ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും അതാത് ഇടങ്ങളിലെ തനത് ഭക്ഷണങ്ങള്‍ ലഭിക്കും. ഇത്രയേറെ വൈവിധ്യങ്ങള്‍ നിറഞ്ഞ വിഭവങ്ങള്‍ ലഭിക്കുന്ന മറ്റൊരിടം ലോകത്ത് ഉണ്ടോയെന്ന് സംശയമാണ്. വഴിയോര കച്ചവടത്തില്‍ ഏറെ പ്രസിദ്ധമാണ് ചാട്ട് വിഭവങ്ങള്‍. വ്യത്യസ്ത രുചികളില്‍ വ്യത്യസ്ത വിഭവങ്ങള്‍ ചേര്‍ത്ത ചാട്ടുകള്‍ ഇവിടെ സുലഭമാണ്. 

ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡ് ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആര്‍.പി.ജി. ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ ഹര്‍ഷ് ഗോയങ്ക. 

പാനീപൂരി, ഭേല്‍പുരി, റഗ്ദ പാറ്റീസ് തുടങ്ങി ഒട്ടേറെ സ്ട്രീറ്റ്ഫുഡുകള്‍ ലഭ്യമാണ്. എന്നാല്‍, എപ്പോഴും എന്റെ പ്രിയപ്പെട്ട വിഭവം ഝാല്‍മുരി ആയിരിക്കും. അതിന്റെ സ്‌പെഷല്‍ രുചിയുടെ കാരണം കടുകെണ്ണയാണ്-ഗോയങ്ക ട്വീറ്റ് ചെയ്തു. കുറിപ്പിനൊപ്പം ഝാര്‍മുരി തയ്യാറാക്കുന്ന ഒരു വഴിയോരക്കച്ചവടക്കാരന്റെ വീഡിയോ കൂടി പങ്കുവെച്ചാണ് ഗോയങ്ക ട്വീറ്റ് ചെയ്തിരിക്കുന്നത്. 

ഹര്‍ഷ് ഗോയങ്ക പങ്കുവെച്ച വീഡിയോ ഇതുവരെ 33,000-ല്‍ പരം ആളുകളാണ് കണ്ടത്. ഒട്ടേറെപേർ ഝാല്‍മുരിയുമായി ബന്ധപ്പെട്ട തങ്ങളുടെ കുട്ടിക്കാല ഓര്‍മകള്‍ പൊടിതട്ടിയെടുത്തു. ചിലരാകട്ടെ, വ്യത്യസ്തമായ രീതിയില്‍ ഝാല്‍മുരി തയ്യാറാക്കുന്നതെങ്ങനെയെന്ന് വിവരിച്ചു. മംഗളൂരു, ഉഡുപ്പി മേഖലയില്‍ കടുക് എണ്ണയ്ക്ക് പകരം വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നതെന്നും മാങ്ങയുടെ കാലമായാല്‍ അത് കൂടി ചേര്‍ക്കുമെന്നും മറ്റൊരാള്‍ പറഞ്ഞു. 

മുംബൈയിലെവിടെയാണ് നല്ല ഝാല്‍മുരി ലഭിക്കുകയെന്ന ചോദ്യത്തിന് മറൈന്‍ ഡ്രൈവിലെ എഫ് റോഡില്‍ ലഭിക്കുമെന്നും ഗോയങ്ക പറഞ്ഞു.

Content highlights: harsh goenka reveals his favourite street food jhalmuri