നമ്മുടെ ശരീരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥികളിലൊന്നാണ് തൈറോയിഡ്. തൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ട്രൈഅയഡോതൈറോനൈന്‍(T3), തൈറോക്‌സിന്‍(T4)  എന്നീ ഹോര്‍മോണുകള്‍ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നുള്ള അയഡിന്റെ സഹായത്തോടെയാണ് തൈറോയിഡ് ഗ്രന്ഥി പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അയഡിന്‍ അടങ്ങിയ ഭക്ഷണം ശീലമാക്കേണ്ടത് അത്യാവശ്യമാണ്. 

ലോകമെമ്പാടുമുള്ള ആളുകള്‍ക്കിടയില്‍ തൈറോയിഡ് രോഗം സാധാരണയായി കണ്ടുവരുന്നുണ്ട്. സ്ത്രീകളിലാണ് ഇത് കൂടുതലും കണ്ടുവരുന്നതെന്ന് ബ്രിട്ടീഷ് തൈറോയിഡ് ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും പുരുഷന്മാരിലും കൗമാരക്കാരിലും കുട്ടികളിലും വരെ തൈറോയിഡ് രോഗം കണ്ടെത്തുന്നുണ്ട്. തൈറോയിഡ് പ്രശ്‌നങ്ങളുണ്ടെങ്കില്‍ ആരോഗ്യവിദഗ്ധന്റെ നിര്‍ദേശങ്ങളോടെ കൃത്യമായി ചികിത്സ തേടേണ്ടതാണ്.

ചില ഭക്ഷണങ്ങള്‍ തൈറോയിഡ് രോഗത്തെ ഒരു പരിധിവരെ തടയാന്‍ സഹായിക്കും. അവ ഏതൊക്കെ എന്ന് നോക്കാം.

1. മുട്ട

അയഡിന്‍ ധാരാളമായടങ്ങിയ സ്രോതസ്സുകളിലൊന്നാണ് മുട്ട. തൈറോക്‌സിന്റെ ഉത്പാദനത്തിന് സഹായിക്കുന്നതില്‍ പ്രധാന ഘടകങ്ങളിലൊന്നാണ് മുട്ടയെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

2. നട്‌സ്

തൈറോയിഡ് രോഗമുള്ളവര്‍ക്ക് തങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് നട്‌സ്. നട്‌സിലടങ്ങിയിരിക്കുന്ന സെലേനിയം തൈറോയിഡ് രോഗങ്ങളെ ഒരു പരിധിവരെ ചെറുക്കാന്‍ സഹായിക്കും.

3. പരിപ്പ്

പ്രോട്ടീന്റെ കലവറയായ പരിപ്പും ധാന്യങ്ങളും തൈറോയിഡ് ഹോര്‍മോണുകള്‍ ശരീരത്തിലെ എല്ലാ കോശങ്ങളിലും എത്തിക്കാന്‍ സഹായിക്കുന്നു. ഇത് തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ഫലപ്രദമായി നടത്താന്‍ സഹായിക്കും. 

4. നെയ്യും വെണ്ണയും

ഹോര്‍മോണുകളുടെ ഉത്പാദനത്തെയും നിയന്ത്രണത്തെയും കൊഴുപ്പ് സ്വാധീനിക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. നെയ്യും വെണ്ണയും ആവശ്യത്തിന് കഴിക്കുന്നത് ഹോര്‍മോണ്‍ ഉത്പാദനത്തിലെ ഏറ്റക്കുറച്ചിലുകളെ നിയന്ത്രിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

Content highlights: foods for thyroid 7 foods that you may add to your diet