പിസ്ത | Photo: canva.com/
നട്സുകളില്‍ ഏറെ പോഷകഗുണം അടങ്ങിയിരിക്കുന്ന ഒന്നാണ് പിസ്ത. രുചിയിലും ഗുണത്തിലും ഏറെ മുമ്പിലാണ് പച്ചനിറമുള്ള ഈ നട്സ്. ആരോഗ്യപ്രദമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമൃദ്ധമാണിത്. ഇത് സ്ഥിരമായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്.
പോഷകങ്ങളാല്‍ സമൃദ്ധം
ശരീരത്തിന് ഏറെ ആവശ്യമായ വിറ്റാമിന്‍ ബി-6 പിസ്തയില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും ഹീമോഗ്ലോബിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, പിസ്തയില്‍ പൊട്ടാസ്യവും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കൂടാതെ ഫോസ്ഫറസ്, കോപ്പര്‍, മാംഗനീസ് എന്നിവയും ധാരാളമായി പിസ്തയില്‍ അടങ്ങിയിട്ടുണ്ട്.
ശരീരഭാരം നിയന്ത്രിക്കുന്നു
പിസ്തയില്‍ ധാരാളം ഊര്‍ജം അടങ്ങിയിരിക്കുന്നതിനാല്‍ ഏറെ നേരം ഉന്മേഷത്തോടെ ഇരിക്കാന്‍ സാധിക്കുന്നു. ഇത് കൂടാതെ, ഇതിലെ ഫൈബറും പ്രോട്ടീനും ഏറെ നേരം വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. സ്ഥിരമായി പിസ്ത കഴിക്കുന്നത് ബോഡി മാസ് ഇന്‍ഡക്സ്(ബി.എം.ഐ.) കുറയ്ക്കാനും സഹായിക്കുന്നു.
കുടലിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നു
പിസ്തയിലെ പ്രധാന ഘടകം ഫൈബര്‍ ആണ്. കുടലിലെ നല്ല ബാക്ടീരിയകളാണ് സാധാരണ ഫൈബര്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്നത്. ഇത് പുളിപ്പിക്കല്‍ പ്രക്രിയയിലൂടെ കടന്ന് ഫാറ്റി ആസിഡാക്കി മാറ്റുകയാണ് ചെയ്യുക. ഈ പ്രക്രിയയിലൂടെ ദഹനപ്രശ്നങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെടുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പ്രമേഹം നിയന്ത്രിക്കുന്നു
പിസ്ത പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതായി വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പിസ്ത കഴിച്ച ടൈപ്പ് 2 പ്രമേഹ ബാധിതരില്‍ ഭക്ഷണം കഴിക്കാതെയുള്ള, ഫാസ്റ്റിങ് ബ്ലഡ് ഷുഗറില്‍ 9 ശതമാനത്തിന്റെ വരെ കുറവ് കണ്ടെത്തിയതായി നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ദീര്‍ഘകാലത്തേക്ക് പ്രമേഹം നിയന്ത്രിക്കുന്നതിന് പിസ്ത സ്ഥിരമായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മികച്ചതാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)
Content Highlights: healthy food, healthy diet, health benefit of pistachio, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..