ഇക്കഴിഞ്ഞ വര്‍ഷമാണ് ഭക്ഷണകാര്യത്തില്‍ ഏറ്റവും വിചിത്രമായ കോമ്പിനേഷനുകള്‍ പരീക്ഷിക്കപ്പെട്ടതെന്നു പറഞ്ഞാലും അതിശയമാകില്ല. ചോക്ലേറ്റ് ബിരിയാണിയും ചില്ലി ജിലേബിയും മാഗി നിറച്ച പാനി പൂരിയുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഇപ്പോള്‍ വൈറലാകുന്നത് ഒരു പാസ്ത തയ്യാറാക്കുന്നതിന്റെ വീഡിയോ ആണ്. നീലനിറത്തില്‍ വിചിത്രമായ പാസ്ത ഉണ്ടാക്കുന്ന യുവാവാണ് വീഡിയോയിലുള്ളത്.
നീലനിറത്തിലുള്ള എനര്‍ജി ഡ്രിങ്ക് ഉപയോഗിച്ചാണ് പാസ്ത തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ എനര്‍ജി ഡ്രിങ്ക് പാസ്ത എന്ന പേരിലാണ് വീഡിയോ വൈറലാവുന്നത്. അമേരിക്കന്‍ മജീഷ്യനായ ജസ്റ്റിന്‍ ഫ്‌ളോം ആണ് ആരും സ്വപ്‌നത്തില്‍പ്പോലും കരുതാത്ത വിധത്തില്‍ പാസ്ത തയ്യാറാക്കി പരീക്ഷിച്ചിരിക്കുന്നത്.
ഒരു പാത്രത്തിലേക്ക് നീലനിറത്തിലുള്ള എനര്‍ജി ഡ്രിങ്ക് ഒഴിക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അത് തിളയ്ക്കുന്നതോടെ പാസ്ത ചേര്‍ക്കുന്നു. പാസ്ത വെന്തുകഴിയുമ്പോള്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റിവച്ച് എനര്‍ജി ഡ്രിങ്ക് ഉപയോഗിച്ചുതന്നെ പാസ്ത സോസും തയ്യാറാക്കുന്നു. ശേഷം ക്രീം പരുവത്തിലാകുന്ന സോസ് തയ്യാറാക്കിവച്ച പാസ്തയ്ക്ക് മുകളിലേക്ക് ഒഴിക്കുന്നു.
താന്‍ തയ്യാറാക്കിയ പാസ്ത കഴിച്ച് ജസ്റ്റിന്‍ രുചികരമെന്നു പറയുന്നതും വീഡിയോയിലുണ്ട്. പാസ്താ പ്രേമികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പോസ്റ്റിന് കീഴെ കമന്റുകളുമായെത്തിയിട്ടുണ്ട്. കാണുമ്പോള്‍ തന്നെ വെറുത്തുപോവുന്ന പാചകരീതി എന്നും പാസ്താ പ്രേമികളോട് ഈ ക്രൂരത വേണ്ടായിരുന്നു എന്നുമൊക്കെയാണ് പലരും കമന്റ് ചെയ്യുന്നത്.
Content Highlights: Guy Cooks ‘Blue’ Pasta Using An Energy Drink