പ്രതീകാത്മക ചിത്രം | Photo: Getty Images
ആരോഗ്യകാര്യത്തിലെന്ന പോലെ ഭക്ഷണകാര്യത്തിലും ഏറെ ശ്രദ്ധ വേണ്ട സമയമാണ് മഴക്കാലം. വളരെ വേഗത്തില്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും ഈ സമയത്തുണ്ട്. അതിനാല്‍ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഏതാനും ഭക്ഷ്യവസ്തുക്കള്‍ പരിചയപ്പെടാം.
പച്ചക്കുരുമുളക്
പച്ചക്കുരുമുളകില്‍ അടങ്ങിയിരിക്കുന്ന പെപ്പറൈന് എന്ന ആല്‍ക്കലോയ്ഡിന് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ ഉണ്ട്. അതില്‍ വിറ്റാമിന്‍ സി, കെ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കൂടാതെ പച്ചക്കുരുമുളകില്‍ ധാരാളമായി ആന്റിഓക്സിഡന്റും ഉണ്ട്. ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉത്പാദനം കുറച്ച് ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
പഴങ്ങള്‍
ചെറികള്‍, ഞാവല്‍പ്പഴം, മാതളപ്പഴം എന്നിവയിലെല്ലാം വിറ്റാമിന്‍ സി, എ, ആന്റി ഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. വഴിയരികില്‍ മുറിച്ചുവെച്ച പഴങ്ങള്‍ വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം.
പാനീയങ്ങള്‍
സൂപ്പ്, മസാല ടീ, ഗ്രീന്‍ ടീ എന്നിവയെല്ലാം ഇടവിട്ട് കുടിക്കാം. ഇവ നിര്‍ജലീകരണം തടയുന്നതിനൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
പ്രോബയോട്ടിക്കുകള്‍
തൈര്, മോര്, ഉപ്പിലിട്ടവ എന്നിവ മഴക്കാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇവ കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു. ഇത് രോഗങ്ങള്‍ക്ക് കാരണമായ ബാക്ടീരിയകള്‍ക്കെതിരേ പോരാടാന്‍ സഹായിക്കുന്നു.
ഇഞ്ചിയും വെളുത്തുള്ളിയും
ജലദോഷം, പനി എന്നിവയ്ക്കെതിരേ പ്രവര്‍ത്തിക്കാന്‍ ഇഞ്ചിയും വെളുത്തുള്ളിയും സഹായിക്കുന്നു. വൈറസിനെതിരേ പ്രവര്‍ത്തിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ഇഞ്ചി ഇട്ട് തയ്യാറാക്കുന്ന ചായ തൊണ്ട വേദന ശമിപ്പിക്കും. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്ന മികച്ച ഭക്ഷ്യ ഉത്പന്നമാണ് വെളുത്തുള്ളി.
മഞ്ഞള്‍
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്കുമിന് എന്ന ഘടകത്തിന് ആന്റിഓക്സിഡന്റ്, ആന്റിമൈക്രോബിയല്‍ ഫലങ്ങളുണ്ട്. മഞ്ഞള്‍ അള്‍സര്‍പോലുള്ള വയറ്റിലെ പ്രശ്നങ്ങള്‍ തടയുകയും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പാലിലോ തേനിലോ ചൂട് വെള്ളത്തിലോ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കഴിക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..