മുട്ട കൊണ്ടുള്ള വിഭവങ്ങൾക്ക് ആരാധകരേറെയാണ്. എളുപ്പത്തിൽ തയ്യാറാക്കാം എന്നതും മുട്ടവിഭവങ്ങളുടെ പ്രത്യേകതയാണ്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നതും ഒരു മുട്ട വിഭവമാണ്. ഭീമൻ ഓംലെറ്റ് ഉണ്ടാക്കുന്നതിന്റെ വീഡിയോ ആണത്. 60 മുട്ടകൾ കൊണ്ടു തയ്യാറാക്കിയ ഓംലെറ്റിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.
കൊറിയയിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. തെരുവിൽ ചെറിയൊരു ഭക്ഷണശാലയിൽ വച്ച് ഓംലെറ്റ് തയ്യാറാക്കുന്നതാണ് വീഡിയോയിലുള്ളത്. വലിയൊരു ബൗളിൽ 60 മുട്ടകൾ പൊട്ടിക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഉപ്പു ചേർത്ത് അടിച്ചവച്ച മുട്ടയിലേക്ക് സ്പ്രിങ് ഒനിയൻ, ഗ്രേറ്റ് ചെയ്ത ക്യാരറ്റ്, സവാള, ഇറച്ചി കഷ്ണങ്ങളാക്കിയത് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുന്നു. ശേഷം വലിയ പാനിൽ മുട്ട മിശ്രിതം ഒഴിച്ച് ചുരുട്ടിയെടുക്കുന്നു. ഇനി ഓരോ ഓംലെറ്റ് കട്ടകളായി മുറിച്ചെടുത്ത് ചെറിയ പാത്രത്തിലാക്കി വിതരണം ചെയ്യുന്നു.
യമ്മി ബോയ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഓംലെറ്റ് റോളിന്റെ വിലയും വീഡിയോയിൽ പറയുന്നുണ്ട്. 125 രൂപയാണ് ഒരു പാത്രം ഓംലെറ്റ് റോളിന്റെ വില. പതിനേഴ് മില്യണിൽപരം കാഴ്ച്ചക്കാരെയാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. ഷെഫിന്റെ പാചകമികവിനെ അഭിനന്ദിച്ച് കമന്റ് ചെയ്യുന്നവരും കുറവല്ല.
Content Highlights: Giant Omelette Made With 60 Eggs