കോവിഡ് കാലവും മഴക്കാലവും ഒന്നിച്ചാണ്. രോഗങ്ങള്‍ ഏറെ പടരാന്‍ സാധ്യതയുള്ള സമയം. ഭക്ഷണക്രമീകരണം രോഗങ്ങളെ അകറ്റാന്‍ ഒരുപരിധിവരെ സഹായിക്കും. ആയുര്‍വേദ ചികിത്സയില്‍ ഭക്ഷണക്രമീകരണത്തിനും വലിയ പ്രാധാന്യമുണ്ട്. രോഗങ്ങളെ ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ എന്തു കഴിക്കണം, എങ്ങിനെ കഴിക്കണം എന്നെല്ലാം കൃത്യമായി മനസ്സിലാക്കാം. ഒപ്പം ഈ മാതൃകാ ഡയറ്റ് പ്ലാനും പിന്തുടര്‍ന്നാലോ

ആഹാരശീലങ്ങള്‍ ഇങ്ങനെ

1. ദഹിക്കാന്‍ എളുപ്പമുള്ള ആഹാരങ്ങള്‍ ശീലമാക്കുക. 

2. ഇഞ്ചി, വെളുത്തുള്ളി, ചുക്ക്, ചുവന്നുള്ളി, കറിവേപ്പില, കായം, കുരുമുളക്, ജീരകം തുടങ്ങിയവ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇവ നിത്യഭക്ഷണത്തിന്റെ ഭാഗമാക്കണം.  

3. രാവിലെ ദോശ, ഇഡ്ഡലി, പത്തിരി, പൊടിയരിക്കഞ്ഞി എന്നിവ കഴിക്കാം. 

4. ഉച്ചയ്ക്ക് കുത്തരിച്ചോറ്, ചെറുപയര്‍ ചേര്‍ത്ത് വയ്ക്കുന്ന കഞ്ഞി എന്നിവയാണ് നല്ലത്. എരിവും മസാലക്കൂട്ടും അധികം ചേരാത്ത കറികള്‍ ഉപയോഗിക്കാം.  

5. അത്താഴത്തിന് ഗോതമ്പ്, യവം, റാഗി എന്നിവയ്ക്ക് പ്രാധാന്യം നല്‍കാം.

6. മൂന്നുനേരവും സമീകൃതാഹാരം കഴിക്കണം. അതില്‍ പഴങ്ങളും പച്ചക്കറികളും പ്രോട്ടീനും നിര്‍ബന്ധമായി ഉള്‍പ്പെടുത്തണം. 

7. ശുദ്ധമായതും സംസ്‌കരിക്കാത്തതുമായ (തവിടുള്ള അരി, മുഴുധാന്യങ്ങള്‍ തുടങ്ങിയവ) പദാര്‍ഥങ്ങള്‍ ആഹാരത്തിന്റെ ഭാഗമാക്കണം. 

8. ജീവകം ഡി അടങ്ങിയ മത്സ്യം, മുട്ടയുടെ മഞ്ഞ, നട്‌സ് എന്നിവയും മികച്ചതാണ്. 

9. ശ്വേതരക്താണുക്കളിലെ ഒരു ഘടകമായ സിങ്കിന്റെ കുറവ് പ്രതിരോധശേഷിയെ ബാധിക്കും. അതിനാല്‍ സിങ്ക് ധാരളമടങ്ങിയ മുഴുധാന്യങ്ങള്‍, ഡാര്‍ക്ക് ചോക്ലേറ്റ്, ഉരുളക്കിഴങ്ങ് എന്നിവ കഴിക്കാം. 

10. കുടലിലെ നല്ല ബാക്ടീരിയകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന തൈര് ഉള്‍പ്പടെയുള്ള പ്രോബയോട്ടിക്കുകള്‍ നിത്യേനയല്ലെങ്കിലും ഭക്ഷണത്തിന്റെ ഭാഗമാക്കണം. 

11. ശീതീകരിച്ച ഭക്ഷണസാധനവും വെള്ളവും തണുപ്പ് മാറിയശേഷം കഴിക്കുന്നതാണ് നല്ലത്.

ഡയറ്റ് പ്ലാന്‍, മുതിര്‍ന്നവര്‍ക്ക്

രാവിലെ: ഇഞ്ചി, കുരുമുളക്‌പൊടി, മഞ്ഞള്‍പൊടി, ജീരകപ്പൊടി, തുളസിയില, ചെറുനാരങ്ങാനീര്.. എന്നിവ ചേര്‍ത്ത ഹെര്‍ബല്‍ഡ്രിങ്ക്
പ്രാതല്‍: ദോശ/ഇഡ്ഡലി(സാമ്പാര്‍/ചട്ണി), പുട്ട്/ഇടിയപ്പം/ചപ്പാത്തി( ഏതെങ്കിലും പയര്‍ വര്‍ഗ്ഗം കൊണ്ടുള്ള കറി) 
ഇടനേരം: ഏതെങ്കിലും പഴം
ഉച്ചഭക്ഷണം: ചോറ്/ചപ്പാത്തി എന്നിവയ്‌ക്കൊപ്പം മീന്‍കറി, തൈര്, ഇലക്കറി, പച്ചക്കറി എന്നിവ ഏതെങ്കിലും
മൂന്നുമണി: നെല്ലിക്ക ജ്യൂസ് 30 മില്ലി/നാല് ഈത്തപ്പഴം
നാലുമണി: ചായ, നട്‌സ്
ആറുമണി: ഹെര്‍ബല്‍ ഡ്രിങ്ക്
അത്താഴം: ചപ്പാത്തി/ചോറ്/റാഗി/പയര്‍/പനീര്‍/കൂണ്‍/പച്ചക്കറി സാലഡ്
കിടക്കാന്‍ നേരം: ഒരു കപ്പ് പാല്‍

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: healthy diet plan for monsoon season and corona virus pandemic