മുടിയുടെ സംരക്ഷണത്തില്‍ നമ്മള്‍ മിക്കവരും അതീവ ശ്രദ്ധാലുക്കളാണ്.  എത്ര തിരക്കിട്ട് മുടിയെ സംരക്ഷിച്ചാലും മുടി കൊഴിച്ചില്‍ വിടാതെ പിന്തുടരുന്നുവെന്ന് പരാതിപ്പെടുന്നവരുണ്ട്. വ്യത്തിക്കുറവ്, മാനസിക പിരിമുറുക്കം തുടങ്ങിയവയെല്ലാം മുടികൊഴിച്ചിലിന് കാരണമായേക്കാം. ഇതേ പോലെ ഭക്ഷണരീതിയും മുടി കൊഴിയുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്.

ഇരുമ്പിന്റെ അംശം കുറഞ്ഞാലും മുടി കൊഴിയും അതിനാല്‍ ഇരുമ്പിന്റെ ഗുണങ്ങളടങ്ങിയ ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ബ്രോക്കോളി, ബീന്‍സ്, ഇലക്കറികള്‍ എന്നിവയിലൊക്കെ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. മത്സ്യ മാംസാദികളും കൃത്യമായ അളവില്‍ കഴിക്കണം.

അനാരോഗ്യകരമായ ഡയറ്റും ഒരു കാരണമാണ്. ശാസ്ത്രീയമായ ഒരു പിന്‍ബലവുമില്ലാത്ത ഡയറ്റ് പിന്‍തുടരുന്നതിലൂടെ ശരീരത്തിന് വേണ്ട പോഷകങ്ങള്‍ ലഭിക്കാതെ വരുകയും മുടിയുടെ വളര്‍ച്ചയെ ഇത് ബാധിക്കുകയും ചെയ്യുന്നു. ശരിയായ പോഷകളടങ്ങിയ ഭക്ഷണം, ക്യത്യ സമയത്ത്  ഭക്ഷണം കഴിക്കുന്ന ശീലം എന്നിവയെല്ലാം മുടി കൊഴിച്ചില്‍ ഒരു പരിധി വരെ അകറ്റി നിര്‍ത്തുന്നു. നാരുകളടങ്ങിയ ഭക്ഷണവും മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു.

Content Highlights: how to get rid of hair loss