-
കൊറോണക്കാലത്ത് ആഹാരശീലങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണപദാർഥങ്ങൾ കൂടുതൽ ഉൾക്കൊള്ളിക്കുന്നതിലൂടെ വൈറസ് ഉൾപ്പെടെയുള്ളവയെ ഒരുപരിധിവരെ തടഞ്ഞുനിർത്താം. വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ പ്രതിരോധശക്തി വർധിപ്പിക്കുന്നു. ഇത്തരത്തിലുള്ള ചില ഭക്ഷണപദാർഥങ്ങളെക്കുറിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട ട്വീറ്റും ശ്രദ്ധേയമായിരുന്നു. നിത്യേനയുള്ള ഡയറ്റിൽ ഉൾക്കൊള്ളിക്കേണ്ട ചില പഴങ്ങളെക്കുറിച്ചാണ് അതിൽ പ്രതിപാദിച്ചിരിക്കുന്നത്.
നെല്ലിക്ക, ഓറഞ്ച്, പപ്പായ, കാപ്സിക്കം, പേരക്ക, നാരങ്ങ തുടങ്ങിയവയാണ് അവയിൽ ചിലത്. മികച്ച പ്രതിരോധശേഷിയും ആരോഗ്യകരമായ ചർമവും നേടിയെടുക്കാൻ ഇന്നു മുതൽ ഡയറ്റിൽ വിറ്റാമിൻ സി സമൃദ്ധമായ പഴങ്ങൾ ഉൾക്കൊള്ളിക്കൂ എന്നായിരുന്നു ട്വീറ്റിന്റെ ഉള്ളടക്കം. ഈ പഴങ്ങളെക്കുറിച്ചുള്ള ചില വിശേഷങ്ങൾ...
ഓറഞ്ച്
നാരുകളാൽ സമൃദ്ധമായ ഓറഞ്ച് പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന പഴമാണ്. വിറ്റാമിനുകളും തിയാമൈൻ, ഫോലേറ്റ്, പൊട്ടാസ്യം പോലുള്ള മിനറലുകളും ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്.
പേരക്ക
ഓറഞ്ചിനേക്കാൾ ഒരുപടി കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ള പഴമാണ് പേരക്ക. പൊട്ടാസ്യവും ഫൈബറും ധാരാളം അടങ്ങിയിട്ടുള്ള പേരക്ക ബ്ലഡ്ഷുഗർ അളവിനെയും ഹൃദയാരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു. 100 ഗ്രാം പേരക്കയിൽ 200 ഗ്രാം വിറ്റാമിൻ സി ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
പപ്പായ
വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള മറ്റൊരു പഴമാണ് പപ്പായ. ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമായ പപ്പായയിൽ ഫൈബർ, പ്രോട്ടീൻ, വിറ്റാമിൻ എ, പൊട്ടാസ്യം തുടങ്ങി ഒട്ടേറെ ഗുണങ്ങളുമുണ്ട്. ദഹനപ്രക്രിയ സുഗമമാക്കാനും ചർമസൗന്ദര്യം നിലനിർത്താനും വയറെരിച്ചിൽ അകറ്റാനും ഹൃദയാരോഗ്യത്തിനും മികച്ചമാണ് പപ്പായ.
നെല്ലിക്ക
വിറ്റാമിൻ സി ക്കു പേരുകേട്ട നെല്ലിക്കയിൽ ധാരാളം ഫൈബറും ആന്റി ഓക്സിഡന്റുകളും കലോറിയുമാണുള്ളത്. ദഹനപ്രക്രിയ മെച്ചപ്പെടുത്താനും അമിത വിശപ്പ് ഒഴിവാക്കാനും ബ്ലഡ് ഷുഗർ ലെവൽ നിയന്ത്രിക്കാനും രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാനും ചിലതരം കാൻസറിനെയും ഹൃദ്രോഗത്തെയും പ്രതിരോധിക്കാനും പൊണ്ണത്തടി ഇല്ലാതാക്കാനുമൊക്കെ നെല്ലിക്കയ്ക്ക് കഴിവുണ്ട്.
കാപ്സിക്കം
വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ള കാപ്സിക്കവും പ്രതിരോധശേഷി വർധിപ്പിക്കാൻ മികച്ചതാണ്. വിറ്റാമിൻ എ, വിറ്റാമിൻ ഇ, ഫൈബർ, മിനറലുകൾ, പൊട്ടാസ്യം തുടങ്ങിയവയും ഉള്ള കാപ്സിക്കം നേത്രാരോഗ്യത്തിനും അനീമിയയെ പ്രതിരോധിക്കാനും മികച്ചതാണ്.
നാരങ്ങ
വിറ്റാമിൻ സി, ഫോളേറ്റ്, പൊട്ടാസ്യം, ഫ്ലേവനോയ്ഡ്സ് തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുള്ള നാരങ്ങ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ അത്യുത്തമമാണ്. കൂടാതെ വൃക്കയിലെ കല്ലിനെ പ്രതിരോധിക്കാനും, ഗർഭകാല ആരോഗ്യത്തിനും വണ്ണം കുറയ്ക്കാനും കരളിന്റെ ആരോഗ്യത്തിനുമെല്ലാം നല്ലതാണ്.
Content Highlights: FSSAI recommends eating these foods to boost immunity
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..