വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടക്കുന്ന ഇടമാണ് സോഷ്യല്‍ മീഡിയ. ഈ പരീക്ഷണം ഭക്ഷണത്തിലാകാം, ഫാഷനിലാകാം, ഡാന്‍സിലാകാം, പാട്ടിലാകാം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്റര്‍നെറ്റില്‍ ശ്രദ്ധ നേടുകയാണ് നോകുസോതാ എന്ന യുവതി. പ്രമുഖ ഭക്ഷണ ബ്രാന്‍ഡായ കെ.എഫ്.സി.യുടെ ബക്കറ്റ് പിടിച്ചും വിടര്‍ന്നു നില്‍ക്കുന്ന വസ്ത്രമണിഞ്ഞും നില്‍ക്കുന്ന ചിത്രമാണ് അവര്‍ ട്വീറ്റ് ചെയ്തത്. സൂക്ഷിച്ചുനോക്കിയാല്‍ മനസ്സിലാകും അവര്‍ ധരിച്ച വസ്ത്രം കെ.എഫ്.സി.യുടെ ഉപയോഗിച്ച പാക്കറ്റുകള്‍ പുനഃരുപയോഗിച്ചശേഷം നിര്‍മിച്ചതാണെന്ന്.

ഫാഷന്‍ ബ്ലോഗര്‍ കൂടിയായ നോകുസോതാ, താൻ കെ.എഫ്.സി.യുടെ എത്രമാത്രം ഫാന്‍ ആണെന്ന് അവരെ അറിയിക്കുന്നതിനാണ് ഇങ്ങനൊരു വസ്ത്രം ഡിസൈന്‍ ചെയ്തതെന്നതെന്ന് ചിത്രത്തിന്‌‍‍റെ ക്യാപ്ഷനിൽ വ്യക്തമാക്കി. ചിത്രം വളരെ പെട്ടെന്നാണ് വൈറലായത്.13,000-ല്‍ പരം ലൈക്കുകളും 1655 റീട്വീറ്റുകളും  ട്വീറ്റിന് ലഭിച്ചു. 

നോകുസോതായുടെ പരിശ്രമത്തെ അഭിനന്ദിച്ചുകൊണ്ട് കെ.എഫ്.സി. സൗത്ത് ആഫ്രിക്കയും ഫോട്ടോയ്ക്ക് കമന്റുമായി എത്തി. വസ്ത്രത്തില്‍ നോകുസോതാ മനോഹരിയായിട്ടുണ്ടെന്ന് അവര്‍ ട്വീറ്റു ചെയ്തു. 

എന്തൊരു ക്രിയേറ്റിവിറ്റി, അപാര ഫാഷൻ സെൻസ് തുടങ്ങി നോകുസോതയുടെ ചിത്രത്തിനു കീഴെ അഭിനന്ദന പ്രവാഹമാണ്. നോകുസോതയെ കെ.എഫ്.സി.യുടെ അംബാസഡര്‍ ആക്കണമെന്നും അത്രയ്ക്ക് ക്രിയാത്മകമായാണ് അവര്‍ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും ഒരാള്‍ കമന്റ് ചെയ്തു. 

കെ.എഫ്.സി.യെ നിങ്ങള്‍ എത്ര ആഴത്തില്‍ സ്‌നേഹിക്കുന്നുവെന്നതിന്റെ തെളിവാണിതെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.