ചെറിയ കുട്ടികളുടെ വികൃതികള്‍ അമ്മമാര്‍ക്ക് പലപ്പോഴും കൗതുകവും തമാശയും ഒപ്പം തലവേദനയുമാവാറുണ്ട്. എന്നാല്‍ ബ്രസീലില്‍ നിന്നുള്ള ഈ നാല് വയസ്സുകാരന്‍ ഒപ്പിച്ച വികൃതി അല്‍പം കടന്നു പോയെന്ന് മാത്രം. അമ്മയുടെ ഫോണ്‍ ഉപയോഗിച്ച് മക്‌ഡൊണാള്‍ഡില്‍ നിന്ന് 400 ബ്രസീലിയന്‍ റീല്‍സിനുള്ള (5,500 രൂപ) ഫാസ്റ്റ് ഫുഡാണ് ഇവന്‍ വാങ്ങിയത്. 

അമ്മ റൈസ വാന്‍ഡേര്‍ലി തന്നെയാണ് വാങ്ങിയ സാധനങ്ങള്‍ നിരത്തിവച്ച് ഒരു ഭാവഭേദവുമില്ലാതെ ഇരിക്കുന്ന മകന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇത് ആദ്യത്തെ തവണയല്ലെന്നും അമ്മ ചിത്രത്തിന്റെ ക്യാപ്ഷനില്‍ കുറിക്കുന്നു. മാത്രമല്ല വാങ്ങിയ ഭക്ഷണത്തിന്റെ നീണ്ട ലിസ്റ്റും അമ്മ പോസ്റ്റ് ചെയ്തിട്ടുണ്ട്. ' ആറ് ഹാംബര്‍ഗര്‍ മീല്‍സ്, ആറ് മാക് ഹാപ്പി സ്‌നാക്‌സ്, എട്ട് എക്‌സ്ട്രാ ടോയിസ്, രണ്ട് വലിയ ചിക്കന്‍ നഗട്ട്‌സ്, ഒപ്പം ചെറുത് 12 എണ്ണം വേറെയും. ഒരു വലിയ പൊട്ടറ്റോ ചിപ്‌സ് പായ്ക്ക് വിത്ത് ബേക്കണ്‍, ചെഡാര്‍, 10 മില്‍ക്ക് ഷേക്ക്, രണ്ട് ടോപ്പ് സണ്‍ഡേ സ്‌ട്രോബെറി, രണ്ട് ആപ്പിള്‍ ടാര്‍ട്ട്‌ലെറ്റ്‌സ്, രണ്ട് മാക് ഫ്‌ളറി, ഡ്രിങ്കിങ് വാട്ടര്‍ എട്ട് കുപ്പി, ഒരു ഗ്രേപ്പ് ജ്യൂസ്, രണ്ട് സോസുകള്‍...' ഒരു പാര്‍ട്ടി നടത്താനുള്ള ഭക്ഷണം വാങ്ങികൂട്ടിയിട്ടുണ്ടെന്ന് ലിസ്റ്റ് കാണുമ്പോള്‍ മനസ്സിലാവും. 

തനിക്ക് ഒരേസമയം കരച്ചിലും ചിരിയും വന്നെന്ന് അമ്മ റൈസ. 'പിന്നെ അവനൊപ്പമിരുന്ന് അതെല്ലാം കഴിച്ചു. മില്‍ക്ക് ഷേക്ക് കൊണ്ട് ആ ഫാസ്റ്റ്ഫുഡ് ദിനത്തിന് ടോസ്റ്റും ചെയ്തു.' റൈസ കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. 

ഒരു ലക്ഷത്തിലധികം ആളുകളാണ് റൈസയുടെ പോസ്റ്റ് ലൈക്ക് ചെയ്തത്. 'ഈ സമയത്തെ നിങ്ങളുടെ മുഖത്തെ ഭാവമാണ് ഞങ്ങള്‍ക്ക് കാണേണ്ടത്' എന്നാണ് പലരുടെയും കമന്റ്.

Content Highlights:  Four Year-Old Kid Uses Mom’s Phone To Order Fast Food Worth Rs 5,500