ആരോഗ്യകരമായ കൃത്യമായ ഭക്ഷണശീലങ്ങളാണ് ആരോഗ്യമുള്ള എല്ലുകളുടെ പിന്നില്‍. ഇത് അമിതഭാരം കുറയ്ക്കാനും മറ്റ് ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാനും സഹായിക്കും. ഇന്ന് ലോക ഓസ്റ്റിയോപൊറോസിസ് ദിനമാണ്. എല്ലുകളുടെ കട്ടി കുറഞ്ഞ് അവ ഒടിയുകയോ സ്ഥാനഭ്രംശം വരികയോ ചെയ്യുന്ന അവസ്ഥയാണിത്. എന്നാല്‍ പോഷകങ്ങളടങ്ങിയ ഭക്ഷണം എല്ലുകളുടെ ആരോഗ്യത്തെ ദീര്‍ഘകാലം നിലനിര്‍ത്തും. വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുകയാണ് ഇതിനെ പ്രതിരോധിക്കാനായി വേണ്ടത്. പ്രത്യേകിച്ചും കാത്സ്യം, വിറ്റാമിന്‍ ഡി, മഗ്നീഷ്യം എന്നിവയടങ്ങിയ ഭക്ഷണസാധനങ്ങള്‍.
1. ചീര
പച്ചിലക്കറികളില്‍ ധാരാളം വിറ്റാമിനുകളും മിനറലുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട് ചീര,കാബേജ്, മുരിങ്ങയില... തുടങ്ങിയവയെല്ലാം മടിക്കാതെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. മാത്രമല്ല ചീരയില്‍ സാധാരണ ഇലക്കറികളേക്കാള്‍ കൂടുതല്‍ കാത്സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് ഇവ വളരെ ആവശ്യമാണ്.
2. മധുരനാരങ്ങ
സിട്രസ് പഴങ്ങളിലാണ് വിറ്റാമിന്‍ സി ധാരാളമുള്ളത്. എല്ലുകളുടെ ആരോഗ്യത്തിന് വളരെ അവശ്യം വേണ്ട വിറ്റാമിനാണ് ഇത്. കാരണം രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും കാത്സ്യം ആഗിരണം കൂട്ടാനും വിറ്റാമിന്‍ സി സഹായിക്കും.
3. മത്സ്യങ്ങള്‍
അയല വര്‍ഗത്തില്‍ പെട്ട മത്സ്യങ്ങള്‍, ചൂര, മത്തി തുടങ്ങിയ മീനുകളെല്ലാം ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ കലവറകളാണ്. വിറ്റാമിന്‍ ഡി, കാത്സ്യം ആഗിരണത്തെ സഹായിക്കുന്ന മിനറലുകള്‍ എന്നിവയെല്ലാം ഇവയിലുണ്ട്. തൈറോയിഡ് പ്രശ്‌നങ്ങള്‍ കുറക്കാനും ഇത്തരം മത്സ്യങ്ങള്‍ ശീലമാക്കുന്നത് നല്ലതാണ്.
4. മുട്ട
മുട്ട പോഷകാഹാരങ്ങളില്‍ മുന്‍പനാണ്. കാരണം ഇതിലെ ഹൈക്വാളിറ്റി പ്രോട്ടീന്‍ തന്നെ. മാത്രമല്ല വിറ്റാമിന്‍ ഡിയും മുട്ടയില്‍ ധാരാളമുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് മുട്ട ശീലമാക്കാം.
5. പാല്‍
സമ്പൂര്‍ണ ആഹാരം എന്ന നിലയിലാണ് പാല്‍ അറിയപ്പെടുന്നത്. കാത്സ്യം, വിറ്റാമിന്‍ ഡി, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിങ്ങനെ എല്ലുകളുടെ ആരോഗ്യത്തിന് വേണ്ടതെല്ലാം പാലിലുണ്ട്. പാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഓസ്റ്റിയോപൊറോസിസ് അകറ്റും. ലാക്ടോസ് ഇന്‍ടോളറന്‍സ് ഉള്ളവര്‍ക്ക് സസ്യങ്ങളില്‍ നിന്നുള്ള പാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഓട്ട് മില്‍ക്, ആല്‍മണ്ട് മില്‍ക്ക്, സോയ മില്‍ക്ക് തുടങ്ങിയവ വിപണിയില്‍ ലഭിക്കും.
Content Highlights: foods that will help you build and maintain strong bones