാക്ക് സാള്‍ട്ട്) കുറച്ച് നാരങ്ങാനീരും ചേര്‍ത്ത് കുടിക്കാം.
മിക്‌സ് സ്മൂത്തി
പഴങ്ങളും പച്ചക്കറികളും ചേര്‍ത്ത് തയ്യാറാക്കുന്നതാണ് ഈ സ്മൂത്തി. ഇത് രുചികരമാണെന്ന് മാത്രമല്ല പോഷകങ്ങളുടെ കാര്യത്തിലും മുന്നിലാണ്. തേങ്ങാവെള്ളം, കുറച്ച് പച്ചച്ചീരയില, ചെറിയൊരു കഷ്ണം ബീറ്റ്‌റൂട്ട്, രണ്ട് അല്ലി ഓറഞ്ച്, ചെറിയൊരു കഷ്ണം മാങ്ങ എന്നിവ മിക്‌സിയില്‍ ഇട്ട് നന്നായി അരച്ചെടുക്കുക. ആവശ്യമെങ്കില്‍ ഐസ് ക്യൂബ് കൂടി ഇട്ട് തണുപ്പിച്ച് കുടിക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..