പ്രതീകാത്മക ചിത്രം (Photo: N.M. Pradeep)
ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ നമ്മുടെ നാട്ടിലും മറ്റൊരു തരംഗത്തിനുള്ള സാധ്യത ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് ശരീരത്തിന്റെ രോഗപ്രതിരോധശേഷിയേയും ഏറെക്കുറെ ബാധിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിന്റെ ഉന്മേഷം വീണ്ടെടുക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പരിചയപ്പെടാം.
ദിവസവും കഴിക്കാം പഴങ്ങള്‍
പലനിറങ്ങളിലുള്ള പഴങ്ങള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. പഴങ്ങളിലെ ആന്റിഓക്സിഡന്റുകള്‍ ബാക്ടീരിയ, വൈറസ് തുടങ്ങിയവയില്‍ നിന്നുള്ള അണുബാധകള്‍ തടയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പേരക്ക, ആപ്പിള്‍, വാഴപ്പഴം, സ്ട്രോബെറി, തണ്ണിമത്തന്, പൈനാപ്പിള്‍ തുടങ്ങിയവയെല്ലാം കഴിക്കാന്‍ ശ്രദ്ധിക്കാം.
വിഷാംശമില്ലാത്ത പച്ചക്കറികള്‍
ഇലക്കറികളും മറ്റ് പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. പച്ചക്കറികളിലെ വിറ്റാമിനുകളും ധാതുക്കളും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഉന്മേഷം പ്രധാനം ചെയ്യാനും സഹായിക്കുന്നു. കറികള്വെച്ചും സാലഡ് തയ്യാറാക്കിയും പച്ചക്കറികള്‍ കഴിക്കാം. ചീര, മുരിങ്ങ, കാബേജ്, ബ്രൊക്കോളി, തക്കാളി, വെണ്ടയ്ക്ക, ഉരുളക്കിഴങ്ങ് എന്നിവയെല്ലാം സ്ഥിരമായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.
ധാന്യങ്ങളും നട്സും
ആരോഗ്യപ്രദമായ കാര്‍ബോഹൈഡ്രേറ്റുകളുടെയും ഫൈബറിന്റെ ഉറവിടമാണ് ധാന്യങ്ങള്‍. ചോളം, ഓട്സ്, മില്ലറ്റ്, ഗോതമ്പ് തുടങ്ങിയവയെല്ലാം കഴിക്കുന്നത് ശീലമാക്കാം. ബദാം, പിസ്ത തുടങ്ങിയ നട്സും കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.
ആരോഗ്യപ്രദമാകട്ടെ സ്നാക്സുകള്‍
എണ്ണയില്‍ വറുത്തെടുത്ത, ഉപ്പിന്റെ അളവ് കൂടിയ സ്നാക്സുകള്‍ ഉപേക്ഷിക്കാം. കടകളില്‍ നിന്ന് പാക്ക്ഡായി ലഭിക്കുന്ന സ്നാക്സുകളില്‍ കൊഴുപ്പും പഞ്ചസാരയും ഉപ്പും കൂടുതലായിരിക്കും. പകരം നട്സ്, പഴങ്ങള്‍, വിത്തുകള്‍ തുടങ്ങിയവ സ്നാക്സായി തിരഞ്ഞെടുക്കാം.
ധാരാളം വെള്ളം കുടിക്കാം
പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസവും എട്ട് മുതല്‍ പത്ത് ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഇത് രക്തത്തിലേക്ക് ആവശ്യത്തിന് പോഷകങ്ങള്‍ എത്തിച്ചേരാനും ശരീരത്തിലെ വിഷപദാര്‍ഥങ്ങള്‍ പുറന്തള്ളാനും സഹായിക്കും. ഇതിനൊപ്പം മധുരം കൂടുതലായി അടങ്ങിയ കാര്‍ബൊണേറ്റഡ് ഡ്രിങ്ക്സ് കഴിവതും ഒഴിവാക്കാനും ശ്രദ്ധിക്കണം.
(ശ്രദ്ധിക്കുക: ആഹാരക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)
Content Highlights: foods can boost immune system and give refreshment, food, healthy food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..