ല്ല ഭക്ഷണ സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നതുപോലെ തന്നെ പ്രധാനമാണ് അവ ആരോഗ്യകരമായി പാചകം ചെയ്യുക എന്നത്. ചില ആരോഗ്യകരമായ പാചകരീതികള്‍ പരിചയപ്പെടാം. 

ആവിയില്‍ വേവിക്കല്‍

പോഷകങ്ങള്‍ നിലനിര്‍ത്താന്‍ ഏറ്റവും നല്ല രീതിയാണിത്. ഭക്ഷണത്തിന്റെ തനതായ രുചിയും ഗുണവും നിലനിര്‍ത്തുന്നു. എണ്ണ ഒട്ടും ഉപയോഗിക്കേണ്ടതില്ല. ധാന്യവിഭവങ്ങളും പച്ചക്കറികളും മാംസാഹാരങ്ങളും ഈ രീതിയില്‍ പാചകം ചെയ്യാം. 

പ്രഷര്‍ കുക്കിങ്

ആവിയില്‍ പാചകം ചെയ്യുന്നതിന്റെ മറ്റൊരു രീതിയാണിത്. കുറച്ചുകൂടി വേഗത്തില്‍ പാചകം ചെയ്യാം. ഭക്ഷ്യ വസ്തുക്കളിലെ നീര് അവയില്‍ തന്നെ പിടിച്ചുവെക്കുന്നതുകൊണ്ട് കൂടുതല്‍ മൃദുവായിരിക്കും. വെള്ളത്തില്‍ അലിയുന്ന പോഷകങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ വേവിച്ച വെള്ളം ഉപയോഗിക്കണം. 

മിതമായ ചൂടില്‍ 

മിതമായി ചൂടില്‍ പാകം ചെയ്‌തെടുക്കുന്ന പോചിംഗ് രീതിയിലും എണ്ണ ഒട്ടും ചേരുന്നില്ല. പോഷകനഷ്ടം വളരെ കുറവാണ്. വെള്ളം, പാല്‍, സ്റ്റോക്ക് എന്നിങ്ങനെ ഏതും ഉപയോഗിച്ച് പോചിംഗ് ചെയ്യാം. ചെറുചൂടില്‍ തിളച്ചുകൊണ്ടിരിക്കുന്ന ദ്രാവകത്തിലേക്ക് ആഹാരം ചേര്‍ത്ത് വേവിക്കുന്ന രീതിയാണിത്. വേവിച്ച ദ്രാവകം ഗ്രേവിക്കായി ഉപയോഗിക്കാം. 

ഗ്രില്ലിങ്

ഈ രീതിയിലും എണ്ണ ഉപയോഗം കുറവാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ പാചകം ചെയ്യാം. അമിത ചൂട് നല്‍കുന്ന അടുപ്പുകള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. മത്സ്യ-മാംസാദികള്‍ക്ക് അനുയോജ്യം

ബേക്കിങ്

ഈ രീതിയിലും എണ്ണ കുറച്ചു പാകം ചെയ്യാം. പച്ചക്കറികളോ , മാംസാഹാരങ്ങളോ, ധാന്യപ്പൊടികളോ ഈ രീതിയില്‍ ചെയ്‌തെടുക്കാം. കൃത്യമായ ഊഷ്മാവും സമയവും സെറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്.

സ്റ്റിര്‍ ഫ്രൈ

പാനില്‍ കുറച്ചു മാത്രം എണ്ണ ഉപയോഗിച്ച് നന്നായി ചൂടാക്കി ഭക്ഷണ സാധനങ്ങള്‍ പെട്ടെന്ന് ഇളക്കി എടുക്കുന്ന രീതിയാണിത്. പച്ചക്കറികളുടെ ദൃഢത നഷ്ടമാവാതെ രുചിയും ഗുണവും നിലനിര്‍ത്തി പാകം ചെയ്യാം. വേവ് കുറഞ്ഞ കടല്‍ വിഭവങ്ങള്‍, മുട്ട, മീന്‍ എന്നിവയ്ക്കും അനുയോജ്യമാണ്. 

വഴറ്റല്‍

ഇന്ത്യന്‍ പാചകരീതിയില്‍ ഏതെങ്കിലും ഒരു വിഭവത്തിനു മുന്നോടിയായി മസാലകളും മറ്റും കുറച്ച് എണ്ണയില്‍ വഴറ്റി എടുക്കാറുണ്ട്. പച്ചക്കറികളും മീനും മുട്ടയും കടല്‍ വിഭവങ്ങളും മസാലകള്‍ ചേര്‍ത്ത് വഴറ്റി പാകം ചെയ്യുന്നത് ആരോഗ്യകരമായ പാചക രീതിയാണ്.

Content Highlights: Healthiest Cooking Methods