ബിസിനസ് രാജാവായ ആനന്ദ് മഹീന്ദ്ര സാധാരണക്കാരുമായി ബന്ധപ്പെട്ട നിരവധിക്കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അവയിലേറെയും ഭക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. പ്രത്യേകിച്ചും പുതിയതരം ഭക്ഷണങ്ങളെ പറ്റി. അത്തരത്തില്‍ അദ്ദേഹം പങ്കുവച്ച ഒരു ട്വീറ്റിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. ജാപ്പനീസ് ഭക്ഷണം വാങ്ങാന്‍ ആഗ്രഹിച്ച തന്നെ ഒരു കൊച്ചു കുട്ടിയുടെ പ്രതികരണം നിരുത്സാഹപ്പെടുത്തി എന്ന് പറഞ്ഞാണ് വീഡിയോയും കുറിപ്പും ആനന്ദ് മഹീന്ദ്ര പങ്കുവച്ചിരിക്കുന്നത്.

ഭക്ഷണം കഴിക്കുന്നതിനിടെ ജാപ്പനീസ് വിഭവമായി വസാബി വേണമോ എന്ന അമ്മയുടെ ചോദ്യത്തിന് കൊച്ചുകുട്ടിയുടെ പ്രതികരണമാണ് ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്തിരിക്കുന്നത്. കുറച്ച് കഴിച്ചു നോക്കുന്നോ എന്നാണ് അമ്മയുടെ ചോദ്യം. വേണ്ട എന്ന ഉത്തരം നല്‍കിയതോടെ അമ്മ അത് അവന് മണത്തു നോക്കാന്‍ നല്‍കുന്നുണ്ട്. പിന്നെ അല്‍പം കഴിക്കാനും. വസാബി വായില്‍ വച്ചതോടെ ഇഷ്ടപ്പെടാത്ത ഭാവത്തില്‍ കുട്ടി നോക്കുന്നത് കാണാം. 

'ഇന്ന് വൈകുന്നേരം ഞാന്‍ ജാപ്പനീസ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ വീഡിയോ കണ്ടതോടെ വേണ്ടെന്ന് വച്ചു. ചിരി നിര്‍ത്തിയിട്ട് ഭക്ഷണം കഴിക്കാന്‍ പറ്റുമെന്ന്‌ തോന്നുന്നില്ല.' വീഡിയോക്കൊപ്പം ആനന്ദ് മഹീന്ദ്ര കുറിച്ചത് ഇങ്ങനെ. 

ജാപ്പനീസ് വിഭവമായ സുഷിക്കൊപ്പം കഴിക്കുന്ന വിഭമാണ് വസാബി. പേസ്റ്റ് പോലെയുള്ള ഈ വിഭവം നല്ല എരിവുള്ളതാണ്. വായില്‍ വയ്ക്കുമ്പോള്‍ തന്നെ അതിന്റെ മസാലക്കൂട്ടുകളുടെ രുചി നാവില്‍ നിറയും. 

Content Highlights:  Funny Baby Video Changed  Anand Mahindra's Mind About Ordering Japanese Food