കോഴിക്കോട്: കോവിഡിനെത്തുടര്‍ന്ന് ഒറ്റപ്പെട്ട് കഴിയുന്ന പലരുടെയും വീട്ടില്‍ സ്നേഹത്തില്‍ പൊതിഞ്ഞ ഉച്ചഭക്ഷണമെത്തും, ആമിനയുടെ അടുക്കളയില്‍നിന്ന്. അതും സൗജന്യമായി. രോഗത്തോട് മല്ലിടുന്നവര്‍ക്ക് നോമ്പുകാലത്ത് കരുതലായി മാറുകയാണ് പൊറ്റമ്മലിലെ ആമിനയും മകള്‍ മര്ഷിദയും.
''വീട്ടിലുള്ളവരെല്ലാം ഒരുപോലെ വയ്യാതായാല്‍ എന്തു ചെയ്യും. ആരും സഹായിക്കാനില്ലാത്തവര്‍ ഉണ്ടാകും. അവരെ ആലോചിച്ചപ്പോഴാണ് ഇങ്ങനെ ഒരു ചിന്ത വന്നത്. അതിന് വിലയീടാക്കുന്നത് ശരിയല്ല''- ഭക്ഷണം നല്കാന് തുടങ്ങിയതിനെ കുറിച്ച് ആമിന പറയുമ്പോള്‍ വാക്കുകളില്‍ സ്നേഹം നിറഞ്ഞു.
'ഫ്രം ഔവര്‍ കിച്ചണ്‍' എന്ന പേരില്‍ ആമിന വീട്ടില്‍നിന്ന് ഭക്ഷണമുണ്ടാക്കി വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ നോമ്പുകാലമായതോടെ അത് നിര്‍ത്തി. അപ്പോഴാണ് ദുരിതമനുഭവിക്കുന്നവരെ കുറിച്ച് ആലോചിക്കുന്നത്. അങ്ങനെ കോവിഡ് പോസിറ്റീവായവര്‍ക്ക് ഉച്ചയൂണ് നല്കാന് തീരുമാനിച്ചു. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ആപ്പുകള്‍ (errando/fatafat) വഴിയാണ് ഭക്ഷണത്തിനുള്ള ഓര്‍ഡര്‍ എടുക്കുന്നത്.
ആപ്പുകള്‍ ഒന്നും ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് ഫോണിലും വിളിച്ച് പറയാം. മുന്‍കൂട്ടി പറയണമെന്ന് മാത്രം. ഭക്ഷണം സൗജന്യമാണെങ്കിലും ഓണ്‍ലൈന്‍ ആപ്പുകള്‍ ഡെലിവെറി ചാര്‍ജ് ഈടാക്കും. ഓണ്‍ലൈന്‍ ഡെലിവറി വഴി അല്ലാതെ നേരിട്ട് എത്തിച്ചു നല്കുന്നതാണെങ്കില് അതും വാങ്ങില്ല. നഗരത്തിനുള്ളിലാണ് ഭക്ഷണം എത്തിച്ച് നല്‍കുന്നത്.
ഒരു ദിവസം ശരാശരി 30 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കും. ചിലപ്പോള്‍ അത് നാല്‍പതാവും. ചോറും കറിയും തോരനും ഉണ്ടാകും. ഒപ്പം മീന്‍, മുട്ട, കോഴിയിറച്ചി അങ്ങനെ ഏതെങ്കിലും ഒരിനവും. ചിലപ്പോള്‍ നെയ്ച്ചോറാണ് നല്‍കുക. 12.30 ആവുമ്പോഴേക്കും ഭക്ഷണം നല്കി കഴിഞ്ഞിരിക്കും. ''ഇതേ ഭക്ഷണമാണ് ഞങ്ങള്‍ അത്താഴത്തിന് കഴിക്കുക. ഓരോന്നും വെവ്വേറെ പാക്ക് ചെയ്താണ് നല്‍കുന്നത്. അതിനുള്ള സഹായം ഭര്‍ത്താവ് ഹാഷിമിന്റെ സഹോദരന് സലീമും അദ്ദേത്തിന്റെ ഭാര്യ റഹീനയും ചെയ്തു നല്‍കുന്നുണ്ട്''- ആമിന പറഞ്ഞു.
ആമിനയുടെ പേരക്കുട്ടി ആയിഷ മെഹറിന് ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യേക പേജൊക്കെ തുടങ്ങി കൂടുതല്‍ പേരിലേക്ക് ഇക്കാര്യം എത്തിച്ചത്. വിദേശത്തുനിന്നുള്ളവര്വരെ നാട്ടില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഇവരുടെ സഹായം തേടുന്നുണ്ട്. ''ഒന്നിനും വേണ്ടിയല്ല ഭക്ഷണം കൊടുക്കാന്‍ തീരുമാനിച്ചത്.
മേലെയുള്ള ആളുടെ പുണ്യം മാത്രം മതി. ഇനി ലോക്ഡൗണ്‍ ആയാല്‍ ഭക്ഷണവിതരണത്തിന് ബുദ്ധിമുട്ടാവുമോയെന്ന് അറിയില്ല. അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടായാല്‍ എല്ലാം നടക്കും''- പ്രയാസപ്പെടുന്നവര്‍ക്ക് അന്നമേകാന്‍ കഴിയണേ എന്ന പ്രാര്‍ഥന മാത്രമാണ് ആമിനയുടെ വാക്കുകളിലുള്ളത്. ഫോണ്‍: 9847112305.
Content Highlights: Free food for covid patients
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..