ദോശയെ പോലെ വൈവിധ്യമുള്ള മറ്റൊരു ഭക്ഷണമുണ്ടാവില്ല ലോകത്ത്. അത്രയ്ക്കുണ്ട് ഈ തെന്നിന്ത്യന്‍ വിഭവത്തിന്റെ വകഭേദങ്ങള്‍. ഇപ്പോഴിതാ ഈ ശ്രേണിയിലേയ്ക്ക് ഒരു സൂപ്പര്‍ഹിറ്റ് ഐറ്റം കൂടി. പറക്കും ദോശ.

മുംബൈയിലെ മംഗള്‍ദാസ് മാര്‍ക്കറ്റിലെ തെരുവോരത്തെ ഒരു ദോശ കടക്കാരനാണ് ഇതിന്റെ ഉപജ്ഞാതാവ്. സംഗതി നമ്മുടെ സാദാ മസാല ദോശ തന്നെ. ചുടുന്നതും സാധാരണ പോലെ തന്നെ. എന്നാല്‍ അതിന്റെ വ്യത്യാസം ചുടുന്ന ആള്‍ അത് കൈമാറുന്ന രീതിയിലാണ്. ദോശ ചുട്ട് അതില്‍ പനീറും മസാലയുമെല്ലാം ചേര്‍ത്ത് മടക്കി മുറിച്ചശേഷമാണ് ഐറ്റം നമ്പര്‍. രണ്ട് കഷ്ണമാക്കി അടുത്ത് പ്ലേറ്റുമായി നില്‍ക്കുന്ന ആളെ ലാക്കാക്കി ഒന്ന് നോക്കുക പോലും ചെയ്യാതെ ഒരൊറ്റ ഏറാണ്. അതും അടുത്ത ദോശ ചുടാനുള്ള ഒരുക്കം നടത്തുന്നതിനിടെ തീര്‍ത്തും അനായാസമായി തന്നെ. ഒരു ക്രിക്കറ്റ് ഫീല്‍ഡറുടെ ശ്രദ്ധയോടെ സഹായി അത് പ്ലേറ്റില്‍ പിടിച്ചെടുത്താണ് ആള്‍ക്കാര്‍ക്ക് കൊടുക്കുന്നത്.

സ്ട്രീറ്റ് ഫുഡ് റെസിപ്പി എന്ന ഫെയസ്ബുക്ക് പേജില്‍ സെര്‍വിങ് ദോശ ലൈക്ക് എ ബോസ് എന്ന തലക്കെട്ടോടെ ഈ  വീഡിയോ ഇടംപിടിച്ചതോടെ പറക്കും ദോശ വന്‍ ഹിറ്റായി. ഫെബ്രുവരി പന്ത്രണ്ടിന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ 80 മില്ല്യണിലേറെ പേര്‍ കണ്ടുകഴിഞ്ഞു. 1.3 മില്ല്യണ്‍ ലൈക്കും ലഭിച്ചു. വീഡിയോയ്ക്ക് താഴെ ദോശപ്രേമികളുടെ വന്‍ വാഗ്വാദവും നടക്കുന്നുണ്ട്. സകലരും ഒരേ സ്വരത്തില്‍ ദോശ ഉണ്ടാക്കുന്ന ആളെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്.

Content Highlights: Flying Dosa Of Mumbai Becomes Viral Street Food