കൊച്ചുകുട്ടിയായിരിക്കുമ്പോൾത്തന്നെ ചെറിയ പലകയിൽ കയറി നിന്ന് ഉമ്മയ്ക്ക് പാത്രങ്ങൾ കഴുകിക്കൊടുത്താണ് ഹയാന്റെ അടുക്കളബന്ധം തുടങ്ങുന്നത്. പിന്നീട് ചെറുനാരങ്ങാ വെള്ളം കലക്കി സ്വയം കുടിച്ചും ഉമ്മയ്ക്കും ഉപ്പയ്ക്കും പകർന്നു നൽകിയും രുചിയുടെ ലോകത്തേക്കു കടന്നു.

ഇപ്പോൾ ഹൈദരാബാദി ദം ബിരിയാണിയും മുട്ട ബജിയും ഇളനീർ പായസവും ഐസ്‌ക്രീമുമൊക്കെയായി രുചിയിലെ അദ്‌ഭുതമാണ് ആറ് വയസ്സുകാരനായ ഹയാൻ അബ്ദുല്ല. 

ചെന്നൈയിൽ സ്ഥിരതാമസമാക്കിയ പയ്യോളി സ്വദേശി ഹാഷ്‌നാസിന്റെയും മാറഞ്ചേരി സ്വദേശിനി റഷയുടെയും മകനാണ് ഹയാൻ. ചെന്നൈ ‘റാവുത്തർ ബിരിയാണി’യെന്ന ഹോട്ടൽ ശൃംഖലയിലെ ഇളംതലമുറക്കാരന് പാരമ്പര്യമെന്നോണം കിട്ടിയ പാചകനൈപുണ്യത്തെ ഇരുവരും കണ്ടറിഞ്ഞു പ്രോത്സാഹിപ്പിക്കുന്നു. 

കഴിഞ്ഞ മൂന്നുമാസത്തിനിടെ ‘ഹയാൻ ഡെലിക്കസി’ എന്ന പേരിലുള്ള യൂട്യൂബ് പേജിൽ 27 പാചകവീഡിയോകൾ അപ്‌ലോഡ് ചെയ്തുകഴിഞ്ഞു. ചോക്ലേറ്റ് പൊടിയും മിൽക്ക്‌ മെയ്ഡും ചേർത്തുകൊണ്ടുള്ള ചോക്ളേറ്റ് ബോൾ ഉണ്ടാക്കിക്കൊണ്ടാണ് ഹയാൻ പാചകം  തുടങ്ങിയത്. ഇപ്പോൾ അവിയലും കായപ്പോളയും മുട്ട ബജിയും ബദാം ഖീറുമൊക്കെ ഈ കുഞ്ഞുകൈകൾക്ക് വഴങ്ങും.

കോഴിയിറച്ചിയും ലെറ്റിയൂസ് ഇലകളും ചേർത്തുണ്ടാക്കുന്ന സീസർ സാലഡ്, സോസി ചിക്കൻ, ചുരങ്ങപ്പായസം, ബദാം ഖീർ, ക്വാളി ഫ്ളവർ പായസം തുടങ്ങിയവ കൃത്യം ചേരുവകളോടെ പാകം ചെയ്തെടുക്കും.

യൂട്യൂബിൽ കേരളീയരുടെ വിഭവങ്ങൾ തമിഴർക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി തമിഴിലും തമിഴ്‌നാട്ടുകാരുടെ വിഭവങ്ങൾ മലയാളത്തിലും അപ്‌ലോഡ് ചെയ്യും. മൈസൂർ പാക്ക് മലയാളത്തിലും കോഴിക്കോട്ടുകാരുടെ സ്വന്തം നെയ്‌ച്ചോറ് തമിഴിലും അവതരിപ്പിച്ചിട്ടുണ്ട്. 

ഹയാൻ ഉണ്ടാക്കുന്ന വിഭവങ്ങളെല്ലാം ഇവർ താമസിക്കുന്ന അപ്പാർട്‌മെന്റ് സമുച്ചയത്തിലെ 10 കുടുംബങ്ങൾക്കും നൽകും. പൊതുവെ, നാണംകുണുങ്ങിയായ കുട്ടി പാചകംതുടങ്ങിയാൽ, ചടുതിയിൽ വിഭവം തയ്യാറാക്കുകയും ആവശ്യമെങ്കിൽ വ്യക്തതയോടെ തത്സമയ വിശദീകരണം നൽകുകയും ചെയ്യും.

താൻ കഴിക്കാത്തതൊന്നും ഉണ്ടാക്കാൻ തയ്യാറാകില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഈയിടെ ഓൺലൈനിൽ നടന്ന പാചകമത്സരത്തിൽ ഹയാന് മൂന്നാംസ്ഥാനം കിട്ടിയിരുന്നു. പാചക റിയാലിറ്റി ഷോയിൽ നടന്ന ഇഫ്താർ പാചക മത്സരത്തിലും മലബാർ അടുക്കള സംഘടിപ്പിച്ച മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. ചെന്നൈ വൈറ്റ് ഗോൾഡ് മോണ്ടിസോറി സ്കൂളിൽ ഒന്നാംതരം വിദ്യാർഥിയാണ്.