രോഗ്യകരവും പോഷകങ്ങള്‍ അടങ്ങിയതുമായ ഭക്ഷണം കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇതിന് സഹായിക്കുന്നതാണ് പച്ചക്കറികള്‍. ഭാരം കുറയ്ക്കാന്‍ മാത്രമല്ല രോഗങ്ങളില്‍ നിന്നും അകറ്റാനും ഇത് സഹായിക്കുന്നു. ഇത്തരത്തില്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് പച്ചക്കറികളെക്കുറിച്ച് അറിയാം. 

സ്പിനാഷ്
അയേണ്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ഇലവര്‍ഗമാണ് സ്പിനാഷ്. കലോറി മൂല്യം വളരെ കുറവാണെന്നതാണ് ഇവയുടെ പ്രത്യേകത. ഇവ സാലഡ് രൂപത്തിലോ വേവിച്ചോ കഴിക്കാം. ഭാരം ക്രമീകരിക്കാന്‍ മാത്രമല്ല ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും ഇവയ്ക്ക് കഴിവുണ്ട്. 

ബ്രൊക്കോളി
കാബേജിന്റെയും കോളിഫ്‌ളവറിന്റെയും വിഭാഗത്തില്‍ പെടുന്നതാണിത്. പോഷകങ്ങളുടെ ഒരു കലവറയാണിത്. കാത്സ്യം, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, അയേണ്‍ എന്നിവ ധാരാളം ഇതില്‍ അടങ്ങിയിരിക്കുന്നു. കലോറി കുറവും കൂടിയ അളവില്‍ ഫൈബറും ഇതില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഭാരം കുറയ്ക്കാന്‍ ഫലപ്രദമായ പച്ചക്കറിയാണിത്. 

കാപ്‌സിക്കം
വിറ്റാമിന്‍ സി, ഡയറ്ററി ഫൈബര്‍, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി6, ഫോളേറ്റ് എന്നിവ കാപ്‌സിക്കത്തില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ ഫൈബറും വെള്ളവും ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ മെറ്റബോളിസം നിരക്ക് ഉയര്‍ത്തി ഭാരം കുറയുന്നതിനെ സഹായിക്കുന്നു. 

തക്കാളി
തക്കാളിയില്‍ ആന്റിഓക്‌സിഡന്റായ ലൈക്കോപീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കറിയില്‍ ഉപയോഗിക്കുന്നതുപോലെ സാലഡിലും തക്കാളി ഉപയോഗിക്കാം. ഇത് വളരെ രുചികരവും ആരോഗ്യകരവുമാണ്. 

മധുരക്കിഴങ്ങ്
ആരോഗ്യകരമായ ഒരു സ്‌നാക്ക്‌സ് ആണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മധുരക്കിഴങ്ങ് വളരെ നല്ലതാണ്. മധുരക്കിഴങ്ങ് പുഴുങ്ങി അതില്‍ അല്പം ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് കഴിക്കുന്നത് ഇടനേരത്ത് നല്ലതാണ്. മധുരക്കിഴങ്ങില്‍ ഫൈബര്‍, കോംപ്ലക്‌സ് കാര്‍ബ്‌സ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഷുഗര്‍ നില പതുക്കെയാണ് ഉയര്‍ത്തുക. ഇത് ചര്‍മത്തിനും വളരെ നല്ലതാണ്. ഉരുളക്കിഴങ്ങിന് പകരമായും ഇത് ഉപയോഗിക്കാം.

Content Highlights: Food, Five vegetables to include in the diet to lose weight