പാനി പൂരി, ​ഗോൽ​ഗപ്പ എന്നിങ്ങനെ പലയിടങ്ങളിലായി പലപേരുകളിലറിയപ്പെടുന്ന സ്ട്രീറ്റ് ഫുഡിന് ലോകമെമ്പാടും ആരാധകരുണ്ട്. ഉരുളക്കിഴങ്ങ് വേവിച്ചതും കഷ്ണങ്ങളാക്കിയ സവോളയും പുളിവെള്ളവുമൊക്കെ ഫിൽ ചെയ്തുള്ള പാനിപൂരി കിട്ടുന്ന സ്ഥലം തപ്പിപ്പിടിച്ച് പോകുന്നവരുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത് ഒരു വിശിഷ്ട വ്യക്തിയുടെ പാനിപൂരി വിശേഷമാണ്. മറ്റാരുമല്ല ഐഎംഎഫിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ​ഗീത ​ഗോപിനാഥ് ആണ് പാനിപൂരിയെക്കുറിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ട്വിറ്ററിലൂടെയാണ് പാനിപൂരി കഴിക്കുന്ന ചിത്രം ​ഗീത പങ്കുവെച്ചിരിക്കുന്നത്. പുതുവർഷത്തിലെ തുടക്കമെന്നോണമാണ് പാനിപൂരി ചിത്രം ​ഗീത പോസ്റ്റ് ചെയ്തത്. സന്തോഷം നിറഞ്ഞ 2022, പുതുവർഷത്തിന് തുടക്കമിടാൻ ​ഗോൽ​ഗപ്പ അഥവാ പാനിപൂരി- എന്നാണ് ​ഗീത ട്വീറ്റ് ചെയ്തത്. 

നിരവധി പേരാണ് ​ഗീതയുടെ ട്വീറ്റിനു കീഴെ പാനിപൂരി പ്രണയം പങ്കുവെച്ചത്. ചിലരെല്ലാം ​ഗീതയ്ക്ക് മികച്ച പാനിപൂരി കഴിക്കാനുള്ള ഇടങ്ങളും നിർദേശിക്കുന്നുണ്ട്. അസ്സൽ പാനിപൂരി കഴിക്കണമെന്നാണ് ആ​ഗ്രഹമെങ്കിൽ റെസ്റ്ററന്റുകളിൽ നിന്ന് കഴിക്കാതെ തെരുവുകളിൽ പോകൂ എന്ന് പറഞ്ഞവരും ഉണ്ട്. ഇനി ചിലരാകട്ടെ സാമ്പത്തിക വി​ദ​ഗ്ധയായ ​ഗീതയോട് അതിനു സമാനമായ ചോദ്യങ്ങൾ ചോദിക്കുന്നുമുണ്ട്. ഇപ്പോഴത്തെ വിലനിലവാരത്തിൽ തന്നെ ഇരുപതു വർഷം കഴിഞ്ഞാലും പാനിപൂരി കിട്ടാൻ സാധ്യത ഉണ്ടോയെന്നെല്ലാമാണ് അവരുടെ സംശയം. 

പാനി പൂരി വീട്ടിൽ തന്നെ തയ്യാറാക്കിയാലോ

ആദ്യം പൂരിയിൽ ഒഴിക്കാനുള്ള പാനി അഥവാ വെള്ളം തയ്യാറാക്കാം. ഇതിലേക്ക് ഒരു കപ്പ് പുളി ചട്ണി ആദ്യം തയ്യാറാക്കണം
  
പുളി വെള്ളത്തിൽ കുതിർത്തത് - 100 ഗ്രാം 

ശർക്കര -രണ്ട് സ്പൂൺ  

ഉപ്പ് - രണ്ട് സ്പൂൺ 

ഗരം മസാല - അര സ്പൂൺ 

ചുക്ക് പൊടി - ഒരു സ്പൂൺ 

കുരുമുളക് പൊടിച്ചത് - കാൽ സ്പൂൺ 

മുളക് പൊടി - കാൽ സ്പൂൺ 

ചാട്ട് മസാല - ഒരു സ്പൂൺ 

ഇവയെല്ലാം ചേർത്ത് അരച്ച് ചട്ണി തയ്യാറാക്കാം

ശേഷം

പുതിന ഇല - ഒരു കപ്പ് 
മല്ലി ഇല - ഒരു കപ്പ്
പച്ചമുളക് - 7 
വറുത്ത് പൊടിച്ച ജീരകം - 2 ടേബിൾ സ്പൂൺ
ഉപ്പ് -  ടേബിൾ സ്പൂൺ
മുളക് പൊടി - 1 ടീ സ്പൂൺ 
വെള്ളം - 8 കപ്പ് 

ചട്ണിയും ബാക്കി ചേരുവകളും നല്ലവണം മിക്‌സ് ചെയ്യുക

കുഞ്ഞൻ ഷേപ്പിൽ പൂരി തയ്യാറാക്കാം. മൊരിഞ്ഞിരിക്കാൻ പൂരി മാവ് കുഴയ്ക്കുമ്പോൾ റവയും ചേർക്കാം

മൊരിഞ്ഞ പുരിയുടെ മുകൾ ഭാഗം ചെറുതായി പൊട്ടിക്കുക ഇതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങ്, ബൂംദി, വെള്ള കടല വേവിച്ചത് എന്നത് ആവശ്യാനുസരണം ചേർക്കാം. ഇതിലേക്ക് തയ്യാറാക്കി വെച്ച വെള്ളം ചേർത്ത് മുഴുവനായി വായിലേക്കിട്ട് കഴിക്കാം. ആവശ്യമെങ്കിൽ പുളി ചട്ണി അൽപ്പം മാറ്റിവെച്ച് അതും ഒഴിച്ച് കഴിക്കാം.

ആദ്യം പാനി തയ്യാറാക്കിയ ശേഷം പൂരി തയ്യാറാക്കുന്നതാണ് നല്ലത്. ചൂടോടെയുള്ള പൂരിയിൽ കഴിക്കാനാണ് രുചി.

Content Highlights: gita gopinath kicks off new year with pani puri, golgappa recipe