കൊറോണയുടെ രണ്ടാം വരവില്‍ 87-കാരിയായ ഉഷ ഗുപ്തയക്ക് ജീവിതത്തിലെ പല സന്തോഷങ്ങളുമാണ് നഷ്ടമായത്. കോവിഡ് ബാധിച്ച് ഇരുപത്തേഴ് ദിവസം ഹോസ്പിറ്റല്‍ കിടക്കയില്‍, മരണത്തോട് മല്ലിട്ട് തോറ്റ് ഭര്‍ത്താവ് രാജ്കുമാര്‍. ആറ് പതിറ്റാണ്ടുകള്‍ ഒപ്പമുണ്ടായിരുന്നയാള്‍ ഇനിയില്ലാതെ ഒറ്റയ്ക്കായ ജീവിതം. എന്നാല്‍ ജീവിത്തില്‍ തളരാന്‍ ഈ ഡല്‍ഹി സ്വദേശിനിയായ മുത്തശ്ശി തയ്യാറായിരുന്നില്ല. 

ഭര്‍ത്താവിന്റെ മരണം കോവിഡ് ബാധിച്ചായിരുന്നല്ലോ, കോവിഡ് ബാധിരുടെയും അവരുടെ കുടുംബങ്ങളുടെയും കഷ്ടപ്പാടുകള്‍ക്ക് നേര്‍ സാക്ഷിയായതിനാല്‍ അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നായി ഉഷയുടെ ആഗ്രഹം. അങ്ങനെയാണ് ഉഷ പിക്കിള്‍ വിത്ത് ലൗ എന്ന സംരംഭം തുടങ്ങുന്നത്.  അതിലൂടെ കിട്ടുന്ന പണം കോവിഡ് ബാധിതര്‍ക്കു വേണ്ടിയാണ് ചെലവഴിക്കുന്നത്. 

അച്ചാറും ചട്ണിയുമാണ് ഈ മുത്തശ്ശി വീട്ടില്‍ തയാറാക്കി വില്‍പന നടത്തുന്നത്.  മുത്തശ്ശിയുടെ ആവശ്യം അറിഞ്ഞ് അച്ചാറുകള്‍ പായ്ക്ക് ചെയ്യാനുള്ള  ഗ്ലാസ് ജാറുകളും ലേബലുകളും കൊച്ചുമകള്‍ ഡോ. രാധിക ബത്ര എത്തിച്ചു നല്‍കി. ഡല്‍ഹിയില്‍ പീഡിയാട്രീഷനായി ജോലി ചെയ്യുകയാണ് രാധിക. കോവിഡ് റിലീഫ് പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായ രാധികയാണ് ഉഷയ്ക്ക് എല്ലാ സഹായത്തിനും ഒപ്പമുള്ളത്. മാത്രമല്ല മുത്തശ്ശിയുടെ കൈപ്പുണ്യവും രാധികയ്ക്ക് നന്നായി അറിയാം. 

ആദ്യം സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു അച്ചാറുകള്‍ വാങ്ങിയിരുന്നത്. ഇതിനോടകം 180 ബോട്ടില്‍ വിറ്റുകഴിഞ്ഞു. ചേരുവകള്‍ അരിഞ്ഞുകൊടുക്കാനും മറ്റും  സഹായികള്‍ ഉണ്ടെങ്കിലും പാചകം ഉഷ മുത്തശ്ശി തനിയെയാണ് ചെയ്യുന്നത്. ആദ്യം 10 കിലോ അച്ചാര്‍ തയാറാക്കി, പിന്നീട്  ആവശ്യക്കാര്‍ കൂടുന്നതിനനുസരിച്ച് അച്ചാറും ചട്ണിയും കൂടുതല്‍ ഉണ്ടാക്കി തുടങ്ങി. 200 ഗ്രാമിന്റെ ഒരു കുപ്പി അച്ചാറിന് 150 രൂപയാണ് വില. ഒരു മാസം കൊണ്ട് 20,000 രൂപയോളം ലഭിച്ചതായാണ് ഉഷ മുത്തശ്ശി ബെറ്റര്‍ ഇന്ത്യയോട് പറയുന്നത്. 

അച്ചാറുകള്‍ മൂന്ന് രുചികളില്‍ ഇവിടെ ലഭ്യമാണ്- പുളിയന്‍ മാങ്ങാ അച്ചാര്‍, ഗുലാബി മീട്ടാ അച്ചാര്‍, മിക്‌സഡ് വെജിറ്റബിള്‍ അച്ചാര്‍. കൂടാതെ  മാങ്ങാ ചട്ണി, പുളി ചട്ണി എന്നിവയും ലഭ്യമാണ്. ഏറ്റവും കൂടുതല്‍ വിറ്റുപോയ വിഭവങ്ങള്‍ മിക്‌സഡ് വെജിറ്റബിള്‍ അച്ചാറും പുളി ചട്ണിയുമാണ്.

ഓരോ അച്ചാറു കുപ്പിയും മനോഹരമായി റിബണ്‍ ഉപയോഗിച്ച് കെട്ടി മുത്തശ്ശിയുടെ കൈപ്പടയില്‍ എഴുതിയ ഒരു കുറിപ്പിനൊപ്പമാണ് വാങ്ങിക്കുന്നവരുടെ കൈകളിലേക്ക് എത്തുന്നത്. എളുപ്പത്തില്‍ തയാറാക്കാവുന്ന വെജിറ്റേറിയന്‍ വിഭവങ്ങളെക്കുറിച്ച് ഒരു പുസ്തകവും ഉഷ ഗുപ്ത എഴുതിയിട്ടുണ്ട്. Bhartiya Shakahari Vyanjan എന്നാണ് ബുക്കിന്റെ പേര്. പാചകത്തില്‍ തുടക്കക്കാര്‍ക്ക്, പ്രത്യേകിച്ച് പച്ചക്കറികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ സഹായകരമാകുന്ന പാചകക്കുറിപ്പുകളാണ് ഈ പുസ്തകത്തില്‍.  

Content Highlights: Grandma Lost Her Husband to COVID, Now She Uses Pickles To Raise Money For the Covid Affected