തിരഞ്ഞെടുപ്പ് കാലവും ചൂട് കാലവും ഒന്നിച്ചാണ്. ഈ സമയത്തു പ്രചാരണത്തിന് പോകുന്നവര്‍ ഭക്ഷണത്തില്‍ ഏറെ ശ്രദ്ധിക്കേണ്ട സമയമാണ്. മോശമായ ഭക്ഷണ ശീലങ്ങളും സമയം തെറ്റിയുള്ള ആഹാരക്രമവും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാം. കൊറോണക്കാലമായതിനാല്‍ പ്രതിരോധശക്തി നല്‍കുന്ന ഭക്ഷണം ധാരാളം കഴിക്കണം. ഇപ്പോഴത്തെ കാലാവസ്ഥയില്‍ ഏറ്റവും വലിയ പ്രശ്‌നം ചൂടാണ്. പ്രധാനമായും നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ എല്ലാം ജലാംശം കൂടുതല്‍ ഉണ്ടാവണം. പഴങ്ങള്‍, പഴച്ചാറുകള്‍ എന്നിവ കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഈ സമയത്ത് നിര്‍ജ്ജലീകരണം മാത്രമല്ല ആവശ്യമുള്ള ലവണങ്ങളുടെ അഭാവവും അനുഭവപ്പെടാം. ഇതെല്ലാം ഒഴിവാക്കാന്‍ നിരവധിക്കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.

പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം മുടക്കാതിരിക്കാം. പലര്‍ക്കും പ്രഭാത ഭക്ഷണം മാത്രമാകും ശരിയായി കഴിക്കാന്‍ സാധിക്കുക. അതുകൊണ്ട് തന്നെ ഇത് പോഷക സമൃദ്ധമാക്കാം. പാല്‍, മുട്ട, മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ ഈ സമയത്ത് കഴിക്കാം. സാധാരണ ഭക്ഷണങ്ങളായ ഇഡ്ഡലി, പുട്ട്, ദോശ എന്നിവയും ചട്ണി, കടലക്കറി, പഴം ഇവയൊക്കെ തന്നെയാണ് യോജിച്ചത്. ഓരോരുത്തരും തങ്ങള്‍ സാധാരണ ശീലിച്ച പ്രഭാത ഭക്ഷണം തന്നെ കഴിക്കുന്നതാണ് നല്ലത്. എന്നാല്‍ ഈ സമയത്ത് എണ്ണ അധികമുള്ള ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കാം. ചൂട് കാലമായതിനാല്‍ ക്ഷീണം വര്‍ധിക്കാനും ശരീരതാപനില കൂടാനും ഇത് കാരണമാകും. ചുടുവെയിലില്‍ പ്രചരണങ്ങള്‍ക്കായി നടക്കുമ്പോള്‍ ഇത്തരം ഭക്ഷണശീലങ്ങള്‍ ശരീരത്തെ മോശമായി ബാധിക്കും.

മാംസാഹാരം കൂടുതല്‍ കഴിക്കുന്ന ശീലമുണ്ടെങ്കില്‍ കുറക്കുന്നതാണ് നല്ലത്. പച്ചക്കറികളും പഴങ്ങളും പകരമായി കഴിക്കാം. ഇവയില്‍ ജലാംശത്തിന്റെ അളവ് കൂടുതലായതിനാല്‍ ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കും. പ്രോട്ടീന്‍ കൂടുതലുള്ള മാംസാഹാരം കൂടുതല്‍ കഴിച്ചാല്‍ ദഹനത്തിന്റെ ഭാഗമായി വീണ്ടും ശരീരം ചൂടാകും. 

സമയത്തിന് ഭക്ഷണം കഴിക്കാന്‍ പറ്റിയില്ലെങ്കില്‍ ഇവ സ്വീകരിക്കാം

സമയം തെറ്റി ഭക്ഷണം കഴിക്കുമ്പോള്‍ വാരിവലിച്ചു കഴിക്കുന്ന ശീലം നല്ലതല്ല. ഇടയ്ക്കിടെ കഴിക്കുന്ന പഴങ്ങളും പഴച്ചാറുകളും മറ്റും ഒറ്റ സമയത്ത് ധാരാളം ഭക്ഷണം കഴിക്കുന്നത് തടയാന്‍ സഹായിക്കും. അത്തരം ഭക്ഷണങ്ങള്‍ കൈയില്‍ കരുതുകയും വേണം. മാമ്പഴം, ആപ്പിള്‍, മുന്തിരി, തണ്ണിമത്തന്‍ പോളുള്ള പഴങ്ങളില്‍ ധാരാശം ജലാംശമുണ്ട്. ഒപ്പം ആരോഗ്യത്തിനാവശ്യമായ വിറ്റാമിനുകളും. മാത്രമല്ല അസിഡിറ്റി, ഗ്രാസ്ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും ഇടനേരത്തെ ഭക്ഷണം സഹായിക്കും. ഒറ്റനേരം ഒരുപാട് ഭക്ഷണം കഴിക്കുന്നത് ചൂടുകാലത്ത് ശരീരത്തിന് കൂടുതല്‍ ദോഷം ചെയ്യും. ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും എന്നതു മാത്രമല്ല, ശരീരത്തിലെ ഊര്‍ജ്ജവും ജലാംശവും കുറയാനും ഇത് കാരണമാകും. 

പുറത്തു നിന്നു ഭക്ഷണം കഴിക്കുമ്പോള്‍

കൊറോണ പകര്‍ച്ച വ്യാധിക്കൊപ്പം ഇപ്പോള്‍ വേനല്‍ക്കാലം കൂടിയാണ്. ചെങ്കണ്ണ്, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ പടരുന്ന സമയമാണ് ഇത്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നവര്‍ക്ക് വയറിളക്ക രോഗങ്ങള്‍ വരാം. പഴകിയ ഭക്ഷണവും ശരിയായി തിളപ്പിക്കാത്ത വെള്ളവും ഇതിന് പ്രധാന കാരണമാണ്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ശരിയായി വേവിച്ച ആഹാരം മാത്രം കഴിക്കുക. സാലഡ് പോലുള്ളവ വീട്ടില്‍ തയ്യാറാക്കി കഴിക്കുന്നതാണ് നല്ലത്. മാത്രമല്ല മാംസ ഭക്ഷണവും ഒഴിവാക്കാം. 

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. എരിവ് അധികമുള്ള ഭക്ഷണം ചൂട് കാലത്ത് നല്ലതല്ല. ഇത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. പിസ, ബര്‍ഗര്‍ പോലുള്ള ജങ്ക് ഫുഡുകള്‍ ഒഴിവാക്കണം. 

വെള്ളം കുടിക്കുമ്പോള്‍ 

തിളപ്പിച്ചാറിച്ച വെള്ളം യാത്രയില്‍ കൈയില്‍ കരുതാം. ശരീരത്തെ തണുപ്പിക്കുന്ന പാനീയങ്ങള്‍ കൂടുതല്‍ കുടിക്കുക. പെപ്‌സി, കൊക്കകോള പോലുള്ളവ ഒഴിവാക്കണം. പകരം ഇളനീര്‍, ജ്യൂസുകള്‍, ഉപ്പിട്ട നാരങ്ങാ വെള്ളം എന്നിവയാണ് ഉത്തമം. ഐസ്‌ക്രീം കൂള്‍ഡ്രിങ്ക്‌സ് എന്നിവ ദാഹത്തിന് താല്‍ക്കാലിക ശമനം തരുമെങ്കിലും അവ ആരോഗ്യത്തിന് നല്ലതല്ല. മറ്റ് പല രോഗങ്ങളിലേക്കും വഴിവയ്ക്കാം.

ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കാം. സാധാരണ കുടിക്കുന്നതിനേക്കാള്‍ ഇരട്ടി വെള്ളം ദിവസവും കുടിക്കുകയാണ് വേണ്ടത്.  

എന്തെങ്കിലും രോഗങ്ങള്‍ ഉള്ളവര്‍ പ്രചാരണത്തിന് ഇറങ്ങുമ്പോള്‍

കൊറോണക്കാലമായതിനാല്‍ മാസ്‌ക്, കൈകഴുകല്‍, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കല്‍ ഇവ മറക്കേണ്ട. ഇതിനെല്ലാമൊപ്പം മറ്റ് എന്തെങ്കിലും രോഗണുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അവരുടെ മരുന്നുകളും ഭക്ഷണവും കൃത്യമായി കഴിക്കണം. പ്രമേഹരോഗമുള്ളവര്‍ക്ക് ചിലപ്പോള്‍ പെട്ടന്ന് ഷുഗര്‍ നില താഴുന്ന അവസ്ഥ വരാറുണ്ട് ഈ സമയത്ത് കഴിക്കാന്‍ കൈയില്‍ മിഠായിയോ പഞ്ചസാരയോ കരുതാം. ആരോഗ്യം അറിഞ്ഞ് മാത്രം ഭക്ഷണം കഴിക്കുക. ദിവസവും ചെയ്യുന്ന വ്യായാമങ്ങള്‍ മുടക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.

കടപ്പാട്- രഹന രാജന്‍
സീനിയര്‍ ക്ലിനിക്കല്‍ ഡയറ്റീഷന്‍
ആസ്റ്റര്‍ മെഡ്‌സിറ്റി
കൊച്ചി

Content Highlights: food and diet for election candidates