ഡല്‍ഹിയിലെ പ്രസിദ്ധമായ മാര്‍ക്കറ്റുകളിലൊന്നായ ചന്ദനി ചൗക്ക് എന്ന പേരുകേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ വരുന്നത് അവിടെനിന്നും ലഭിക്കുന്ന സ്വാദേറിയ വിഭവങ്ങളാണ്. ഇന്ത്യയില്‍ ഭക്ഷണത്തിന്റെ പേരില്‍ അറിയപ്പെടുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്നുകൂടിയാണ് ചാന്ദിനി ചൗക്ക്. ഏത് നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണം വേണമെങ്കിലും ഇവിടെ നിന്ന് ലഭിക്കുമെന്നാണ് ചൊല്ല്. 

ഭക്ഷണപ്രേമികളുടെ, പ്രത്യേകിച്ച് തെരുവ് ഭക്ഷണത്തിന്റെ ആരാധകരുടെ ഇഷ്ടവിഭവമാണ് പാനീ പൂരി. ഗോല്‍ഗപ്പ എന്നും ഈ വിഭവത്തിന് പേരുണ്ട്. ചൗന്ദ്‌നി ചൗക്കില്‍ ഇലയില്‍ വിളമ്പി നല്‍കുന്ന പാനീപൂരിയുടെ വീഡിയോ ആണ് ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

സാധാരണ ഒരു ചെറിയ സ്റ്റീല്‍ പാത്രത്തിലോ മറ്റുമാണ് പാനീപൂരി വിളമ്പി നല്‍കുന്നത്. എന്നാല്‍, ഇതില്‍നിന്നും വ്യത്യസ്തമായാണ് ഈ വീഡിയോയില്‍ പാനീപൂരി വിളമ്പി നല്‍കുന്നത്. നന്നായി ഉടച്ചെടുത്ത ആലൂവും കടലയും നിറച്ചശേഷം മധുരമുള്ള തൈരില്‍ മുക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഇതിനു മുകളില്‍ ചാറ്റ് മസാല വിതറി പാനീപൂരി നമ്മുടെ കൈകളിലേക്ക് നല്‍കുന്നത് ഇലകളിലാണ്. ഒയേ ഫുഡീ എന്ന ഇന്‍സ്റ്റഗ്രാം ഫുഡ് ബ്ലോഗറാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ 21 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. 91000-ല്‍ പരം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

Content highlights: gol gappa in a leaf this unique street food has the internet intrigued