ചക്കയുണ്ണിയപ്പവും മുളകിട്ട വാട്ടുകപ്പയും പോത്തിറച്ചി കറിയും; മഴക്കാലത്തെ രുചിയോര്‍മകള്‍


ഷിനില മാത്തോട്ടത്തില്‍

കോരിച്ചൊരിഞ്ഞ് മണ്ണില്‍ ഉറവകള്‍ ഉണര്‍ത്തി ഇടവം ഭൂമിക്ക് മഴപ്പുതപ്പേകും. മഴത്തണുപ്പും വിശപ്പും ഇണപിരിയാത്ത ചങ്ങാതിമാരാകും. രസമുകുളങ്ങള്‍ രുചിക്കായി കൊതിക്കും. ഇടവപ്പെയ്ത്തിന് രുചികൂട്ടുന്ന വിഭവങ്ങളേറെ.

ചക്ക ഉണ്ണിയപ്പം (Photo: N.M. Pradeep)

മണ്‍സൂണ്‍ മേഘങ്ങള്‍ ഇടതടവില്ലാതെ പെയ്തു തിമിര്‍ക്കുന്ന മഴക്കാലം. മഴയുടെ താളത്തിനൊത്ത് രാഗംമീട്ടുന്ന പോക്കാച്ചിത്തവളകളും ചീവീടുകളും. മഴ ഗൃഹാതുരമായ ഒരു ഓര്‍മയാണ് മലയാളിക്കെന്നും. ഇടിവെട്ടിത്തിമിര്‍ക്കുന്ന തുലാവര്‍ഷം, പായാരം ചൊല്ലി ചിണുങ്ങുന്ന പഞ്ഞക്കര്‍ക്കടകം. ഇടവത്തിന് ചേലേറും. കോരിച്ചൊരിഞ്ഞ് മണ്ണില്‍ ഉറവകള്‍ ഉണര്‍ത്തി ഇടവം ഭൂമിക്ക് മഴപ്പുതപ്പേകും. മഴത്തണുപ്പും വിശപ്പും ഇണപിരിയാത്ത ചങ്ങാതിമാരാകും. രസമുകുളങ്ങള്‍ രുചിക്കായി കൊതിക്കും. ഇടവപ്പെയ്ത്തിന് രുചികൂട്ടുന്ന വിഭവങ്ങളേറെ. ചക്കയിലും കപ്പയിലും വിരിഞ്ഞ പഴയ നാട്ടുവിഭവങ്ങള്‍.. ചേരുവകള്‍ തിരിച്ചും മറച്ചും പയറ്റുമ്പോള്‍ പുത്തന്‍പേരുകളില്‍ പിറക്കുന്ന പുതുമയുള്ള രുചികള്‍. കൊതിച്ചിരിക്കുമ്പോള്‍ പരീക്ഷിക്കാവുന്ന ചില ഭക്ഷണക്കൂട്ടുകളും മഴയോര്‍മകളും പങ്കുവെക്കുകയാണ് ഇവര്‍ രണ്ടുപേര്‍...

ഓര്‍മയില്‍ നിറഞ്ഞ രുചി

സരോജിനിയമ്മ, കോഴിക്കോട്

വരിക്കച്ചക്ക കൊത്തിയരിഞ്ഞ് മാവില്‍ കുഴച്ചെടുത്ത് വെളിച്ചെണ്ണയില്‍ ചുട്ടെടുത്ത ചക്കയുണ്ണിയപ്പം. മഴക്കാലവിഭവങ്ങളോര്‍ക്കുമ്പോള്‍ സരോജിനിയമ്മയ്ക്ക് ആദ്യം പറയാനുള്ളത് ചക്കയുണ്ണിയപ്പത്തിന്റെ രുചിയാണ്. 'കുട്ടിക്കാലത്ത് വലിയ ദാരിദ്ര്യമായിരുന്നു. മണ്ണുതേച്ചുസൂക്ഷിച്ചുവെച്ച ചക്കക്കുരുവും മുതിരയും ചേര്‍ത്തുവേവിച്ച് അമ്മയുണ്ടാക്കുന്ന വിഭവത്തിന്റെ സ്വാദും ഒരുനിമിഷം അവരുടെ കണ്ണില്‍ മിന്നിമറഞ്ഞു. 'മുതിരയൊക്കെ അന്ന് ചെറിയ വിലയ്ക്ക് കിട്ടും. ചക്കയും പനംപൊടിയും തന്നെയാണ് പ്രധാനഭക്ഷണം. ഗോതമ്പൊക്കെ കിട്ടിത്തുടങ്ങിയകാലത്ത് അതെന്തുചെയ്യണമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഇന്നത്തെപ്പോലെ പൊടികളൊന്നും കിട്ടില്ല. കിട്ടുന്ന ഗോതമ്പ് ഇടിച്ച് പൊടിയാക്കി അമ്മ ഒരു പത്തിരിയുണ്ടാക്കിത്തരും. സ്‌കൂള്‍ വിട്ടു വന്നാല്‍ പത്തിരികിട്ടും. ഉരലില്‍ ഇടിക്കുന്നതിന്റെയോ വിഷമടിക്കാത്തതിന്റെയോ.. ആവോ അറിയില്ല. അതിന്റെ രുചി ഇപ്പോഴും നാവില്‍ വെള്ളമിറ്റിക്കും. സ്‌കൂള്‍വിട്ട് അത് തിന്നാന്‍ കൊതിയോടെ ഞാന്‍ ഓടിവരും. അമ്മയുണ്ടാക്കുന്ന ഉള്ളിസാമ്പാറിന്റെയും പപ്പടക്കൂട്ടാന്റെയും രുചി ഞാനുണ്ടാക്കിയ ഭക്ഷണത്തില്‍ നിന്ന് ഇതുവരെ കിട്ടിയിട്ടില്ല. മഴക്കാലമായാല്‍ ഞങ്ങളുടെ വീട്ടില്‍ വെള്ളംകയറുമായിരുന്നു. ചക്കക്കുരുവും പരിപ്പും വേവിക്കാന്‍ വെച്ച മണ്‍ചട്ടി അടുപ്പില്‍ വെള്ളം കയറിയപ്പോള്‍ അങ്ങനെത്തന്നെ ഒഴുകിനടന്നത് ഇപ്പോഴും ഓര്‍ക്കുന്നു. പഞ്ഞകാലത്ത് അധികം സാധനങ്ങളൊന്നും വാങ്ങാന്‍ കിട്ടില്ല. വീട്ടില്‍ കുറച്ചൊക്കെ പച്ചക്കറികൃഷിയുണ്ടാകും. വെള്ളംകയറിയാല്‍ അതു നശിക്കുകയും ചെയ്യും. കായ്ച്ചുനില്‍ക്കുന്ന മത്തന്‍വള്ളി വെള്ളത്തില്‍ ഒഴുകിപ്പോകുമ്പോള്‍ നീന്തിച്ചെന്ന് മത്തന്‍ പൊട്ടിച്ചെടുത്തുകൊണ്ടുവരുമായിരുന്നു. ഒരിത്തിരി പാലു കിട്ടണമെങ്കില്‍ നാട്ടിലെവിടെയെങ്കിലും ഒരു പശു പ്രസവിക്കണം.' കോഴിക്കോട് മീഞ്ചന്തയിലായിരുന്നു സരോജിനിയമ്മയുടെ കുട്ടിക്കാലം. അമ്മ സമ്മാനിച്ച രുചികളെ കൈമോശം വരുത്താതെ സരോജിനിയമ്മയും രുചിയുടെ വഴിയേ നടക്കുകയാണ്. കോഴിക്കോട് നഗരത്തിന്റെ പലഭാഗങ്ങളില്‍ അവരുടെ കാറ്ററിങ് സര്‍വീസ് ഭക്ഷണം എത്തിക്കുന്നു. സരോജിനിയമ്മ പങ്കുവച്ച ചില രുചിക്കൂട്ടുകള്‍:

ചക്കഉണ്ണിയപ്പം

പഴുത്ത വരിക്കച്ചക്കയാണ് വേണ്ടത്. ഒരു ഗ്ലാസ് അരിപ്പൊടിയിലേക്ക് പത്തു ചുളകളാണ് കണക്ക്. വൃത്തിയാക്കിയ ചുളകള്‍ മിക്‌സിയിലിട്ട് നന്നായി ഉടച്ചെടുക്കുക. അരിപ്പൊടിയുംകൂടെ ചേര്‍ത്ത് പാകത്തിന് ശര്‍ക്കരപ്പാവൊഴിച്ച് കുഴച്ചെടുക്കുക. ഓരോ നുള്ള് ചുക്കുപൊടിയും ജീരകപ്പൊടിയും ചേര്‍ക്കാം. നാളികേരമോ കൊപ്രയോ പൂണ്ടെടുത്ത് ചെറുങ്ങനെ മുറിച്ചെടുത്ത് നെയ്യില്‍ വറുക്കുക. അതും മാവിനൊപ്പം ചേര്‍ത്തുകുഴച്ച് അപ്പച്ചട്ടിയില്‍ ഒഴിച്ച് രസികന്‍ ചക്കഉണ്ണിയപ്പം ചുട്ടെടുക്കാം.

പപ്പടക്കൂട്ടാന്‍

ചട്‌നി പോലൊരു വിഭവമാണിത്. ആദ്യം ചുവന്ന എട്ട് വറ്റല്‍മുളക് വെളിച്ചെണ്ണയില്‍ വറുത്തെടുക്കും. അരമുറി വലിയ തേങ്ങ (ചെറുതാണെങ്കില്‍ ഒന്നുമുഴുവന്‍) ചിരവിയെടുക്കാം. രണ്ടു ചെറിയുള്ളിയും തേങ്ങയും വറുത്ത മുളകുംകൂടെ ചേര്‍ത്തരയ്ക്കുക. നാലോ അഞ്ചോ പപ്പടം കാച്ചി മാറ്റിവെക്കാം. ഒരു ചട്ടിയില്‍ കടുകും മുളകും കറിവേപ്പിലയും ഒക്കെ വറവിട്ട് അരപ്പ് കലക്കി ഇതിലേക്ക് ഒഴിക്കുക. പാകത്തിന് ഉപ്പുചേര്‍ക്കുക (പപ്പടത്തിന് കുറച്ച് ഉപ്പുള്ളതുകൊണ്ട് ഉപ്പ് കൂടിപ്പോവരുത്). അരപ്പ് തിളയ്ക്കുമ്പോ മൂന്നോ നാലോ കോഴിമുട്ട നടുവെ കീറി കറിയിലിടുക. കോഴിമുട്ട ഇട്ടിട്ട് ഒന്നുതിളച്ചശേഷം പപ്പടം പൊടിച്ച് കറിക്കുമുകളില്‍ ഇടുക. പപ്പടമിട്ടാല്‍ പിന്നെ തിളയ്ക്കാന്‍ നിക്കരുത്. അതിനുമുമ്പേ വാങ്ങിവെക്കണം.

കൂവ വിരകിയത്

വാങ്ങിയ കൂവപ്പൊടിയാണെങ്കില്‍ ഉപയോഗിക്കുന്നതിനു തലേദിവസംതന്നെ വെള്ളത്തിലിട്ടുവെച്ച് അരിച്ചെടുക്കണം. വീട്ടിലുണ്ടാക്കുന്ന പൊടിയാണെങ്കില്‍ കലക്കി അടുപ്പത്ത് വെച്ചാല്‍ മതി. ഒരു ഗ്ലാസ് കൂവപ്പൊടി മൂന്നു ഗ്ലാസ് വെള്ളത്തില്‍ കലക്കിയെടുക്കാം. നാലോ അഞ്ചോ ശര്‍ക്കരയെടുത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ ഉരുക്കിയെടുത്ത് ശര്‍ക്കരപ്പാവുണ്ടാക്കി അരിച്ചെടുക്കണം. കലക്കിയ കൂവപ്പൊടിയിലേക്ക് ഇതൊഴിക്കാം. (അടുപ്പത്ത് വെച്ച് ചേര്‍ത്താല്‍ കട്ടപിടിക്കും) അരക്കപ്പ് തേങ്ങ ചിരകിയത്, നേന്ത്രപ്പഴം ചെറുതായി അരിഞ്ഞെടുത്തത്, കുറച്ച് ഏലക്കായ പൊടിച്ചത് എന്നിവ കൂടി ചേര്‍ത്തിളക്കി അടുപ്പത്ത് വെക്കാം. ഇളക്കി വേവിച്ചെടുക്കാം. പൊടിയുടെ സ്വഭാവമനുസരിച്ച് വെള്ളം അധികമൊക്കെ ചേര്‍ക്കേണ്ടിവരും. ( അണ്ടിപ്പരിപ്പും മുന്തിരിയും വേണമെങ്കില്‍ ചേര്‍ക്കാം). രാവിലെയും വൈകുന്നേരവുമൊക്കെ കഴിക്കാം. വാഴയിലയില്‍ വിളമ്പിവെച്ച് ചൂടാറിയശേഷം കഴിക്കാം.
(കലക്കിവെച്ച കൂവപ്പൊടിയുടെ മേലെ തെളിഞ്ഞ വെള്ളം വന്നാല്‍ അത് ശുദ്ധമായിരിക്കും. പൊടി അടിയില്‍ പാറപോലെ കിടക്കുകയും ചെയ്യും. പൊടി അടിയില്‍ കട്ടിയില്ലാതെ കിടക്കുകയും വെള്ളത്തിന് തെളിച്ചമില്ലെങ്കിലും മായമുണ്ടെന്നു മനസ്സിലാക്കാം. അത് വെള്ളമൊഴിച്ച് തെളിയിച്ചെടുക്കാം)

ചക്കവട

പഴുത്ത വരിക്കച്ചക്കയുടെ ചുളയാണ് വേണ്ടത്. ഒരു കപ്പു മൈദപ്പൊടിയില്‍ ഓരോ ടേബിള്‍ സ്പൂണ്‍ വീതം അരിപ്പൊടിയും കടലപ്പൊടിയും ചേര്‍ക്കുക. ആവശ്യത്തിന് പഞ്ചസാരയും ഒരു നുള്ള് ഉപ്പും. പൊടിക്കൂട്ടിലേക്ക് മുക്കാല്‍ കപ്പ് വെള്ളം ചേര്‍ത്തു കുഴച്ചെടുത്ത് മാവ് തയ്യാറാക്കാം. കുരുവും ചവിണിയും കളഞ്ഞ വരിക്കച്ചക്കയുടെ ചുള മാവില്‍ മുക്കിയെടുത്ത് (ചെറിയ ചുളയാണെങ്കില്‍ അങ്ങനെതന്നെയിടാം. വലുതാണെങ്കില്‍ നെടുകെ കീറാം) പൊരിച്ചെടുക്കാം.

സരോജിനി അമ്മയും ബീനാ തോമസും

അന്നത്തെ ഉപ്പേരിക്കപ്പക്കാലം

ബീനാ തോമസ്, തലയാട്

'മഴക്കാലത്ത് മരത്തിന്റെ തടിമുതല്‍ കായ്ച്ച് ചുമന്ന് തുടുത്ത് മൂട്ടിപ്പഴം പഴുത്തുനില്‍ക്കും. മഴമാറുന്ന നേരംനോക്കി ഞങ്ങളൊക്കെ പറമ്പിലേക്കിറങ്ങും. ചെറുപുളിപ്പുള്ള മൂട്ടിപ്പഴം പറിച്ചുതിന്നും. പഴം തിന്നുകഴിഞ്ഞാല്‍ അതിന്റെ ചുവന്ന തൊണ്ടുംകൂടെ തിന്നുന്നത് ഞങ്ങള്‍ക്കൊരു ഹരമാണ്. കുട്ടിക്കാലത്തെ മഴക്കാലമോര്‍ക്കുമ്പോള്‍ പറമ്പിലൂടെ നടന്നാല്‍ കിട്ടുന്ന പഴങ്ങള്‍ തന്നെയാണ് ആദ്യം മനസ്സിലെത്തുക. ആഞ്ഞിലിപ്ലാവിന്റെ ഉച്ചിയില്‍ നിന്ന് പഴുത്തുചാടി നിലംതൊടുമ്പോഴേക്കും ചിതറിപ്പോകുന്ന മധുരമൂറുന്ന ആഞ്ഞിലിച്ചക്ക. നോക്കിനോക്കി നടന്നാലേ നല്ല ചുളകള്‍ പെറുക്കിയെടുക്കാന്‍ കിട്ടൂ. വള്ളികളില്‍ കായ്ക്കുന്ന മഞ്ഞ നിറത്തിലുള്ള കൊരണ്ടിപ്പഴത്തിന് പഴുത്താല്‍ മധുരമാണ്. ചുവപ്പുനിറവും. പേരയ്ക്കയും കാവളക്കായുമെല്ലാം പറമ്പിലുണ്ടാവും. അന്നൊക്കെ ഞങ്ങള്‍ക്ക് ഇഷ്ടംപോലെ കപ്പയുണ്ടായിരുന്നു. വേനലില്‍ ഉണക്കിവെക്കുന്ന പനംപൊടിയും ഈന്തും കപ്പയും ചക്കക്കുരുവും ഇറച്ചിയുമൊക്കെത്തന്നെയാണ് മഴക്കാലത്തെ പ്രധാനഭക്ഷണം. പനംപൊടി ഉപ്പിട്ട് കുറുക്കിവേവിച്ച് മുളകുപൊട്ടിച്ചതും കൂട്ടി കഴിക്കും. ഈന്ത് ഉരലിലിട്ട് ഇടിച്ച് പൊടിയാക്കി പിടിയും പുട്ടുമൊക്കെ ഉണ്ടാക്കും. നല്ല കറികളുണ്ടെങ്കില്‍ മറ്റൊന്നും വേണ്ടിവരില്ല. മണ്ണിട്ടുസൂക്ഷിച്ചുവെച്ച ചക്കക്കുരുവാണ് മറ്റൊന്ന്. ചക്കക്കുരു ഓട്ടുപാത്രത്തിലിട്ട് വറുത്തെടുത്ത് ഉരലിലിട്ട് പൊടിച്ച് തേങ്ങയും ശര്‍ക്കരയും ചേര്‍ത്ത് ഉരുട്ടിയെടുത്ത് കഴിക്കും. വേനലില്‍ പച്ചക്കപ്പ നേര്‍മയില്‍ അരിഞ്ഞ് തിളച്ച വെള്ളത്തിലിട്ട് പാറയില്‍ ഇട്ടുണക്കി സൂക്ഷിച്ചുവെക്കും. മഴക്കാലമാവുമ്പോള്‍ ഈ കപ്പ ഉരലിലിട്ട് ഇടിക്കും. തേങ്ങയും ശര്‍ക്കരയുമിട്ട് ഉപ്പേരിക്കപ്പയുണ്ടാക്കും. ചായക്കൊപ്പം കഴിക്കാന്‍ നല്ലതാണ്. സൂക്ഷിച്ചുവെച്ച കശുവണ്ടിയാണ് മറ്റൊന്ന്. കശുവണ്ടി ഓട്ടുചട്ടിയിലിട്ട് വറുത്തെടുത്ത് ചിരട്ടയില്‍വെച്ച് കല്ലുകൊണ്ട് പൊട്ടിച്ച് തിന്നും. അവിലുകപ്പ, ഉണക്കച്ചക്കകൊണ്ടുള്ള വിഭവങ്ങള്‍ എന്നിങ്ങനെ നീളുന്നു മഴക്കാലത്തെ ഓര്‍മകള്‍. അന്നൊക്കെ മഴക്കാലത്ത് ആളുകള്‍ ഇതൊക്കെയാ തിന്നിരുന്നത്.' കോഴിക്കോട്ടെ മലയോരമേഖലയായ കരിയാത്തുംപാറയിലാണ് വീട്ടമ്മയായ ബീന തോമസ് ജനിച്ചുവളര്‍ന്നത്.

ബീഫ് കറി

നാടന്‍ വാട്ടുകപ്പയും പോത്തിറച്ചിക്കറിയും

ഉണക്കക്കപ്പ വാങ്ങി തലേദിവസം തന്നെ വെള്ളത്തിലിട്ടുവെക്കണം. പിന്നെ രണ്ടോ മൂന്നോ വെള്ളത്തില്‍ നന്നായി കഴുകിയെടുക്കണം. വലിയ കഷ്ണങ്ങളാണെങ്കില്‍ മുറിച്ചിട്ടുകൊടുക്കാം. നാലാള്‍ക്കു കഴിക്കാന്‍ അരക്കിലോ കപ്പയാണ് വേണ്ടത്. കഴുകിയെടുത്ത കപ്പ കുക്കറിലിട്ട് ആവശ്യത്തിനു വെള്ളവും ഉപ്പും ചേര്‍ത്തശേഷം അടുപ്പത്തുവെക്കുക. മൂന്നു വിസില്‍ ആണ് വേണ്ടത്. കപ്പയുടെ സ്വഭാവമൊത്ത് വേവ് അങ്ങോട്ടുമിങ്ങോട്ടും മാറും. പിന്നെ അരപ്പ് തയ്യാറാക്കാം. തേങ്ങ -അരക്കപ്പ്, ചെറിയുള്ളി-3, മഞ്ഞള്‍ ഒരു നുള്ള്, പച്ചമുളക്-4. ആദ്യം മുളകും ഉള്ളിയും കൂടി മിക്‌സിയിലിട്ട് അരച്ച് അതിലേക്ക ് തേങ്ങയും മഞ്ഞളുമിട്ട് ഒതുക്കിയെടുക്കുക. വെന്ത കപ്പ വെള്ളംകളഞ്ഞ് ഊറ്റി അതിലേക്ക് അരപ്പിട്ട് നന്നായി ഇളക്കുക. അടുപ്പത്ത് വെച്ച് കുറച്ചുനേരം ചൂടാക്കുക. കപ്പ റെഡി.

പോത്തിറച്ചിക്കറി- ചെറുതായി മുറിച്ചെടുത്ത ഒരു കിലോ പോത്തിറച്ചി മൂന്നോ നാലോ വെള്ളത്തില്‍ കഴുകി വൃത്തിയാക്കിയെടുക്കുക. ഇറച്ചി കുക്കറിലിട്ടശേഷം ഒരു ടീസ്പൂണ്‍ മുളകുപൊടി, രണ്ട് ടീസ്പൂണ്‍ കശ്മീരി മുളകുപൊടി, രണ്ട് ടീസ്പൂണ്‍ ഇറച്ചിമസാല, രണ്ട് ടീസ്പൂണ്‍ മല്ലിപ്പൊടി, കാല്‍ ടീസ്പൂണ്‍ വീതം മഞ്ഞള്‍ പൊടി, ഖരംമസാല, പെരുംജീരകം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് കുഴച്ചെടുത്ത് അരമണിക്കൂര്‍ മാറ്റിവെക്കാം. ശേഷം ഇതിലേക്ക് ഒന്നര ഗ്ലാസ് വെള്ളമൊഴിക്കാം. രണ്ട് സവാള, ഒരു കഷ്ണം ഇഞ്ചി, ആറ് അല്ലി വെളുത്തുള്ളി, അരിഞ്ഞെടുത്ത് കുക്കറിലേക്കിടാം. ആവശ്യത്തിന് കറിവേപ്പിലയും. ശേഷം അടച്ചുവെച്ച് വേവിക്കാം. അഞ്ചു വിസില്‍ മുതല്‍ ഏഴു വിസില്‍ വരെയാണ് ഇറച്ചി വേവാന്‍ വേണ്ടത് (മൂപ്പനുസരിച്ച്). വെന്തശേഷം ചെറിയുള്ളി, കടുക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വറവിടാം.


(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌)

Content Highlights: the flavors of monsoons, food during monsoon, food

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented